തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ നിന്നും ലോകമെങ്ങും ആരാധിക്കപ്പെടുന്ന സ്വാമിയായി മാറിയ രമണമഹര്‍ഷിക്ക് 2024 ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം. വിചിത്രശീലങ്ങളുള്ള അദ്ദേഹത്തിന്റെ ജീവിതം നിരവധി പാഠങ്ങളാണ് സമ്മാനിച്ചത്. അക്കൂട്ടത്തില്‍ ഒന്നാണ് സ്വാമിയുടെ ഇന്‍റര്‍വ്യൂ റെക്കോഡ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ആകാശവാണി നിലയത്തിലെ ജീവനക്കാരനോട് അദ്ദേഹം നല്‍കിയ മറുപടി.
“‘എന്റെ ശബ്ദം മൗനമാണ്…അത് റെക്കോഡ് ചെയ്യാനാകുമോ?”-രമണമഹര്‍ഷിയുടെ ഈ ചോദ്യം കേട്ട് ആകാശവാണിക്കാര്‍ അഭിമുഖം വേണ്ടെന്ന് വെച്ചു. മൗനത്തിന്റെ പ്രാധാന്യം ഹൃദയത്തില്‍ വഹിക്കുന്ന സന്യാസിയാണ് രമണമഹര്‍ഷി. മൗനം ശക്തമായ ആശയവിനിമയമാണെന്ന അഭിപ്രായം അദ്ദേഹത്തിനുണ്ട്. വാക്കുകള്‍ തോല്‍ക്കുകയും ആശയങ്ങള്‍ മങ്ങുകയും ചെയ്യുമ്പോള്‍ മൗനം ശക്തമായ ആശയവിനിമയമായി മാറും”- രമണമഹര്‍ഷി പറയുന്നു.
കൗപീനധാരിയായിരുന്നു രമണമഹര്‍ഷി. വസ്ത്രധാരണത്തില്‍ മിതത്വം പുലര്‍ത്താനായിരുന്നു ഇത്. രമണമഹര്‍ഷിയെ സംബന്ധിച്ചിടത്തോളം ബ്രഹ്മചര്യത്തിന്റെ കൂടി അടയാളമായിരുന്നു ഈ വസ്ത്രധാരണം.ഒരിയ്‌ക്കല്‍ ഒരു ഭക്തന്‍ വില കൂടിയ ഊന്നുവടി സമ്മാനിച്ചപ്പോള്‍ അദ്ദേഹം അത് നിരസിച്ചു. പകരം സാധാരണ ഒരു മരക്കഷണമാണ് ഊന്നുവടിയായി ഉപയോഗിച്ചത്.
അതുപോലെ ചിലര്‍ വില കൂടിയ പെന്‍സിലുകള്‍ സമ്മാനിച്ചപ്പോള്‍ അദ്ദേഹം പഴയ കുറ്റിപ്പെന്‍സിലുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ ശ്രമിക്കും. അതുപോലെ കടലാസുകള്‍ പലരും പാഴാക്കിക്കളയുമ്പോള്‍ അദ്ദേഹം മിച്ചം വരുന്ന കടലാസുകള്‍ കൂട്ടിത്തുന്നി ഉപയോഗിക്കാന്‍ ശ്രമിക്കും.
അദ്ദേഹത്തിന്റെ കാലത്ത് ഫാന്‍ ഒരു ആഡംബരവസ്തുവായിരുന്നു. ഇദ്ദേഹം അധികമായി ഫാന്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെട്ടില്ല. പകരം വിശറി ഉപയോഗിച്ചു. അതുപോലെ സ്വയം ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വിശന്നിരിക്കുന്ന മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് ശഠിച്ചു.
16ാം വയസ്സിലുണ്ടായ മരണത്തിന്റെ അനുഭവമാണ് ഇദ്ദേഹത്തിന് കിട്ടിയ ബോധോദയം എന്ന് വിശ്വസിക്കപ്പെടുന്നു. മധുരൈയില്‍ അമ്മാവന്റെ വീട്ടില്‍ ഇരിക്കെയാണ് 16ാം വയസ്സില്‍ പൊടുന്നനെ താന്‍ മരിക്കാന്‍ പോകുന്നു എന്ന തോന്നിയത്. അദ്ദേഹത്തിന് രോഗം ഒന്നുമില്ലായിരുന്നു. അദ്ദേഹം മരണം എന്താണെന്ന് അറിയാന്‍ ശ്രമിച്ച് നിശ്ശബ്ദം ഇരുന്നു. നിരീക്ഷണത്തില്‍ ഒരു കാര്യം മനസ്സിലായി. മരണം ബാധിക്കുന്നത് ശരീരത്തെ മാത്രമാണ്. നമ്മുടെ ഹൃദയത്തിന്റെ ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവിനെ മരണം ബാധിക്കുന്നില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആത്മാവ് എപ്പോഴും ശരീരത്തെ അതിജീവിക്കുന്നു എന്നും രമണമഹര്‍ഷി 16ാം വയസ്സില്‍ അറിഞ്ഞു. ഈ തിരിച്ചറിവിന് നേടിയതോടെ അദ്ദേഹത്തിന് ഭൗതിക കാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞു. പഠിപ്പിനോട് താല്‍പര്യമില്ല. ചുറ്റുപാടുകളോട് താല്‍പര്യമില്ല. പലപ്പോഴും മധുരൈ മീനാക്ഷി കോവിലിന് മുന്നില്‍ ചെന്ന് നിന്ന് നടരാജ വിഗ്രഹത്തെ നോക്കി കണ്ണീര്‍ വാര്‍ക്കുക പതിവായി. ആറാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം നാട് വിട്ടു. അലച്ചിലിനൊടുവില്‍ തിരുവണ്ണാമലൈയിലെ അരുണാചലമലയില്‍ അഭയം തേടി. പിന്നെ അവിടെ ആശ്രമം പണിത്, മരണം വരെയും സന്യാസജീവിതം നയിച്ചു.
നിങ്ങള്‍ തേടുന്ന വെളിച്ചം ഉള്ളിലാണെന്നും അത് പുറത്ത് തേടി അലയേണ്ടതില്ലെന്നും അദ്ദേഹം തന്റെ അടുത്ത് എത്തിച്ചേരുന്നവരോടെല്ലാം ഉപദേശിച്ചു. ഒരിയ്‌ക്കല്‍ തന്നെ വന്ന് കണ്ട പ്രമുഖ ബ്രിട്ടീഷ് സൈക്കോളജിസ്റ്റായ കാള്‍ യുങ്ങിനോട് രമണ മഹര്‍ഷി ആത്മജ്ഞാനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ വിശദീകരിച്ചുകൊടുത്തത് ഇങ്ങിനെ:” മൗനം, ധ്യാനം, ആത്മമനനം എന്നിങ്ങനെ മൂന്ന് വഴികളിലൂടെയാണ് ഞാന്‍ എന്നെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. അരുണാചലയിലെ വിരൂപാക്ഷ ഗുഹയില്‍ ധ്യാനത്തിലിരിക്കുമ്പോള്‍ ശരീരത്തെയും മനസ്സിനെയും കുറിച്ചാണ് ഞാന്‍ ആഴത്തില്‍ അറിയാന്‍ ശ്രമിക്കുക. ഓരോ പരീക്ഷണത്തിലും മനസ്സിന്റെയും ശരീരത്തിന്റെയും പുതിയ ആഴങ്ങള്‍ എന്റെ മുന്നില്‍ തെളിഞ്ഞ് വരും. അബോധമനസ്സില്‍ നിക്ഷേപിക്കപ്പെട്ട നിഗൂഢമായ സംസ്കാരത്തിന്റെ അടയാളങ്ങള്‍ ശുദ്ധീകരിക്കപ്പെട്ടു. അപ്പോള്‍ ആത്മജ്ഞാനത്തിന്റെ പരിശുദ്ധവെളിച്ചം പരന്നു. ആത്യന്തികമായി ഞാന്‍ മനസ്സിലാക്കിയത് എനിക്ക് വേറിട്ട ഒരു ആത്മവ്യക്തിത്വം ഇല്ലെന്നതാണ്. ഞാന്‍ എന്നൊന്ന് നിലനില്‍ക്കുന്നില്ല. അഹങ്കാരം, ഗര്‍വ് ഇതെല്ലാം ക്രമേണ അപ്രത്യക്ഷമായി. എന്റെ ആത്മാവ് അനശ്വരമായ, അപരിമേയമായ ആ സര്‍വ്വവ്യാപിയില്‍ അലിഞ്ഞുചേര്‍ന്നു. പിന്നെ ഒന്നും അറിയാന്‍ ബാക്കിയുണ്ടായില്ല. ഇതാണ് ആത്യന്തികമായ ആത്മജ്ഞാനം. ആത്മീയത എന്ന ഭാരതീയ ശാസ്ത്രം യഥാര്‍ത്ഥത്തില്‍ മാനുഷികസ്വത്വത്തിന്റെ വിശുദ്ധസ്വത്വത്തിലേക്കുള്ള പരിണാമമാണ്. ” ഇതോടെ കാള്‍ യുങ്ങ് എന്നെന്നേക്കുമായി ഭാരതീയ തത്വശാസ്ത്രം ആഴത്തില്‍ മുങ്ങിത്തപ്പുന്ന സൈക്കോളജിസ്റ്റായി മാറി. ഹിമാലയത്തിലെ ഋഷിമാരെ കാണാന്‍ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രത്യേകമായി ക്ഷണിച്ചുവരുത്തിയ വേളയിലാണ് കാള്‍ യുങ്ങ് രമണമഹര്‍ഷിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
മനസ്സിന് അസ്വസ്ഥതയുള്ളവരെക്കണ്ടാല്‍ ഗാന്ധിജി എപ്പോഴും ഉപദേശിക്കുമായിരുന്നു:” നിങ്ങള്‍ തിരുവണ്ണാമലയില്‍ പോയി മഹര്‍ഷിയെ കാണണം. ആത്മാവിലേക്ക് നോക്കാനുള്ള അദ്ദേഹത്തിന്റെ വിദ്യയറിഞ്ഞാല്‍ നിങ്ങള്‍ സന്തോഷമുള്ളവരാകും.”
അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത് 1950 ഏപ്രില്‍ 14ന് ആണെങ്കിലും അദ്ദേഹത്തിന്റെ ചരമവാര്‍ഷികദിനം ആരാധനാദിനമായി ആചരിക്കപ്പെടുന്നത് ഹിന്ദു കലണ്ടര്‍ അനുസരിച്ച് ചിത്തിര മാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ഇക്കുറി അത് 2024 മെയ് അഞ്ചിന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: