പെണ്‍കുട്ടികളെ പ്രണയം നടിച്ച് ഇസ്ലാമിക ഭീകരവാദത്തിലേക്ക് നയിക്കുന്ന ചതിക്കുഴിയായ ലൗജിഹാദിനെക്കുറിച്ചുള്ള ദ കേരള സ്റ്റോറി എന്ന സിനിമ 10 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച കത്തോലിക്കാ സഭയുടെ ഇടുക്കി രൂപതാധികൃതരുടെ നടപടി പ്രശംസയര്‍ഹിക്കുന്നു. ബൈബിള്‍ പഠന ക്ലാസിന്റെ ഭാഗമായി വര്‍ഷംതോറും നടക്കാറുള്ള നാല് ദിവസത്തെ സുവിശേഷോത്സവത്തിലാണ് പ്രണയക്കെണിയില്‍പ്പെടാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സിനിമാ പ്രദര്‍ശനം നടത്തിയത്. പഠന ക്ലാസുകളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കൈപ്പുസ്തകത്തിലും ലൗജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ചില തീവ്രവാദ ഗ്രൂപ്പുകളുടെ ശൃംഖലയാണ് ലൗജിഹാദെന്നും, പണവും സമ്മാനങ്ങളും നല്‍കി പ്രലോഭിപ്പിച്ച് ഇതരമതസ്ഥരായ പെണ്‍കുട്ടികളെ വശീകരിച്ച് ഇക്കൂട്ടര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കുറ്റാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നും കൈപ്പുസ്തകത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനാണ് 2010 ല്‍ ഇക്കാര്യം അന്നത്തെ പോലീസ് മേധാവിയായ ജേക്കബ് പുന്നൂസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും, പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി നാല് വര്‍ഷത്തിനിടെ കേരളത്തില്‍ വിവാഹത്തിന്റെ മറവില്‍ 7000ലേറെ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി നിയമസഭയെ അറിയിച്ചിട്ടുള്ളതാണെന്നും കൈപ്പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള സ്റ്റോറിയെന്ന സിനിമയെയും ക്രൈസ്തവസഭ അത് പ്രദര്‍ശിപ്പിച്ചതിനെയും എതിര്‍ക്കുന്നവര്‍ ഈ വസ്തുതകള്‍ നിഷേധിക്കാന്‍ തയ്യാറുണ്ടോ?
രണ്ട് പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തിയെന്ന് ആരോപണ വിധേയരായ യുവാക്കളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ലൗജിഹാദ് നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിനോട് നിര്‍ദേശിക്കുകയുണ്ടായി. ജിഹാദികള്‍ ഒരുക്കുന്ന പ്രണയക്കെണിയെ സംബന്ധിച്ച് നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ‘ലൗജിഹാദ്’ എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന ‘സത്യവാങ്മൂലമാണ്’ പോലീസ് നല്‍കിയത്. ഇത് ഒരര്‍ത്ഥത്തില്‍ കോടതിയെ കബളിപ്പിക്കുന്നതായിരുന്നു. കാരണം ലൗജിഹാദ് എന്ന ഒരു സംഘടനയുണ്ടെന്നോ അതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നോ അല്ല കോടതി പറഞ്ഞത്. ഇക്കാര്യം സമര്‍ത്ഥമായി മറച്ചുപിടിച്ചാണ് ചില ശക്തികളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമെന്നോണം പോലീസ് വിചിത്രമായ റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത്. ഇതിനുശേഷവും ലൗജിഹാദ് എന്നു കരുതാവുന്ന നിരവധി സംഭവങ്ങള്‍ നടന്നു. ഒരു പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് മതംമാറ്റി വിവാഹം ചെയ്‌തെന്ന മാതാപിതാക്കളുടെ പരാതി വലിയ വിവാദമാവുകയുണ്ടായി. നിരവധി ഹൈന്ദവ സംഘടനകളും ക്രൈസ്തവ സഭകളും ലൗജിഹാദിന്റെ അപകടം ചൂണ്ടിക്കാട്ടി രംഗത്തു വരികയും, ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും വോട്ടുബാങ്കിന്റെ പ്രലോഭനത്തില്‍ വീണും ഇതുസംബന്ധിച്ച സത്യസന്ധമായ ഒരു അന്വേഷണത്തിന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സര്‍ക്കാരുകള്‍ വിമുഖത കാണിക്കുകയായിരുന്നു.
വെറുമൊരു സാങ്കല്‍പിക കഥയല്ല കേരള സ്റ്റോറി പറയുന്നത്. അതുതന്നെയാണ് ഇസ്ലാമിക മതമൗലികവാദികള്‍ ഈ സിനിമയ്‌ക്കെതിരാവാനും കാരണം. സാധാരണ ചെയ്യാറുള്ളതുപോലെ ഈ സിനിമയുടെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്ന് കേരള സ്റ്റോറിയുടെ ശില്‍പ്പികള്‍ പറയുന്നില്ല. പഠനത്തിനു വീടുവിട്ടു പോകുന്ന രണ്ട് പെണ്‍കുട്ടികളെ പ്രണയത്തില്‍ കുരുക്കി മതതീവ്രവാദത്തിലെത്തിക്കുന്നതും, വഞ്ചന തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്ക് പുറത്തുവരാന്‍ കഴിയാത്തതിന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ നിമിഷ എന്ന പെണ്‍കുട്ടി പ്രണയവിവാഹത്തിലൂടെ ജിഹാദികള്‍ക്കൊപ്പം പോയി അഫ്ഗാനിസ്ഥാനിലെ ജയിലിലകപ്പെടുകയുണ്ടായി. ഈ യുവതിയെ വിവാഹം ചെയ്തതെന്നു പറയപ്പെടുന്നയാള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നു. കേരള സ്റ്റോറി എന്ന സിനിമ പ്രകോപനപരമാകുന്നത് അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമായതിനാലാണ്. അതേസമയം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഭാഗങ്ങള്‍ ചിത്രത്തില്‍നിന്ന് നീക്കം ചെയ്യുകയുണ്ടായി. സിനിമ സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. തീയറ്ററുകളില്‍ വന്‍ വിജയം നേടുകയുമുണ്ടായി. ഇതേ സിനിമ ഇടുക്കി രൂപത പ്രദര്‍ശിപ്പിച്ചതില്‍ യാതൊരു തെറ്റുമില്ല. കുടുംബഭദ്രതയും സാമൂഹ്യസുരക്ഷിതത്വവും ആഗ്രഹിക്കുന്ന ഏതൊരാളും ഇതിനെ അനുകൂലിക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും പോലുള്ളവര്‍ എതിര്‍പ്പുമായി രംഗത്തുവരാന്‍ കാരണം ഇരുവരുടെയും വര്‍ഗീയ പ്രീണന രാഷ്‌ട്രീയമാണ്. ജിഹാദികളെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: