ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് സ്വന്തമാക്കി ശ്രീലങ്ക. ലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 531 റണ്‍സിനെതിരെ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 178 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ ആദ്യ ഇന്നിങ്സില്‍ 353 റണ്‍സിന്റെ ലീഡാണ് ലങ്ക സ്വന്തമാക്കിയത്. തുടര്‍ന്ന് എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ശ്രീലങ്ക മൂന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് കൈയിലിരിക്കെ 455 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് അവര്‍ക്ക് സ്വന്തമായിട്ടുള്ളത്. 39 റണ്‍സുമായി എയ്ഞ്ചലോ മാത്യൂസും മൂന്ന് റണ്ണുമായി പ്രഭാത് ജയസൂര്യയുമാണ് ക്രീസില്‍.
നാല് റണ്‍സെടുത്ത ദിമുത് കരുണരത്നെ, 34 റണ്‍സെടുത്ത നിഷാന്‍ മധുഷ്ക, കുശാല്‍ മെന്‍ഡിസ് (2), ദിനേഷ് ചണ്ഡിമല്‍ (9), ധനഞ്ജയ ഡി സില്‍വ (1), കമിന്ദു മെന്‍ഡിസ് (9) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്കയ്ക്ക് നഷ്ടമായത്. ബംഗ്ലാദേശിനുവേണ്ടി ഹസന് മഹ്മുദ് നാലും ഖാലിദ് അഹമ്മദ് രണ്ടും വിക്കറ്റുകള്‍ വീഴത്തി.
ഒന്നിന് 55 റണ്‍സ് എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശ് ലങ്കന്‍ ബൗളര്‍മാരുടെ കൃത്യമായ ബൗളിങ്ങിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. നാല് വിക്കറ്റ് വീഴ്ത്തിയ അഷിത ഫെര്‍ണാണ്ടോ, രണ്ട വീതം വിക്കറ്റുകള്‍ വീഴ്ത്തിയ വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര, പ്രഭാത് ജയസൂര്യ എന്നിവരുടെ മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 178 റണ്‍സിലൊതുക്കിയത്. 54 റണ്‍സെടുത്ത സാക്കിര്‍ ഹസ്സനാണ് അവരുടെ ടോപ് സ്കോറര്‍. മൊനിമുള്‍ ഹഖ് 33ഉം ഷാക്കിബ് അല്‍ ഹസ്സന് 15ഉം തൈജുല്‍ ഇസ്ലാം 22ഉം മഹ്മദുള്‍ ഹസന് ജോയ് 21ഉം റണ്‍സെടുത്തു. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: