മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാരത ക്രിക്കറ്റ് ടീം ഓസ്ട്രേലിയന്‍ പര്യടനത്തിന്. ഇക്കൊല്ലം നവംബര്‍ അവസാനത്തോടെയാണ് പരമ്പരയ്ക്ക് തുടക്കം. 2025 ജനുവരി ആദ്യ ആഴ്ച്ചവരെ നീളും. മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായി ഇരുടീമുകളും തമ്മില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്നുവെന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. ടെസ്റ്റുകളുടെ വേദിയും ദിവസവും പ്രഖ്യാപിച്ചുകഴിഞ്ഞു.
നവംബര്‍ 26നാണ് ആദ്യ ടെസ്റ്റ്. പെര്‍ത്തിലാണ് പരമ്പരയ്ക്ക് തുടക്കമിടുക. പരമ്പരയിലെ പിങ്ക്ബോള്‍ ടെസ്റ്റ് അഥവാ രാത്രിയും പകലുമായി നടക്കുന്ന മത്സരം ഡിസംബര്‍ ആറിനാണ് തുടങ്ങുക. അഡ്ലെയ്ഡിലെ ഓവല്‍ ആണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ വേദി. ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് ഭാരത ടീം പരിശീലന ടെസ്റ്റ് കളിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീടേ അറിയിക്കൂ.
പരമ്പരയിലെ രണ്ടാം മത്സരമാണ് പിങ്ക്ബോള്‍ ടെസ്റ്റായി നടക്കുക. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14ന് ബ്രിസ്ബേനിലെ ഗബ്ബ സ്റ്റേഡിയത്തില്‍. നാലാം ടെസ്റ്റ് പതിവുപോലെ ഡിസംബര്‍ 26ന് മെല്‍ബണില്‍ ബോക്സിങ് ഡേ ടെസ്റ്റായി ആരംഭിക്കും. അവസാന ടെസ്റ്റ് അടുത്ത വര്‍ഷം ജനുവരി മൂന്നിന് ആരംഭിക്കും. സിഡ്നി ആയിരിക്കും അവസാന ടെസ്റ്റ് മത്സരത്തിന് ആതിഥ്യമരുളുക.
1991-92ന് ശേഷം ആദ്യമായാണ് ഭാരതവും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നത്. ഇതിന് മുമ്പ് രണ്ട് തവണ ഓസ്ട്രേലിയയില്‍ പോയപ്പോഴും ഭാരതം ആണ് പരമ്പര സ്വന്തമാക്കിയത്. 2018-19ലും 2020-21ലും ഓസ്ട്രേലിയയിലെത്തി ആതിഥേയരെ കീഴടക്കി ഭാരതം പരമ്പര സ്വന്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: