കാര്‍ഡിഫ്: ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന യൂറോ കപ്പിലേക്ക് മൂന്ന് ടീമുകള്‍ കൂടി. 24 ടീമുകളുള്‍പ്പെടുന്ന ടൂര്‍ണമെന്റില്‍ ആദ്യമേ യോഗ്യത നേടയിത് 21 ടീമുകളാണ്. ബാക്കിയുള്ള ആറ് ടീമുകള്‍ക്ക് പ്ലേ ഓഫിലൂടെ യോഗ്യത നേടാന്‍ അവസരമുണ്ടായിരുന്നു. ഇന്നലെ നടന്ന മൂന്ന് പ്ലേ ഓഫ് ഫൈനലുകള്‍ ജയിച്ച് മൂന്ന് ടീമുകള്‍ യോഗ്യത നേടിയതോടെ യൂറോ 2024ന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ ആയി. വെയ്ല്‍സിനെ തോല്‍പ്പിച്ച് പോളണ്ട്, ഐസ് ലന്‍ഡിനെ തോല്‍പ്പിച്ച് ഉക്രൈന്‍, മുന്‍ യൂറോ ജേതാക്കളായ ഗ്രീസിനെ തോല്‍പ്പിച്ച് ജോര്‍ജിയ എന്നിവരാണ് ഇന്നലെ യോഗ്യത നേടിയത്.
നിശ്ചിത സമയവും അധിക സമയവും ഗോള്‍രഹിതമായി പിരിഞ്ഞ പോളണ്ട്-വെയ്ല്‍സ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ട് ആണ് വിജയികളെ നിര്‍ണയിച്ചത്. 5-4നായിരുന്നു പോളണ്ടിന്റെ വിജയം. ഷൂട്ടൗട്ടില്‍ വെയ്ല്‍സിനായി അഞ്ചാം കിക്കെടുത്ത വെയ്ല്‍സ് താരം ഡാനിയേല്‍ ജെയിംസിന്റെ ഷോട്ട് പോളണ്ട് ഗോലി വോയ്‌സിയെക്ക് സെസ്‌നി തടുത്തു. ഇതോടെ വെയ്ല്‍സ് ഹോം മൈതാനത്ത് ആതിഥേയ ആരാധകരുടെ ഹൃദയം തകര്‍ത്ത് പോളണ്ട് യൂറോയിലേക്ക് പാസ് നേടി.
ഗോള്‍ ഒഴിഞ്ഞു നിന്നെങ്കിലും കളിയിലുടനീളം മികച്ച കളി കാഴ്‌ച്ചവച്ചത് വെയ്ല്‍സ് ആണ്. പക്ഷെ പെനല്‍റ്റിയിലെ പാളിച്ച ടീമിനെ വലയ്‌ക്കുകയായിരുന്നു. 120 മിനിറ്റിലേറെ നേരം കളിച്ചിട്ടും ഒരു ഓണ്‍ടാര്‍ജറ്റ് ഷോട്ട് പോലും ഉതിര്‍ക്കാതെയാണ് പോളണ്ട് കളി അവസാനിപ്പിച്ചത്.
യൂറോ കപ്പ് മുന്‍ ജേതാക്കളായ ഗ്രീസിനെ ജോര്‍ജിയ തോല്‍പ്പിച്ചതും പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ്. അതും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ജോര്‍ജിയ നാല് ഗോളുകള്‍ വലയിലെത്തിച്ചപ്പോള്‍ ഗ്രീസിന് രണ്ടെണ്ണമേ നേടാനായുള്ളൂ.
ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ 2-1ന് ജയിച്ചാണ് ഉക്രൈന്‍ യൂറോ കപ്പിന് അര്‍ഹത നേടിയത്. ആദ്യ പകുതിയില്‍ കളിക്ക് 30 മിനിറ്റെത്തിയപ്പോള്‍ ആല്‍ബര്‍ട്ട് ഗുമുന്‍ഡ്‌സണ്‍ നേടിയ ഗോളില്‍ ഐസ്‌ലന്‍ഡ് മുന്നിട്ടു നിന്നു. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഉക്രൈന്‍ വിജയിച്ചു. 54-ാം മിനിറ്റില്‍ വിക്ടര്‍ തൈഷങ്കോവും 84-ാം മിനിറ്റില്‍ മിഖായിലോ മുഡ്രിയ്‌ക്കും ആണ് ഉക്രൈനുവേണ്ടി ഗോള്‍ നേടിയത്.
യൂറോ 2024 സമ്പൂര്‍ണ പട്ടിക
ഗ്രൂപ്പ് എ: ജര്‍മനി, സ്‌കോട്ട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്‌സര്‍ലന്‍ഡ്
ഗ്രൂപ്പ് ബി: സ്‌പെയിന്‍, ക്രൊയേഷ്യ, ഇറ്റലി, അല്‍ബേനിയ
ഗ്രൂപ്പ് സി: സ്ലൊവേനിയ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഫ്രാന്‍സ്
ഗ്രൂപ്പ് ഇ: ബെല്‍ജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രൈന്‍
ഗ്രൂപ്പ് എഫ്: തുര്‍ക്കി, ജോര്‍ജിയ, പോര്‍ചുഗല്‍, ഷീസിയ
പ്രതികരിക്കാൻ ഇവിടെ എഴുതുക: