ന്യൂദല്‍ഹി: സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു.11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ച് നികുതി റിട്ടേണ്‍ ചെയ്തതിനാലുളള കുടിശ്ശികയും പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനുളള പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസില്‍ പറയുന്നത്.ഇത് സംബന്ധിച്ച അഭിഭാഷകരുമായി കൂടിയാലോചന നടത്തുകയാണെന്നാണ് മുതിര്‍ന്ന സിപിഐ നേതാവ് പിടിഐയോട് പ്രതികരിച്ചത്.
നേരത്തേ കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. പിഴയും പലിശയുമുള്‍പ്പെടെ 1700 കോടി രൂപയാണ് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പ് ചുമത്തിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാതെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് കടുത്ത ആഘാതമാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കം 1700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വൈകുന്നേരം നല്‍കിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി പുനര്‍ നിര്‍ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി.
2014-15, 2016-17 സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണയത്തിനെതിരെയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. 2018-19 വര്‍ഷത്തെ നികുതി കുടിശികയായി കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: