Categories: India

ഹമാസിന്റേത് ഭീകരാക്രമണമെന്നാവര്‍ത്തിച്ച് എസ്. ജയശങ്കര്‍; ‘പാലസ്തീനികള്‍ക്ക് അവരുടെ ജന്മഭൂമി നിഷേധിക്കപ്പെടുന്നു’

Published by

ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ വീണ്ടും ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മലേഷ്യയിലെ കോലാലംപൂരില്‍ സംഘടിപ്പിച്ച പരപാടിയില്‍ ഭാരത സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന് രണ്ട് വശങ്ങളുണ്ട്. അതില്‍ ആദ്യത്തേത് ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ നടത്തിയ ഭീകരാക്രമണം ആയിരുന്നു. മറുവശത്ത് സാധാരണക്കാരുടെ മരണം. അത് ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. പാലസ്തീനികള്‍ക്ക് അവരുടെ മാതൃരാജ്യം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. രാജ്യങ്ങളെ ന്യായീകരിക്കാന്‍ സാധിക്കും. എന്നാല്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ട് പോകാനും കഴിയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുകൂട്ടര്‍ക്കുമിടയിലെ ശരിതെറ്റുകള്‍ എന്തായാലും, പാലസ്തീനികളുടെ അടിസ്ഥാന പ്രശ്നത്തിന് മാറ്റമുണ്ടാകുന്നില്ല. സ്വന്തം രാജ്യത്തിന് മേല്‍ അവര്‍ക്ക് അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. അതേപോലെ റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തിലും ഭാരതം കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. ഉക്രൈന്‍ വിഷയത്തില്‍ റഷ്യയോട് തുറന്ന് സംസാരിക്കാന്‍ അവസരം ലഭിച്ച രാജ്യമാണ് ഭാരതം. യുദ്ധഭൂമിയില്‍ നിന്ന് കൊണ്ട് ഒരു പ്രശ്നത്തിനും പരിഹാരം ഉണ്ടാകാന്‍ പോകുന്നില്ലെന്ന നിലപാടാണ് ഭാരതത്തിന്. നിരപരാധികളെയാണ് ഇത്തരം സംഘര്‍ഷങ്ങള്‍ എപ്പോഴും ബാധിക്കുന്നത്. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്നതാണ് ഇവിടെ സ്വീകാര്യമാകുക. സംഘര്‍ഷത്തിലൂടെ ഓരോ രാജ്യങ്ങള്‍ക്കും വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാടാണ് ഭാരതം സ്വീകരിച്ചിട്ടുള്ളതെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by