കോട്ടയം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ ആവശ്യമായ സ്റ്റെന്‍ഡും അനുബന്ധ ഉപകരണങ്ങളും നല്കുന്ന ഏജന്‍സികള്‍ക്ക് കൊടുക്കാനുള്ളത് 143 കോടി രൂപ. കുടിശിക ഉടന്‍ കൊടുത്തില്ലെങ്കില്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്്ളാന്റ്സ് ആന്‍ഡ് ഡിസ്പോസിബിള്‍ എന്ന സംഘടന മുന്നറിയിപ്പു നല്കി.
നേരത്തെ ഇതു സംബന്ധിച്ച് ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും കത്തയച്ചുവെങ്കിലും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്കിയ വകയില്‍ 10 വര്‍ഷത്തെ പലവിധ കുടിശികളുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ കുടിശിയായ 143 കോടിയെങ്കിലും ഉടന്‍ നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.
കുടിശിക നല്കാതിരിക്കാന് ഏജന്‍സികളെ മറികടന്ന് ഉപകരണങ്ങള്‍ നേരിട്ടു വാങ്ങാനും ഇതിനിടെ സര്‍ക്കാര്‍ നീക്കം നടത്തി. എന്നാല്‍ നേരിട്ട് ഉപകരണങ്ങള്‍ നല്‍കില്ലെന്ന് കമ്പനികള്‍ നിലപാടെടുത്തതോടെയാണ് ആ തന്ത്രം പൊളിഞ്ഞത്.
നിലവില്‍ കുറച്ചുകാലത്തേയ്ക്കുള്ള സ്റ്റെന്‍ഡ് സ്റ്റോക്കുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അനുബന്ധ ഉപകരണങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുന്നില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ വരും ദിവസങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താനാവാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നുതന്നെയാണ് സൂചന. പാവപ്പെട്ടവരെയാണ് ഇത് ബാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: