നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കടുത്ത കുടിവെള്ളക്ഷാമം. പരിഹാരം ആവശ്യപ്പെട്ട് ബിജെപി. കടുത്തേ വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ ശരിക്കും ദുരിതത്തിലായി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുടിക്കാന്‍ ഒരു തുള്ളി വെള്ളം ഇല്ലാത്ത സാഹചര്യമാണ്. വേനല്‍ ചൂടില്‍ രോഗഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മുന്നറിയിപ്പ് നല്കുന്നതാകട്ടെ രോഗം വരാതിരിക്കാന്‍ ഈ കാലാവസ്ഥയില്‍ ശരിക്കും വെള്ളം കുടിക്കണമെന്നാണ്.
എന്നാല്‍ നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. കുടിവെള്ളത്തിനായി പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ച് നെയ്യാറില്‍ നിന്നുമാണ് കുടിവെള്ളം കണ്ടെത്തുന്നത്. ഇത്തരത്തില്‍ ദിവസങ്ങളായി കുടിവെള്ളം എത്താത്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ എത്തി കുടിവെള്ളക്ഷാമത്തിനെതിരെ പ്രതിഷേധിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ കൗണ്‍സിലര്‍മാരുമായി ചര്‍ച്ച നടത്തി കുടിവെള്ളക്ഷാമത്തിന് അടിയന്തരമായി നടപടിയെടുക്കാമെന്നു ഉറപ്പ് നല്കി.
ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം പുതിയ കണക്ഷനുകളുടെ വര്‍ധിച്ച എണ്ണവും അതിന് ആവശ്യമായ സംഭരണശേഷി ഇല്ലാത്തതുമാണ്. വണ്ടന്നൂര്‍ ഭാഗത്തെ റോഡ് നിര്‍മാണത്തില്‍ കാളിപ്പാറലൈനില് അറ്റകുറ്റപണിയും പമ്പിംഗ് മോട്ടോര്‍ തകരാറിലായതും ജലക്ഷാമം രൂക്ഷമാക്കാനിടയാക്കിയെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വേനല്‍ക്കാലത്ത് ജനങ്ങള്‍ക്ക് കൃത്യമായിട്ട് കുടിവെള്ളം ലഭ്യമാക്കിയില്ലെങ്കില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹം നടത്തുമെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, മഞ്ചത്തല സുരേഷ്, മരങ്ങാലി ബിനുകുമാര്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: