സാമ്പത്തിക ഭദ്രതയാണ് രാജ്യത്ത് ഏതൊരു പൗരന്റെയും സ്വപ്നം. പുതിയ ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുന്നതിനും നിലവിലുള്ള സംരംഭം കുറച്ചു കൂടി വിപുലീകരിക്കുന്നതിനും പണം ആവശ്യമായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കിൽ നിന്നും വായ്‌പയെടുക്കുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാൽ ഇതിന് വലിയ തോതിലുള്ള പലിശ നൽകേണ്ടതായി വരും. എന്നാൽ രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ ചില പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചെറിയ പലിശയിലോ അല്ലെങ്കിൽ പലിശ രഹിതമായോ വായ്‌പ ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ ലഭ്യമാകുന്ന പ്രധാന പദ്ധതികൾ ഏതെല്ലാമെന്ന് നോക്കാം…
ലാഖ്പതി ദീദി യോജന
സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണിത്. നൈപുണ്യ പരിശീലനം നൽകി സ്വയം തൊഴിലിന് പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. പ്ലംബിംഗ്, എൽഇജി ബൾബിന്റെ നിർമ്മാണം, ഡ്രോണുകൾ പ്രവർത്തിപ്പിക്കുക, അറ്റകുറ്റപ്പണികൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലാകും പരിശീലനം ലഭിക്കുക.
സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളിലൂടെയാകും പദ്ധതി ലഭ്യമാകുക. പദ്ധതി പ്രകാരം സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി സ്ത്രീകൾക്ക് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ സാമ്പത്തിക സഹായം ലഭിക്കും. പലിശ രഹിതമായാണ് വായ്‌പ ലഭിക്കുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ അധികമാകരുത്. 18-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ലഭിക്കും.
സ്വാനിധി യോജന
വഴിയോര കച്ചവടക്കാർക്കായി കേന്ദ്രസർക്കാർ ആവിശ്കരിച്ച പദ്ധതിയാണിത്. പ്രധാനമന്ത്രി സ്വാനിധി യോജനയ്‌ക്ക് കീഴിൽ പലിശ രഹിത വായ്‌പയാണ് നൽകുന്നത്. ഈടില്ലാതെ 50,000 രൂപ വരെ വായ്‌പ ലഭിക്കും. ഒരുമാസമാണ് കാലാവധി. പ്രതിമാസ തവണകളായാണ് തിരിച്ചടയ്‌ക്കേണ്ടത്.
ആധാർ അടിസ്ഥാനമാക്കി ഇ-കെവൈസി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോൺ ലഭിക്കുന്നത്. ആപ്ലിക്കേഷൻ സ്റ്റാറ്റസ് എസ്എംഎസിലൂടെ അറിയാവുന്നതാണ്.
പ്രധാനമന്ത്രി മുദ്ര യോജന
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. വ്യവസായ സംരംഭകർക്കാണ് വായ്‌പ ലഭിക്കുന്നത്. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്‌പ നൽകുന്നത്. ഈ വായ്‌പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും.
വായ്‌പ പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. പ്രധാനമന്ത്രി മുദ്ര യോജന ശിശു, കിഷോർ, തരുൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ഉള്ളത്. ശിശു വായ്‌പ 50,000 രൂപ വരെയാണ്. കിഷോർ ലോൺ 50,000 മുതൽ 5 ലക്ഷം രൂപ വരെയാണ്. തരുൺ വായ്‌പ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: