കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനത്തിന് പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ക്ക് വ്യാപകമായ പ്രചാരണം നല്‍കണമെന്ന് ഹൈക്കോടതി.
ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം എം.പിമണികണ്ഠന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, ഹരിശങ്കര്‍ വി. മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. വിജ്ഞാപനങ്ങള്‍ ഒരു പ്രാദേശിക ദിനപത്രത്തില്‍ നല്‍കിയിട്ടുന്നുണ്ടെന്നും, ക്ഷേത്രത്തിന്റെ നോട്ടീസ് ബോര്‍ഡിലും, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും വില്ലേജ് ഓഫീസിന്റെയും നോട്ടീസ് ബോര്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
അപേക്ഷകള്‍ ലഭിച്ചാല്‍, അപേക്ഷകരുടെ വിവരങ്ങള്‍ ക്ഷേത്രപരിസരത്തെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഭക്തര്‍ക്ക് എന്തെങ്കിലും അയോഗ്യത ചൂണ്ടിക്കാണിക്കാന്‍ കഴിയും. അത്തരം നിയമനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഡിവിഷണല്‍ ഇന്‍സ്‌പെക്ടറില്‍ നിന്ന് ആ പരാതികളില്‍ വ്യക്തിഗത റിപ്പോര്‍ട്ടുകള്‍ വാങ്ങിയശേഷം ദേവസ്വം ബോര്‍ഡിന്റെ ഏരിയാ കമ്മിറ്റി ഉചിതമായ രീതിയില്‍ ആക്ഷേപങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. പാരമ്പര്യ ട്രസ്റ്റി നിയമനത്തെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ബെഞ്ചിന്റെ ഉത്തരവ്.
















