കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം. തിങ്കളാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. തൃശൂർ ജില്ലയിൽ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഎമ്മിന് 81 അക്കൗണ്ടുകൾ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ചു അക്കൗണ്ടുകൾ കരുവന്നൂരിൽ ആണെന്നും ഇഡി കണ്ടെത്തി.
ഈ 81 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ എംഎം വർഗീസിനോട് ചോദിച്ചിരുന്നെങ്കിലും വിവരങ്ങൾ നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. തൃശൂർ ജില്ലയിൽ 91 ഇടങ്ങളിൽ സിപിഎമ്മിന് വസ്തുവകകൾ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും എംഎം വർഗീസ് നൽകിയിട്ടില്ല. തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. മുൻ എംപി പി.കെ ബിജുവിനോടും തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
എം.എം വർഗീസിനെ ആദായ നികുതി ഉദ്യോഗസ്ഥർ ഇന്നലെ ചോദ്യം ചെയ്തിരുന്നു. എം എം വർഗീസ് സിപിഎം അക്കൗണ്ടിൽ നിന്ന് 1 കോടി രൂപ പിൻവലിച്ചെന്നാണ് കണ്ടെത്തൽ. ഈ പണം ഉൾപ്പെടെ അക്കൗണ്ടിൽ ഉള്ള 6 കോടി രൂപയുടെ ആദായനികുതി അടച്ചില്ലെന്നും ഇഡി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: