കുളു: ഹിമാചൽ പ്രദേശിലെ റോഹ്താങ് ടണൽ എന്നറിയപ്പെടുന്ന അടൽ തുരങ്കത്തിൽ കനത്ത മഞ്ഞു വീഴ്ച. ശനിയാഴ്ചയാണ് മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തത്. കിഴക്കൻ പിർ പഞ്ചൽ ശ്രേണിയിൽ ഉൾപ്പെടുന്ന റോഹ്താങ് ചുരത്തിന് കീഴിലാണ് ടണൽ നിർമ്മിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ് ട്രാഫിക്, ടൂറിസ്റ്റ്, റെയിൽവേ പൊലീസാണ് മഞ്ഞുവീഴ്ച ഔദ്യോഗികമായി അറിയിച്ചത്.
ഉയർന്ന പ്രദേശങ്ങളിലും വനവാസി മേഖലകളിലും നിലവിൽ മഞ്ഞു വീഴ്ച തുടരുകയാണ്. ഏപ്രിൽ നാല് വരെ മേഖലയിൽ മഴ പെയ്തേക്കുമെന്നാണ് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വെള്ളിയാഴ്ച രാത്രിയോടെ സംസ്ഥാനത്ത് മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 168 റോഡുകളിൽ ഗതാഗതം നിരോധിച്ചു. കൂടാതെ ഷിംലയിലും മറ്റ് പരിസര പ്രദേശങ്ങളിലും ഇടവിട്ടുള്ള മഴയും ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെട്ടു. പ്രദേശത്ത് ആലിപ്പഴ വർഷവും സോളനിലെ യാത്ര ദുഷ്‌കരമാക്കി.
ധുന്ധിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് പോർട്ടലിന് ചുറ്റും സ്ഥിതി ചെയ്യുന്ന മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയാണ് സംഭവിക്കുന്നത്. ഇതിനാൽ ഈ മേഖലയിലൂടെയുള്ള ഗതാഗതം അനുയോജ്യമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് മണാലിക്ക് സമീപമുള്ള റോഹ്താങിലെ അടൽ ടണലിലെയിം ഗതാഗതം സ്തംഭിച്ചത്.
കൽപയിലും കുക്കുംശേരിയിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് സെന്റീമീറ്റർ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു. കീലോംഗിൽ മൂന്ന് സെന്റീമീറ്റർ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. ഇന്നലെ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയും ശക്തമായ കാറ്റും ആലപ്പഴവും പെയ്തു.
മഞ്ഞു വീഴ്ച രൂക്ഷമായതിനാൽ ചമ്പ, കാൻഗ്ര, കുളു, മാണ്ഡി, ഷിംല, സോളൻ, ലാഹൗൾ-സ്പിതി എന്നീ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഹിമാചൽ പ്രദേശിലെ ലേ-മണാലി ഹൈവേയിൽ സ്ഥിതി ചെയ്യുന്ന 10,000 അടി ഉയരത്തിലുള്ള ഏറ്റവും നീളമേറിയ സിംഗിൾ ട്യൂബ് ഹൈവേ ടണലെന്ന് ബഹുമതി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: