കോട്ടയം: പാലാ ആര്.ഡി.ഒ നിരസിച്ച പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്കാന് ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കളിലൊരാള്‍ ഇതര മതവിഭാഗത്തില്‍പെട്ടതാണെന്ന പേരില്‍ മക്കള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യാനിയായ ഭര്‍ത്താവ് മതംമാറാതെ തുടരുകയാണെന്ന് കാട്ടി പാലാ ആര്.ഡി.ഒ മകള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നിരസിച്ചത് ചോദ്യംചെയ്ത് പുലയ വിഭാഗത്തില്‍പെട്ട കുറുപ്പുന്തറ സ്വദേശിനി നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്. മിശ്രവിവാഹവും ആനുകൂല്യങ്ങളും സംബന്ധിച്ച 2008 നവംബറിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കുട്ടിക്ക് ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുമ്പ് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നതിനാല്‍ കുട്ടി പുലയ സമുദായത്തിന്റെ ഭാഗമായാണ് വളര്ന്നതെന്നിരിക്കെ മാതാപിതാക്കള്‍ മിശ്രജാതി വിവാഹം കഴിച്ചതാണോ അല്ലയോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കുംമുമ്പ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കോടതി അത് അംഗീകരിച്ചില്ല. ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട 1996ലെ കേരള പട്ടികജാതി പട്ടികവര്‍ഗ റെഗുലേഷന്‍സിലെ വ്യവസ്ഥകള്‍ പ്രകാരവും സുപ്രീംകോടതി വിധികള്‍ അനുസരിച്ചും സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടെന്നും ഒരു മാസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കാനും കോടതി ഉത്തരവിട്ടു.
നേരത്തെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മാഞ്ഞൂര്‍ വില്ലേജ് ഓഫിസര്‍ ശിപാര്‍ശ ചെയ്തെങ്കിലും വൈക്കം തഹസില്‍ദാര്‍ തള്ളി. കലക്ടര്‍ക്ക് പരാതി നല്കിയപ്പോള് നടപടിക്ക് ആര്.ഡി.ഒക്ക് അയച്ചു. അപേക്ഷ നിരസിച്ച് ആര്.ഡി.ഒ ഉത്തരവിടുകയായിരുന്നു.
ഹിന്ദുമതത്തിലെ മറ്റേതെങ്കിലും ജാതിക്കാരനുമായല്ല, മറ്റൊരു മതസ്ഥനുമായാണ് വിവാഹമെന്നതിനാല്‍ മിശ്രജാതി വിവാഹമായി കണക്കാക്കാനാവില്ലെന്നായിരുന്നു ആര്.ഡി.ഒയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: