കല്‍പ്പറ്റ: കരുത്ത് കാട്ടി എന്‍ഡിഎ റോഡ് ഷോ. വയനാട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പത്രികാസമര്‍പ്പണത്തിനു മുമ്പായി കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോ സഖ്യത്തിന്റെ കരുത്ത് വെളിപ്പെടുത്തുന്നതായി. രാജ്യത്തിന്റെ വികസന റാണി സ്മൃതി ഇറാനി നേതൃത്വം നല്‍കിയ റാലിയില്‍ ആയിരങ്ങളാണ് അണി നിരന്നത്. ഇന്നലെ അതിരാവിലെ മുതല്‍ തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവര്‍ത്തകരാണ് കല്‍പ്പറ്റയില്‍ എത്തിയത്.
രാവിലെ പത്തരയോടെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച് ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു സമീപം സമാപിക്കുന്ന വിധത്തില്‍ ക്രമീകരിച്ച റോഡ് ഷോയില്‍ സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായി. കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലി കോപ്ടറില്‍ ഇറങ്ങിയ സ്മൃതി റാലിയുടെ ആരംഭ സ്ഥലത്ത് എത്തിയതോടെ ജനങ്ങള്‍ ആവേശഭരിതരായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്മൃതി ഇറാനിക്കും സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും ജയ് വിളികള്‍ ഉയര്‍ന്നു.
പൊന്നാടയണിയിച്ചാണ് പ്രിയ നേതാവിനെ കെ. സുരേന്ദ്രന്‍ സ്വീകരിച്ചത്. വയനാടിന്റെ പാരമ്പര്യ അടയാളമായ അമ്പും വില്ലും പള്ളിയറ രാമന്‍ സ്മൃതി ഇറാനിക്ക് സമ്മാനിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ അവര്‍ പുഷ്പകിരീടം അണിയിച്ചു. റോഡ് ഷോയുടെ മുമ്പ് സ്മൃതി ഇറാനി 20 മിനിറ്റോളം പ്രവര്‍ത്തകരോട് സംസാരിച്ചു.
ഓരോ വാക്കുകളേയും കൈയടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ബിജെപിയുടേതടക്കം എന്‍ഡിഎയിലെ പാര്‍ട്ടികളുടെ പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആ ലേഖനം ചെയ്ത ബഹുവര്‍ണ പോസ്റ്ററുകളും ഏന്തിയാണ് നേതാക്കളും പ്രവര്‍ത്തകരും റോഡ് ഷോയില്‍ പങ്കാളികളായത്.
വാദ്യമേളങ്ങളും ഉശിരന്‍ മുദ്രാവാക്യങ്ങളും റോഡ് ഷോയ്‌ക്കു മാറ്റുകൂട്ടി. സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍, ജെആര്‍എസ് നേതാവ് സി.കെ. ജാനു, എന്‍ഡിഎ ലോക്‌സഭാ മണ്ഡലം കണ്‍വീനര്‍ പ്രശാന്ത് മലവയല്‍, ബിഡിജെഎസ് നേതാവ് എം. മോഹനന്‍, മുതിര്‍ന്ന ബിജെപി നേതാവ് പള്ളിയറ രാമന്‍, ടി.പി. ജയചന്ദ്രന്‍ എന്നിവര്‍ തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു.
കെ.സദാനന്ദന്‍, സജിശങ്കര്‍, സന്ദീപ് ജി. വാര്യര്‍, കെ. ശ്രീനിവാസന്‍, പി.എം. അരവിന്ദന്‍, പി.ജി. ആനന്ദകുമാര്‍, അശോക് കുമാര്‍, കെ.സി. വേലായുധന്‍, മുകുന്ദന്‍ പള്ളിയറ, കെ. മോഹന്‍ദാസ്, കെ.പി. മധു, ബാബുരാജ്, അജി തോമസ്, ഗീതാകുമാരി, എം. ശാന്തകുമാരി, സുനില്‍ ബോസ്, വിജയന്‍ കൂവണ, മനു മോഹന്‍ എന്നിവര്‍ റോഡ്‌ഷോക്ക് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: