കൊടുങ്ങല്ലൂര്‍: ശ്രീകുരുംബക്കാവില്‍ ഭക്തലക്ഷങ്ങള്‍ക്ക് രേവതി വിളക്കിന്റെ ദര്‍ശന സായൂജ്യം. ഇന്ന് ദേവിക്ക് തൃച്ചന്ദന ചാര്‍ത്തും അശ്വതി കാവുതീണ്ടലും നടക്കും.
ദാരികനിഗ്രഹം നടത്തിയ ദേവിയുടെ വിജയം വിളംബരം ചെയ്ത് ഇന്നലെ സന്ധ്യാവേളയില്‍ കാവില്‍ അസംഖ്യം ദീപങ്ങള്‍ തെളിഞ്ഞു. നാനാദിക്കുകളില്‍ നിന്നെത്തിയ കോമരങ്ങളും ഭക്തരും രേവതി വിളക്കു ദര്‍ശിച്ച് ദേവിയെ വണങ്ങാന്‍ ക്ഷേത്രത്തില്‍ തമ്പടിച്ചിരുന്നു. തല വെട്ടിനിണമൊഴുക്കി ഉറഞ്ഞു തുള്ളുന്ന കോമരങ്ങളാണ് കാവിലെങ്ങും.
ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച് അവകാശത്തറകളിലും മറ്റും നിലയുറപ്പിച്ച ഭക്തര്‍ ഇന്ന് നടക്കുന്ന കാവുതീണ്ടലിനായുള്ള കാത്തിരിപ്പിലാണ്. അശ്വതി നാളായ ഇന്ന് ഉച്ചക്ക് 11 മണിയോടെ എല്ലാ പൂജകളും കഴിഞ്ഞ് ക്ഷേത്രനടയടക്കും.
തുടര്‍ന്ന് അശ്വതി പൂജ അഥവാ തൃച്ചന്ദന ചാര്‍ത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. 12 മണിയോടെ വലിയ തമ്പുരാന് ക്ഷേത്രത്തിനകത്തെത്തും. നീലത്ത്, മഠത്തില്‍, കുന്നത്ത് എന്നീ അടികള്‍ മഠങ്ങളിലെ പ്രധാനികളാണ് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്തുന്ന ശാക്തേയ വിധി പ്രകാരമുള്ള അശ്വതി പൂജ നിര്‍വഹിക്കുക.
യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് നടത്തുന്ന ചികിത്സ എന്ന വിശ്വാസത്തിലാണ് ദാരു ബിംബത്തില്‍ പ്രത്യേകം തയാറാക്കുന്ന തൃച്ചന്ദനം ചാര്‍ത്തുന്നത്. ശ്രീകോവിലടച്ചാണ് അടികള്‍മാര്‍ രഹസ്യവിധി പ്രകാരമുള്ള അശ്വതി പൂജ നടത്തുക. മൂന്നു മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന പൂജ കഴിയും വരെ വലിയ തമ്പുരാന് കുഞ്ഞുണ്ണി രാജയും പരിവാരങ്ങളും ചുറ്റമ്പലത്തിനകത്ത് നിലകൊള്ളും.
നാലു മണിയോടെ അശ്വതി പൂജ കഴിഞ്ഞ് ശ്രീകോവിലടച്ച് തമ്പുരാന് നല്കുന്ന അധികാര വടികളുമായി എല്ലാവരും കിഴക്കെ നടയിലൂടെ പുറത്തിറങ്ങും. തുടര്‍ന്ന് വലിയ തമ്പുരാനും സംഘവും കിഴക്കെ നടയിലെ നിലപാടുതറയിലെത്തും. തമ്പുരാന് ഇരിപ്പിടത്തില്‍ ഉപവിഷ്ഠനായ ശേഷം കാവുതീണ്ടലിന് അനുമതി നല്കി കോയ്മ ചുവന്ന പട്ടു കുടനിവര്‍ത്തും. ഇതോടെ അവകാശത്തറകളിലും മറ്റും കാത്തു നില്ക്കുന്ന കോമരങ്ങളും ഭക്തരും ശരണം വിളികളോടെ ക്ഷേത്രത്തിന് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തും. വഴിപാടു പൊതികള്‍ ക്ഷേത്രത്തിലേക്ക് എറിഞ്ഞും വടികള്‍ കൊണ്ട് ചെമ്പോലകളിലടിച്ചും കുരുംബക്കാവില്‍ യുദ്ധ സമാനമായ ദൃശ്യമൊരുക്കും.കാവു തീണ്ടലില്‍ പങ്കെടുത്തവര്‍ തമ്പുരാന്റെ അനുഗ്രഹം വാങ്ങിയാണ് മടങ്ങുക. ദേവസ്വം-റവന്യൂ- പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടി വസ്ത്രം സമ്മാനിക്കും. അശ്വതി നാള് ഉച്ചക്ക് അടക്കുന്ന ക്ഷേത്രനട 16നാണ് ദര്‍ശനത്തിനായി തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: