സംസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. കോടികള്‍ മുതല്‍മുടക്കി തുടങ്ങിയ കുടിവെള്ള വിതരണ പദ്ധതികള്‍ പലതും നിഷ്ക്രിയ ആസ്തികളായി മാറുകയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യക്തമായ ആസൂത്രണവും കൃത്യമായ നടത്തിപ്പ് സംവിധാനവും ഇല്ലാത്തതാണ് കാരണമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കോട്ടയം അയ്മനം പഞ്ചായത്തില്‍ എട്ടു ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് ലക്ഷ്യം കാണാതെ കിടക്കുന്നത്. രാമപുരം പഞ്ചായത്തില്‍ മുക്കാനെല്ലി-തെക്കുമലകുന്ന് കുടിവെള്ള പദ്ധതിക്ക് 13 ലക്ഷം മുടക്കിയെങ്കിലും ഫലപ്രദമായില്ല. വാഴപ്പള്ളി സെറ്റില്‍മെന്റ് കോളനി കുഴല്‍കിണര്‍ നിര്‍മാണ പദ്ധതിക്കായി ആറു ലക്ഷം ചെലവിട്ടെങ്കിലും പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നഗരസഭ നിര്‍മിച്ച വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗശൂന്യമായി കിടക്കുന്നു. ഇതിന്റെ ആകെ ചെലവ് 18 ലക്ഷം രൂപയാണ്. കൊച്ചിന് കോര്പറേഷന് മൂന്നര കോടി രൂപ ചെലവിട്ട് തുടങ്ങിയ ജലവിതരണ പദ്ധതിയും 66 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതിയും മുടങ്ങിക്കിടക്കുന്നു. പാലക്കാട് ജില്ലയില്‍ എരുത്തേമ്പതി-മയിലാണ്ടി മിനി കുടിവെള്ള പദ്ധതിക്ക് 10.5 ലക്ഷം മുതല്‍മുടക്കിയെങ്കിലും ഫലം കണ്ടില്ല. കാസര്‍കോട് ജില്ലയില്‍ പൂര്‍ണമാകാതെ കിടക്കുന്നത് 18 ലക്ഷത്തിന്റെ പദ്ധതിയാണ്. കുടിവെള്ള വിതരണ പദ്ധതികളില്‍ തികഞ്ഞ അനാസ്ഥയാണ് ഗ്രാമപഞ്ചായത്തുകളുടെ ഭാഗത്തുള്ളത്. പുതിയ പദ്ധതികള്‍ക്കായി വാങ്ങിയ ഭൂമികള്‍ കാടുപിടിച്ച് കിടക്കുമ്പോള്‍ നടത്തിപ്പ് കടലാസില്‍ ഒതുങ്ങുന്നു.
വൃദ്ധജനതയുടെ ക്ഷേമം ലക്ഷ്യമിടുന്ന പദ്ധതികളാണ് പകല്‍വീടും വൃദ്ധസദനങ്ങളും. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വലിയൊരു ശതമാനം പകല്‍വീടുകളും അടഞ്ഞുകിടക്കുന്നു എന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ ഇനത്തില്‍ മൂന്ന് കോടി രൂപയുടെ നിഷ്ക്രിയ ആസ്തി ഉണ്ടെന്നാണ് കണക്ക്. തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനത്ത് ആരംഭിച്ച ഇ-ടോയ്ലറ്റും വഴിയോര വിശ്രമകേന്ദ്രങ്ങളും ഇതിനോടകം സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയതിനാല്‍ അവയും ഉപയോഗരഹിതമായി.
മാലിന്യ സംസ്കരണ പ്ലാന്റുകളുടെ കാര്യത്തിലെന്ന പോലെ സംസ്ഥാനത്ത് 90 ശതമാനം തദ്ദേശസ്ഥാപനങ്ങളുടേയും അറവുശാലകള്‍ ഉപയോഗശൂന്യമാണ.് പാലക്കാട് നഗരസഭയില്‍ മാത്രം ഒന്നരക്കോടിയുടെ നിഷ്ക്രിയ ആസ്തി ആണ് ഈ വിഭാഗത്തിലുള്ളത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍, കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക ഉപകരണങ്ങളാണ് വിവിധ പഞ്ചായത്തുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. കൊയ്ത്ത്-മെതിയന്ത്രങ്ങള്‍ വാങ്ങി ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ സീസണില്‍ തമിഴ്നാട്ടില്‍ നിന്നും വാടകയ്ക്ക് എടുക്കുന്നതില്‍ മാറ്റമൊന്നുമില്ല. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍, കുട്ടികളുടെ പാര്‍ക്ക്, മഴവെള്ള സംഭരണികള്‍, വാഹനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും ഗുരുതര അനാസ്ഥയാണ് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എട്ട് ജില്ലകളിലെ അന്വേഷണ റിപ്പോര്‍ട്ട് മാത്രമാണ് സഭയില്‍ സമര്‍പ്പിച്ചത്. മറ്റ് ആറു ജില്ലകളിലെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴേ എത്ര ഭീമമായ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നതെന്നു വ്യക്തമാകൂ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: