കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മിക്കവെ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് ആയുധം നല്കാന് പാടില്ലായിരുന്നുവെന്നാണ് നേതൃ തലത്തിലെ അഭിപ്രായം.
സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീര്‍, ലോക്കല്‍ കമ്മിറ്റി അംഗം അശോകന് എന്നിവരാണ് ഷെറിലിന്റെ വീട് സന്ദര്‍ശിച്ചത്.ഷെറിലിന്റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനന് എംഎല്‍എയും പങ്കെടുത്തു.
ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി പി എം നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്. ഇങ്ങനെയിരിക്കെയാണ് നേതാക്കള്‍ സഫോടനത്തില്‍ മരിച്ച ആളുടെ വീട് സന്ദര്‍ശിച്ചത്.
അതേസമയം ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ നേതാക്കളുടെ സന്ദര്‍ശനം പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജന് നേരത്തെ പറഞ്ഞത്. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്. ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ലെന്നാണ് ജയരാജന്റെ വാദം.
ബോംബ് നിര്‍മ്മാണത്തിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. പരിക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
അതേസമയം, പാനൂരിലെ ബോംബ് നിര്‍മ്മാണത്തിന് പിന്നില്‍ സി പി എം നേതൃത്വം തന്നെയെന്ന് വ്യക്തമാകുന്നതാണ് ബോംബ് സ്ഫോടനത്തില്‍ മരിച്ചയാളുടെ വീട്ടിലെ സി പി എം നേതാക്കളുടെ സന്ദര്‍ശനമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: