അയോദ്ധ്യ: ആദ്യഹോളിയില്‍ ആറാടി ബാലകരാമന്. സര്‍വാഭരണങ്ങളണിഞ്ഞ്, നിറങ്ങളില്‍ നീരാടി ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനമേകി അയോദ്ധ്യയിലെ ശ്രീരാംലല്ല. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമെത്തിയ ആദ്യ ഹോളി ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിലെത്തിയത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ശ്രീരാമക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് എക്സിലൂടെ പങ്കുവച്ചു.
ഹോളി ആഘോഷങ്ങള്‍ക്ക് നിറം പകര്‍ന്ന രംഗോത്സവത്തിന്റെ ഭാഗമായി പനിനീര് പൂക്കള്‍ കൊണ്ട് പൂജാരിമാര്‍ രാംലല്ലയ്ക്ക് അഭിഷേകം നടത്തി. ജനങ്ങള്‍ക്കൊപ്പം ഭഗവാനും ഹോളിയില്‍ പങ്കെടുക്കുന്ന സങ്കല്പത്തിലാണ് ഇന്നലെ ബാലകരാമനെ ഒരുക്കിയത്.
ഒരുദിവസം മുമ്പുതന്നെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ആടിയും പാടിയും നിറങ്ങള്‍ പൂശിയും ഹോളി കൊണ്ടാടി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമെത്തിയ ആദ്യ രംഗഭരി ഏകാദശിയില്‍ ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ വര്ണമാലകള് പൂശി രംഗോത്സവത്തിന് തുടക്കം കുറിച്ചിരുന്നു. അയോദ്ധ്യയും പരിസരവും കീര്‍ത്തനങ്ങളും ഭജനകളും നൃത്തവും കൊണ്ട് ആഹ്ലാദഭരിതമായ ദിനങ്ങളാണ് കടന്നുപോകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
രാമനവമിക്ക് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ 25 മുതല്‍ 30 ലക്ഷം വരെ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ഇത്രയും തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ അയോദ്ധ്യയില്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം എക്സിലൂടെ അറിയിച്ചു. രാമനവമി നാളുകളില്‍ എത്ര നേരം ബാലകരാമന് ദര്‍ശനം നല്കാനാവുമെന്നതിനെപ്പറ്റി ആലോചിക്കുകയാണ്. ജനങ്ങള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലും ആ ദിവസം ആഘോഷിക്കുന്നതെപ്പറ്റി ആലോചിക്കാവുന്നതാണ്, അദ്ദേഹം പറഞ്ഞു.
ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടന്നതിന് ശേഷമെത്തുന്ന ആദ്യ രാമനവമി എന്ന നിലയില്‍ വലിയ തീര്ത്ഥാടകനിരയെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്രയധികം ജനങ്ങളെ ഒരുമിച്ച് ഉള്‍ക്കൊള്ളാന്‍ ഇനിയും അയോദ്ധ്യ തയാറെടുക്കേണ്ടതുണ്ട്.
സാധാരണനിലയില്‍ത്തന്നെ അഞ്ച് ലക്ഷം വരെ തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിനാളുകളാണ് അയോദ്ധ്യയില്‍ വന്ന് തങ്ങുന്നത്. ഈ സാഹചര്യത്തിലാണ് രാമനവമി പ്രമാണിച്ച് കൂടുതല്‍ ഒരുക്കങ്ങള്‍ ആവശ്യമാണെന്ന് ട്രസ്റ്റ് തീരുമാനി ച്ചതെന്ന് ചമ്പത് റായ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: