തിരുവനന്തപുരം: ഭദ്രന്റെ ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷെപ്പോലെ സ്വന്തം മകനെ തള്ളിപ്പറഞ്ഞ പിതാവായ എ.കെ.ആന്‍റണിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. മകനെ ഒന്നുമല്ലാതാക്കിക്കളഞ്ഞ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ നിന്നും വളരാനുള്ള സാധ്യത തേടിയാണ് മകന്‍ ബിജെപിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യാതൊരു ഭാവിയുമില്ലാതെ ഉള്ളില്‍ നിന്നേ തകരുകയാണ് കോണ്‍ഗ്രസ്. കുറെ സ്തുതിപാഠകര്‍ക്ക് മാത്രമാണ് അവിടെ സ്ഥാനം.
അങ്ങിനെയുള്ള പാര്‍ട്ടിയില്‍ നിന്നും രക്ഷപ്പെട്ട് ബിജെപിയില്‍ എത്തിയ അനില്‍ ആന്‍റണിക്ക് മോദി നല്‍കിയ അനുഗ്രഹമായിരുന്നു പത്തനം തിട്ട ലോക്സഭാ സീറ്റ്. കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ അവര്‍ കണ്ടില്ലെന്ന് നടിച്ച അനില്‍ ആന്‍റണിക്ക് വളര്‍ച്ചയുടെ പടവുകള്‍ കാണിച്ചുകൊടുക്കുകയായിരുന്നു മോദി. ആ മകനെ തെരഞ്ഞെടുപ്പ് പോരാട്ടം കത്തിനില്‍ക്കുന്ന സമയത്ത് തള്ളിപ്പറയുകയായിരുന്നു എ.കെ. ആന്റണി.
ഭദ്രന്റെ സിനിമയില്‍ ഗണിതശാസ്ത്രത്തിൽ രാഷ്‌ട്രപതിയുടെ മെഡൽ ജേതാവായ ആളാണ് വിരമിച്ച സ്കൂൾ ഹെഡ്മാസ്റ്ററായ കടുവ ചാക്കോ എന്ന സി.പി.ചാക്കോ. തിലകനാണ് ഈ കഥാപാത്രം ചെയ്തത്. എ.കെ. ആന്‍റണിയും അതുപോലെ രാഷ്‌ട്രീയത്തില്‍ ആദര്‍ശനം കൊണ്ട് ഉയരങ്ങളിലെത്തിയ നേതാവാണ്. മകന്‍ അനില്‍ ആന്‍റണി പക്ഷെ ആടുതോമയെപ്പോലെ പഠിക്കാതെ വഴിതെറ്റി, ഗുണ്ടായിസവും സദാചാരധ്വംസനവുമായി നടക്കുന്ന ആള്‍ അല്ല. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളെജില്‍ (സിഇടി) നിന്നും ബിടെക് പാസായ ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ആളാണ്.
കോണ്‍ഗ്രസിലെ രാഹുല്‍ ഗാന്ധിയ്‌ക്ക് ചുറ്റുമുള്ള ലോബി സമൂഹമാധ്യമം നല്ലതുപോലെ കൈകാര്യം ചെയ്യാനറിയുന്ന അനില്‍ ആന്‍റണിയുടെ കഴിവുകളെ തഴയുകയായിരുന്നു. തന്നെ അംഗീകരിക്കാത്ത പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോവുക മാത്രമാണ് അനില്‍ ആന്‍റണി ചെയ്ത കുറ്റം. മാന്യനായ ചാക്കോയുടെ പ്രശസ്തിക്ക് കളങ്കമായിരുന്നു ഗുണ്ടാനേതാവായ ആടു തോമ, പക്ഷെ ഇവിടെ ബിജെപിയില്‍ ചേര്‍ന്നു എന്നല്ലാതെ ആന്‍റണിയുടെ പേര് കളങ്കപ്പെടുത്തുന്ന ഒരു പണിയും അനില്‍ ആന്‍റണി ചെയ്തിട്ടില്ല. ഇവിടെ മകനെ തള്ളിപ്പറയാതെ ആന്‍റണിക്ക് മൗനം പാലിക്കാമായിരുന്നു വേണ്ടതെന്ന അഭിപ്രായമാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: