ന്യൂദല്‍ഹി : കനേഡിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടെന്ന കാനഡയുടെ ആരോപണം തളളി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലാണ് കാനഡ ഇടപെടുന്നതെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചു.
കാനഡയിലെ 2019, 2021 ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയും പാകിസ്ഥാനും ഇടപെടാന്‍ ശ്രമിച്ചുവെന്ന് ഏപ്രില്‍ 5-ന് ഒരു കനേഡിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.കനേഡിയന്‍ ചാര സംഘടയായ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസിനെ (സിഎസ്‌ഐഎസ്) ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ട്.
2023-ല്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കാനഡ ആരോപിച്ചത് ഇന്ത്യ നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധവും വഷളായിരുന്നു.
2019 ലും 2021 ലും കാനഡയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യ ഇടപെട്ടത് സംബന്ധിച്ച് കാനഡയുടെ ഫെഡറല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറി അന്വേഷിക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ കനേഡിയന്‍ മാധ്യമ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ നയമല്ല. വാസ്തവത്തില്‍, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയാണ്, ”രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.
2019-ലെയും 2021-ലെയും തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇടപെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടില്‍ ഉളളത്.
തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതിനായി അജ്ഞാതനെയാണ് ഇന്ത്യ നിയോഗിച്ചതെന്നാണ് കാനഡയുടെ വാദം. ഇന്ത്യന്‍ വംശജരും ഇന്ത്യയോട് താതപര്യമുളളവരുമായ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പണം നല്‍കി സഹായിച്ചിരുന്നുവെന്നാണ് വാദം. സമാനമായി പാകിസ്ഥാനും ഇടപെടല്‍ നടത്തി.
ഖാലിസ്ഥാന്‍ വിഘടനവാദികളെ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഇടപെടലെന്നും കാനഡ പറയുന്നു. എന്നാല്‍ കാനഡ ഖാലിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: