കൊല്ലം: കടലേറ്റത്തെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ മുണ്ടയ്ക്കല്‍ വെടിക്കുന്ന് മേഖല കേന്ദ്രഫിഷറീസ് മന്ത്രാലയത്തില്‍ നിന്നുള്ള മൂന്നംഗ സംഘം സന്ദര്‍ശിച്ചു. ഫിഷറീസ് സോണല്‍ ഡയറക്ടര്‍ ഡോ. സിജോ പി. വര്‍ഗീസ്, ഫിഷറീസ് ശാസ്ത്രജ്ഞന് സോളി സോളമന്, ഫിഷറീസ് എന്‍ജിനീയറിങ് സൂപ്രണ്ട് ജോഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കൊല്ലം ലോക്സഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘം എത്തിയത്. കൂടുതല്‍ നാശനഷ്ടമുണ്ടായ തിരുവാതിര നഗര്‍, നേതാജി നഗര്‍, ബീച്ച് നഗര്‍ എന്നിവിടങ്ങളിലെ തകര്‍ന്ന വീടുകള്‍ നേരിട്ട് കണ്ട സംഘം തീരദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികള്‍ അടക്കമുള്ളവരില്‍ നിന്നുണ്ടാകുന്ന അവഗണനയും പ്രദേശവാസികളായ വിഷ്ണു, മണിക്കുട്ടന്, ജോഷി, ആശ, ഫ്രാഞ്ചിസ്, ഗേളി, പ്രിയങ്ക, അനീഷ്, അനുഷ, പ്രസാദ് തുടങ്ങിയവര്‍ സംഘത്തെ ധരിപ്പിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് എത്തിയതെന്നും പരിശോധന റിപ്പോര്‍ട്ട് കേന്ദ്രഫിഷറീസ് മന്ത്രാലയത്തിന് ഉടന്‍ സമര്‍പ്പിക്കുമെന്നും സോണല്‍ ഡയറക്ടര്‍ ഡോ. സിജോ പി. വര്‍ഗീസ് പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍, ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത്, സെക്രട്ടറി ഷാലു, മണ്ഡലം പ്രസിഡന്റുമാരായ ഹരീഷ് തെക്കേടം, ടി.ആര്. അഭിലാഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തിപ്പമുണ്ടായിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംഘം നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തും. തിരുവനന്തപുരം അഞ്ചുതെങ്ങ് പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് സംഘം കൊല്ലത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: