കോട്ടയം: പ്ളാച്ചേരി ഫോറസ്റ്റ് സ്റ്റേഷന് വളപ്പില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു സി.പി.എം നേതാവിന്റെ സഹോദരനും പാര്‍ട്ടി പ്രവര്‍ത്തകനുമായ മുക്കട പൊന്നുമൂട്ടില് ജോജി സൈമണ്‍, കണ്ടാല്‍ അറിയുന്ന 15 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.
സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നു എന്ന വാര്‍ത്ത പരന്നതോടെ കോണ്‍ഗ്രസുകാരടക്കമുള്ള നാട്ടുകാര്‍ വളപ്പില്‍ കയറി പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെ സി.പി.എം പ്രവര്ത്തകന് ഒരു പൊളിത്തീന്‍ കവറില്‍ കഞ്ചാവു ചെടിയുമായി എത്തുകയായിരുന്നു. ഇത് കഞ്ചാവാണെന്ന് അവിടെ എത്തിയ എക്സൈസ് സംഘവും സാക്ഷ്യപ്പെടുത്തി. ഫോറസ്റ്റ് സ്റ്റേഷനില്‍ വളര്‍ത്തിയ കഞ്ചാവ് ആണോ ഇതെന്ന് ഇനിയും വ്യക്തമല്ലെന്നും പോലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
എരുമേലി റെയിഞ്ച് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടില്‍ മുന്നൂറോളം കഞ്ചാവ് ചെടികള്വളര്ത്തിയിരുന്നു എന്നാണ് ചിത്രം സഹിതം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ചെടികള്‍ കണ്ടെടുത്തിട്ടില്ല. ഇത് ഒരു താല്‍ക്കാലിക ജീവനക്കാരന് പിഴുതുമാറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറെ ഗ്രോ ബാഗുകള്മാത്രമാണ് സ്ഥലത്തുനിന്ന് കണ്ടെടുത്തത്. കോട്ടയം പത്തനംതിട്ട അതിര്‍ത്തിയിലുള്ള പ്രദേശമാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്.
ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ കീഴില്‍ താല്‍ക്കാലികക്കാര്‍ അടക്കം40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത് . സംഭവത്തില്‍ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: