രുദ്രാപൂർ : അഴിമതിക്കാർക്കെതിരായ നടപടി തുടരുമെന്നും ഭീഷണിയും അധിക്ഷേപവും കൊണ്ട് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ധംസിംഗ് നഗർ ജില്ലയിലെ രുദ്രാപൂരിൽ നിന്ന് ഉത്തരാഖണ്ഡിലെ ലോക്‌സഭാ പ്രചാരണം ആരംഭിച്ച അദ്ദേഹം കഴിഞ്ഞ 50-60 വർഷത്തേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷമായി ഉത്തരാഖണ്ഡിൽ നടന്നിട്ടുണ്ടെന്നും പറഞ്ഞു.
“അഴിമതിക്കാർ ജയിലിൽ പോകണമെന്ന് നിങ്ങൾ കരുതുന്നില്ലേ. അഴിമതിക്കാർ എന്നെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. പക്ഷേ അവർക്ക് എന്നെ തടയാൻ കഴിയില്ല. അഴിമതിക്കാർക്കെതിരെയുള്ള നടപടികൾ തുടരും,” -മോദി പ്രവർത്തകരോടായി സൂചിപ്പിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ജെഎംഎം നേതാവ് ഹേമന്ത് സോറന്റെയും അറസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
തന്നെ കൂടുതൽ ശക്തിപ്പെടുത്താൻ ജനങ്ങളോട് ആവശ്യപ്പെട്ട മോദി, മൂന്നാം ടേമിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന് താൻ ഉറപ്പുനൽകിയതായി പറഞ്ഞു.
മോദിയുടെ ഗ്യാരൻ്റി എന്നാൽ ഗ്യാരണ്ടി പൂർത്തീകരിക്കുക എന്നാണർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ദേശ്യങ്ങൾ ശരിയായിരിക്കുമ്പോഴാണ് വികസനം സംഭവിക്കുന്നത്. ശരിയായ ഉദ്ദേശ്യങ്ങൾ നല്ല ഫലങ്ങളിലേക്ക് നയിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: