മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ കമ്പനിയായ എക്സാലോജിക്ക് സൊലൂഷന്‍സും സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ഇ ഡി ഇഎസ്ഐആര്‍ അഥവാ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കും സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സേവനമൊന്നും നല്‍കാതെ എക്സാലോജിക്ക് സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായ പണം കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്ഐഒ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇ ഡിയുടെ കൊച്ചി യൂണിറ്റ് നടത്തുന്ന അന്വേഷണ പരിധിയില്‍ എക്സാലോജിക്കും സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെടും. എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്ന വീണ വിജയന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇത് വലിയ തിരിച്ചടിയായി.
എക്സാലോജിക് കമ്പനി ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ ഡിയുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും വലിയ പ്രഹരമായിരിക്കുകയാണ്.
എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണത്തിനെതിരെ പ്രതീക്ഷിച്ചതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പ്രതികരണങ്ങളുണ്ടായിരിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് ആദ്യത്തേതല്ല, അവസാനത്തേതുമാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള എതിര്‍പ്പുകള്‍ക്ക് കേന്ദ്രം വിലകൊടുക്കുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇ ഡി കൂലിപ്പണിയെടുക്കുന്നു എന്നാണ് പതിവുപോലെ എം.വി. ഗോവിന്ദന്റെ തരംതാണ പ്രതികരണം. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. ജയിലില്‍ കഴിയുന്ന കേജ്രിവാളിന് കോടതി ജാമ്യംപോലും നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച് ഇതുവരെ നിശബ്ദത പാലിച്ച മുഖ്യമന്ത്രി ഇപ്പോഴാണ് പ്രതികരിക്കുന്നത്. ഇ ഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്ക്കെതിരെയാണ്. മകള്‍ക്ക് മാസപ്പടി ലഭിച്ചത് പിണറായി വിജയന്റെ ഭരണസ്വാധീനത്താലാണെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ‘പിവി’ എന്ന ചുരുക്കപ്പേരില്‍ പിണറായി വിജയന് കോടികള്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഒന്നുംതന്നെ പറയാത്ത മുഖ്യമന്ത്രി, കേജ്രിവാളിന്റെ പിന്നിലൊളിക്കുന്നത് ഭീരുത്വമാണ്. മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് മകള്‍ക്കെതിരായ അന്വേഷണം ഇഡി ഏറ്റെടുത്തതിനെക്കുറിച്ചാണ്.
മകള്‍ മാസപ്പടി കൈപ്പറ്റിയെന്നതിനെക്കുറിച്ചുള്ള അന്വേഷണം പിണറായിയിലേക്കും നീളുമെന്ന് വ്യക്തമാണ്. സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് ‘പിവി’ എന്ന ചുരുക്കപ്പേരുള്ളയാള്‍ കോടികള്‍ കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പറയുന്ന ‘പിവി’ താനല്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ആരും അത് മുഖവിലയ്ക്കെടുക്കില്ല. അഴിമതിക്കേസുകളുടെ കാര്യത്തില്‍ പാര്‍ട്ടി നേതാവെന്ന നിലയ്ക്കും മുഖ്യമന്ത്രിയെന്ന നിലയ്ക്കും പിണറായി വിജയന്റെ പശ്ചാത്തലം എല്ലാവര്‍ക്കുമറിയാം. പണം കൈപ്പറ്റിയ മറ്റ് ചില നേതാക്കളുടെ ചുരുക്കപ്പേരുകളും റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ കൈപ്പറ്റിയത് പാര്‍ട്ടികള്‍ക്കായുള്ള സംഭാവനകളാണെന്ന് ഈ നേതാക്കള്‍ പറയുകയുണ്ടായി. ഇങ്ങനെ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല. കിട്ടിയ പണം പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കാത്തതാവാം കാരണം. വിവാദത്തില്‍പ്പെട്ട കരിമണല്‍ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് പല കാര്യങ്ങളും ചെയ്തുകൊടുത്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇ ഡിയുടെ അന്വേഷണം ഇതിലേക്കൊക്കെ നീളുമെന്നാണ് കരുതേണ്ടത്. ഇ ഡി വന്നാല്‍ അപ്പോള്‍ കാണാമെന്നാണ് മുഖ്യമന്ത്രിയുടെ ബന്ധുവായ ഒരു മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇ ഡി വന്നിരിക്കുന്നു. ഇപ്പോഴെന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാവും. ഇ ഡി അന്വേഷിക്കുന്ന കിഫ്ബിയുടെ മസാല ബോണ്ട് കേസിലും മുഖ്യമന്ത്രിക്ക് പലതും ഭയപ്പെടാനുണ്ട്. പൊതുതെരഞ്ഞെടുപ്പിന്റെ ഒത്തനടുവില്‍ നില്ക്കുമ്പോള് ഇ ഡിയുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തിരിയുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: