ടൊറന്‍റോ: പ്രജ്ഞാനന്ദയില്‍ കണ്ണുനട്ട് ഇന്ത്യ; ലോകചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ ആദ്യദിനത്തില്‍ സമനിലകളുടെ പൂരം
ലോകചെസ് ചാമ്പ്യനുമായി മാറ്റുരയ്‌ക്കാനുള്ള താരത്തെ കണ്ടെത്താനുള്ള അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) സംഘടിപ്പിക്കുന്ന കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പില്‍ ആദ്യ ദിനത്തില്‍ സമനിലകളുടെ പൂരം. ഇന്ത്യയുടെ പ്രജ്ഞാനന്ദ അലിറെസ ഫിറുജയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ഈ ടൂര്‍ണ്ണമെന്‍റിലെ ആദ്യ രണ്ട് റാങ്കുകാരായ യുഎസ് താരങ്ങളായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും തമ്മിലുള്ള മത്സരവും സമനിലയിലായി. വിജയത്തേക്കാള്‍ സമനിലയ്‌ക്ക് പ്രാധാന്യമുള്ള ടൂര്‍ണ്ണമെന്‍റാണ്. തോല്‍ക്കാതിരിക്കുക എന്നതാണ് പോയിന്‍റ് നിലയില്‍ ഭദ്രമാകാനുള്ള മാര്‍ഗ്ഗം.
കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദയ്‌ക്കെതിരെ അലിറെസ ഫിറൂജ അപകടകരമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ചെക്കുകളിലൂടെ പ്രജ്ഞാനന്ദ സമനില വാങ്ങുകയായിരുന്നു.
ഇന്ത്യയുടെ വിദിത് ഗുജറാത്തിയും ഡി. ഗുകേഷും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. നജാസ് അബസൊവും ഇയാന്‍ നെപോമ്നിയാച്ചിയും തമ്മിലുള്ള മത്സരവും സമനിലയിലായി. കാനഡയിലെ ടൊറന്‍റോയിലാണ് മത്സരം
ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ പുരുഷവിഭാഗത്തില്‍ പങ്കെടുക്കുന്നു. റാങ്കില്‍ മുന്‍പില്‍ നില്‍ക്കുന്ന ആർ. പ്രജ്ഞാനന്ദ, ഡി. ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരാണ് ഇവര്‍. ഇന്ത്യയില്‍ നിന്നും മത്സരിക്കുന്നവരില്‍ ഒന്നാം റാങ്ക്കാരന്‍ പ്രജ്ഞാനന്ദയാണ്. രണ്ടാം റാങ്ക് ഡി. ഗുകേഷും മൂന്നാം റാങ്ക് വിദിത് ഗുജറാത്തിയുമാണ്. ഇന്ത്യ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് പ്രജ്ഞാനന്ദയിലാണ്. ചൈനയുടെ ഡിങ് ലിറന്‍ ആണ് ഇപ്പോള്‍ ചെസിലെ ലോക ചാമ്പ്യന്‍. കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരം ഡിങ് ലിറനുമായി മാറ്റുരയ്‌ക്കും. എട്ട് പുരുഷതാരങ്ങളാണ് ഉള്ളത്. ഇവര്‍ രണ്ടു തവണ പരസ്പരം ഏറ്റുമുട്ടും. 14 റൗണ്ടുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന താരം ചാമ്പ്യനാകും.
അഞ്ചുതവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന്‍ പക്ഷെ ഇക്കുറിയും യോഗ്യത നേടിയിട്ടും ഫിഡെ കാന്‍ഡിഡേറ്റില്‍ പങ്കെടുക്കുന്നില്ല. 2022ല്‍ ലോക ചാമ്പ്യനായിരുന്ന അദ്ദേഹം തന്റെ കിരീടം കാത്ത് സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനെതുടര്‍ന്നാണ് 2023ല്‍ ഫൈനലില്‍ ഇയാന്‍ നെപോമ്നിയാച്ചിയും ഡിങ്ങ് ലിറനും ഏറ്റുമുട്ടിയത്. ഇതില്‍ ഡിങ്ങ് ലിറന്‍ ജയിച്ചു.
വനിതാ വിഭാഗത്തില്‍ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ കോനേരു ഹംപിയും ആർ. വൈശാലിയും മത്സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: