വിതുര: തങ്ങളുടെ ഊരുകളിലെത്തിയ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് വനവാസി സമൂഹത്തിന്റെ ആവേശോജ്ജ്വല സ്വീകരണം. അമ്പും വില്ലും സമ്മാനിച്ചും കപ്പയും കട്ടനും കാന്താരിയും നല്‍കിയും അവര്‍ മനസും വയറും നിറച്ച് ആഘോഷപൂര്‍വ്വം സ്വീകരിച്ചു.
വിതുര പഞ്ചായത്തിലെ പൊടിയക്കാല, മൊട്ടമൂട്, ആറ്റുമണ്‍പുറം എന്നീ സെറ്റില്‍മെന്റ് കോളനികള്‍ സന്ദര്‍ശിച്ചപ്പോഴാണ് വി. മുരളീധരന് ആഘോഷപൂര്‍വ്വം സ്വീകരണം ഒരുക്കിയത്. പൊടിയക്കാല കോളനിയിലെ ഭഗവാന് കാണി വി.മുരളീധരന് അമ്പും വില്ലും സമ്മാനിച്ചപ്പോള്‍ മറ്റുള്ളവര്‍ ചേര്‍ന്ന് കപ്പയും കട്ടനും കാന്താരിയും വിളമ്പി. മൊട്ടമൂട് കോളനിയില്‍ എത്തിയപ്പോള്‍ ഊരു മൂപ്പന് രാമന് കാണി കൈതോല കൊണ്ട് സ്വന്തമായി നിര്‍മ്മിച്ച തൊപ്പി ധരിപ്പിച്ചാണ് മുരളീധരനെ സ്വീകരിച്ചത്. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂക്കളും സമ്മാനിച്ചു. ആറ്റുമണ്‍പുറം കോളനിയിലെത്തിയപ്പോള്‍ സ്വന്തം കൈകളാല്‍ ചുട്ടെടുത്ത കശുവണ്ടി പരിപ്പ് മുരളീധരന് ആവോളം നല്കി ആദിവാസികള്‍ സ്വീകരിച്ചു. മുരളീധരനും അവിടെ കൂടിയവരും ചേര്‍ന്ന് ഒരുമിച്ച് കഴിച്ചു.
വനവാസികള്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ മുരളീധരന് മുന്നില്‍ അവതരിപ്പിച്ചു. പകുതി മാത്രം പൂര്‍ത്തിയാക്കിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആറ്റുമണ്‍പുറം കോളനിവാസികള്‍ മുരളീധരനോട് ആവശ്യപ്പെട്ടു. മറ്റു രണ്ട് വനവാസി ഊരുകള്‍ വന്യമൃഗങ്ങളുടെ ശല്യവും വാഹനസൗകര്യം ഇല്ലാത്തതിന്റെ ദുരവസ്ഥയാണ് പങ്കുവെച്ചത്. സമാധാനപൂര്‍വം പ്രശ്നങ്ങള്‍ കേട്ടറിഞ്ഞ മുരളീധരന് താന്‍ വിജയിച്ചു വരട്ടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പുനല്കിയപ്പോള് നിറഞ്ഞ മനസോടെ കയ്യടിച്ചാണ് സ്വീകരിച്ചത്.
പെരിങ്ങമ്മല പെരുംകൈത മേലാംകോട് ദേവീക്ഷേത്ര പരിസരത്തുള്ള കുടുംബാംഗങ്ങളുടെ കുടുംബ സംഗമം ഇന്നലെ വൈകുന്നേരം നടന്നു. വി.മുരളീധരന് സംഗമത്തില്‍ പങ്കെടുത്തു. വി.മുരളീധരനെ കാണാനും ശ്രവിക്കാനും സ്ത്രീകള്‍ അടക്കം വലിയ ജനാവലി ക്ഷേത്ര പരിസരത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: