തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിക്കും വികസനത്തിനുമുള്ള അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള രൂപരേഖ തയാറാക്കുന്നതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കുന്നു. ഇതിനായി ‘എന്താണ് കാര്യം?’ എന്ന പേരില്‍ പ്രത്യേക പ്രചാരണത്തിന് തുടക്കമിട്ടു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പദ്ധതി അവതരിപ്പിച്ചത്.
പൊതുജനങ്ങള്‍ക്ക് ഫോണിലൂടേയും ഓണ്‍ലൈനായും നേരിട്ടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കുന്നതിന് മണ്ഡലത്തിലുടനീളം വിവിധയിടങ്ങളില്‍ പെട്ടികള്‍ സ്ഥാപിക്കും. ഫോണില്‍ 8078070777 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് നേരിട്ടും വിളിക്കാം. കൂടാതെ [email protected] എന്ന ഇമെയിലിലും, ക്യു ആര് കോഡ് സ്കാന്‍ ചെയ്താല്‍ ലഭിക്കുന്ന ഫോം മുഖേനയും പൊതുജനങ്ങള്‍ക്ക് ഏപ്രില്‍ 10 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
പൊതുജനങ്ങള്‍ക്കു കൂടി പറയാനുള്ള കേള്‍ക്കുക എന്നതാണ് എന്തുണ്ട് കാര്യം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇവയെല്ലാം പരിശോധിച്ച് തയാറാക്കുന്ന മിഷന് രേഖ ഏപ്രില്‍ 11 ന് ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ പ്രകടനം ജനങ്ങള്‍ക്ക് വിലയിരുത്താം. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
ഇത് ഒരു മത്സരമല്ല; രാജ്യം തന്നിലേല്‍പ്പിച്ച നിയോഗമാണ് എന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ടെക്ക് ഹബ്, നോളെജ് സെന്റര്‍, ബ്ലൂ ഇക്കോണമി, സ്പോര്‍ട്സ്, ടൂറിസം എന്നീ മേഖലകളില്‍ തിരുവന്തപുരത്ത് കൊണ്ടുവരേണ്ട വികസനം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങളെ സമീപിച്ചപ്പോള്‍ വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന നിരവധി പ്രശ്നങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
ജനങ്ങള്‍ പറയുന്ന വിഷമങ്ങളെല്ലാം ഞാന്‍ അപ്പപ്പോള്‍ എഴുതി സൂക്ഷിക്കുന്നു. അവ പരിഹരിക്കും. ഇപ്പോള്‍ പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ഉടന്‍ ചെയ്യുന്നുമുണ്ട്. ഇവിടുത്തെ വികസനമില്ലായ്മ വളരെ സങ്കടത്തോടെയാണ് കാണുന്നത്. ഇത് മാറണം. മാറ്റാന്‍ എനിക്ക് ആഗ്രഹമുണ്ട്. അത് ഞാന്‍ ചെയ്യും. പതിവു വാഗ്ദാനങ്ങളായിരിക്കില്ല ഇത്. നടപ്പിലാക്കുന്ന കാര്യങ്ങളെ ഞാന്‍ പറയൂ. നിലവിലെ എംപി 15 വര്‍ഷമായി കുറെ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അഞ്ചു വര്‍ഷം അദ്ദേഹം മന്ത്രി ആയിരുന്നിട്ടും തിരുവനന്തപുരത്തിന് പ്രയോജനം ലഭിച്ചില്ല. എന്നാല്‍ ഞാന്‍ പറയുന്നത് ചെയ്യുന്ന ആളാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങളുമായാണ് ചിലര്‍ ഇറങ്ങുന്നത്. അവര്‍ ജയിച്ചുവന്നപ്പോള്‍ എന്ത് ചെയ്തു എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല. പകരം ജനങ്ങളെ പേടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാജീവ്ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്, മുഖ്യരക്ഷാധികാരി എം.എസ്.കുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: