കൊച്ചി: ദേശീയ സുരക്ഷയില്‍ പ്രാധാന്യം നല്കി യുവതയ്ക്ക് പരിശീലനം നല്കുന്ന രാഷ്ട്രീയ രക്ഷാ സര്‍വകലാശാല കൂടുതല്‍ സ്ഥലങ്ങളില്‍ കാമ്പസുകള്‍ ആരംഭിക്കുന്നു. പട്നയിലും ജമ്മുകാശ്മീരിലും പുതിയ കാമ്പസ് ഉടന്‍ ആരംഭിക്കുമെന്ന് ആര്ആര്യുവിലെ അസി. പ്രൊഫസര്‍ അങ്കുര്‍ ശര്‍മ പറഞ്ഞു. കൊച്ചിയില്‍ നടന്ന രാഷ്ട്രീയ രക്ഷാ സര്‍വകലാശാലയുടെ ക്ലോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഐഎം, ഐഐടി പോലെ സുരക്ഷയ്ക്കായി ഒരു സര്‍വകലാശാല എന്ന ആശയം ലക്ഷ്യം വച്ചാണ് ആര്‍ആര്‍യു 2020ല്‍ ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഗുജറാത്ത് ആസ്ഥാനമായാണ് സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. നാല് ക്യാമ്പസുകളിലായി നാല്പത്തിമൂന്ന് കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളില്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് വിവിധ പ്രദേശങ്ങളില്‍ കാമ്പസുകള്‍ സ്ഥാപിക്കുന്നതെന്ന് അങ്കുര്‍ ശര്‍മ പറഞ്ഞു. പ്ലസ് ടു യോഗ്യതയുളള ആര്‍ക്കും കോഴ്സിന് അപേക്ഷിക്കാം. അഡ്മിഷന് എന്‍ട്രന്‍സ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്.
ഭാരതത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ആര്‍ആര്‍യു പരിശീലനം നല്‍കാറുണ്ടെന്നും അങ്കുര്‍ ശര്‍മ പറഞ്ഞു. കോണ്‍ക്ലേവില്‍ ആര്‍ആര്‍യു മാരിടൈം ലോ പ്രൊഫ. ക്യാപ്റ്റന്‍ അലക്സ് ആന്റണി, ഔട്ട്റീച്ച് ഓഫീസര്‍ സബ്യസാചി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: