ന്യൂദൽഹി: 2024 സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ ഒന്ന് മുതല്‍ 2024 മാര്‍ച്ച് 31 വരെ) ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ലോകബാങ്ക്. 2024 സാമ്പത്തിക വര്‍ഷം അവസാനിച്ചെങ്കിലും ഇതിന്റെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം അവസാന സാമ്പത്തിക നില കണക്കുകൂട്ടിവരുന്നതേയുള്ളൂ. നേരത്തെ 2024 സാമ്പത്തികവര്‍ഷത്തില്‍ ലോകബാങ്ക് തന്നെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് നടത്തിയ കണക്കുകൂട്ടല്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. 2024 സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് ലോകബാങ്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.2 ശതമാനത്തോളം കൂടുതല്‍ വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് ലോകബാങ്കിന്റെ നിരീക്ഷണം.
പ്രതിസന്ധികളെ അതിജീവിച്ച് വളരുന്ന സേവന മേഖലയും വ്യവസായരംഗവുമാണ് ഇന്ത്യയുടെ ഈ വളര്ച്ചയ്‌ക്ക് പിന്നില്‍. കേന്ദ്രസര്‍ക്കാരിന്റെ സജീവമായ ഇടപെടലുകളും ഉല്‍പാദന വളര്‍ച്ചയും കാരണം രാജ്യത്തെ സാമ്പത്തിക കമ്മിയും സര്‍ക്കാര്‍ കടവും കുറയും.
അതേ സമയം 2024 ഏപ്രില്‍ ഒന്നു മതല്‍ 2025 മാര്‍ച്ച് 31വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനം മാത്രമായിരിക്കുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. അതിന് കാരണം 2024 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന വന്‍തോതിലുള്ള നിക്ഷേപം 2025ല്‍ ഉണ്ടായേക്കാന്‍ ഇടയില്ലാത്തതിനാലാണെന്നും ലോകബാങ്ക് പറയുന്നു.
സര്‍ക്കാര്‍ ഉപഭോഗവും വിദേശനിക്ഷേപവും കാരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2024 സാമ്പത്തിക വര്‍ഷത്തില്‍ 8.4 ശതമാനമായിരിക്കുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ആഴ്ചയാണ്. അതിന് പിന്നാലെയാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നേരത്തെ പ്രവചിച്ചതിനേക്കാള്‍ 1.2 ശതമാനം വര്‍ധിപ്പിച്ച് ലോകബാങ്ക് പ്രവചിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സംയോജിത പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക(പിഎംഐ-Purchasing Managers Index) ഫെബ്രുവരിയില്‍ 60.6 ല്‍ എത്തിയിരുന്നു. ഇത് 52.1 എന്ന ശരാശരി നിലവാരത്തില്‍ നിന്നും ഏറെ ഉയര്‍ന്ന നിലയാണ്. നാണയപ്പെരുപ്പമാകട്ടെ റിസര്‍വ്വ് ബാങ്ക് സുരക്ഷിതമെന്ന് കരുതുന്ന പരിധിയ്‌ക്കുള്ളില്‍ തന്നെയാണ്. വാണിജ്യമേഖലയ്‌ക്കുള്ള കടം കൊടുക്കലില്‍ 2022 ഡിസംബറിനെ അപേക്ഷിച്ച് 2023 ഡിസംബറില്‍ 14 ശതമാനം വളര്‍ച്ച ഉണ്ടായി. വിദേശ നാണ്യശേഖരത്തിലാകട്ടെ 2024 ജനവരിയില്‍ എട്ട് ശതമാനം അധികവളര്‍ച്ച ഉണ്ടായി.
എന്താണ് പര്‍ച്ചേസ് മാനേജേഴ്സ് സൂചിക അഥവാ പിഎംഐ?
ഉല്‍പാദന-സേവന രംഗങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ദിശ നോക്കി വിപണി വികസിക്കുകയാണോ ചുരുങ്ങുകയാണോ എന്ന് പ്രവചിക്കുന്ന സൂചികയാണ് പിഎംഐ സൂചിക. നിലവിലുള്ളതും വരാനിരിക്കുന്നതുമായ വ്യവസായത്തിന്റെ പോക്കിനെക്കുറിച്ച് കമ്പനികാര്യങ്ങളില്‍ തീരുമാനമെടുക്കുന്നവര്‍ക്കും വ്യവസായരംഗം വിശകലനം ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും കൃത്യമായി സൂചന നല്‍കുന്ന ഒന്നാണ് പിഎംഐ സൂചിക. 19 സുപ്രധാന വ്യാവസായിക ഉല്‍പന്നങ്ങളുടെ വിതരണശൃംഖലകള്‍ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരില്‍ നിന്നും മാസാമാസം ശേഖരിക്കുന്ന കണക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് പിഎംഐ സൂചിക തയ്യാറാക്കുന്നത്. യുഎസിലെല്ലാം സാമ്പത്തികനില സൂചിപ്പിക്കുന്ന സുപ്രധാന വഴികാട്ടിയായ ഒന്നായാണ് പിഎംഐയെ കാണുന്നത്. പുതിയ ഓര്‍ഡറുകള്‍, ഇന്‍വെന്‍ററിയുടെ നില, ഉല്‍പാദനം, സപ്ലൈയര്‍ക്ക് നല്‍കിയ ചരക്ക് കൈമാറ്റം, തൊഴില്‍ എന്നീ അഞ്ച് മേഖലകളില്‍ സര്‍വ്വേ എടുത്തശേഷമാണ് പിഎംഐ തയ്യാറാക്കുക.
പാകിസ്ഥാനും ശ്രീലങ്കയും പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കും
ദക്ഷിണേഷ്യയിലെ മൊത്തത്തിലുള്ള വളർച്ചയിലും വലിയ മാറ്റമാണുണ്ടാവുകയെന്നും ലോകബാങ്ക് പ്രവചിക്കുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനും ശ്രീലങ്കയും മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: