തിരുവനന്തപുരം: ജില്ലയിലെ പ്രമുഖ പ്രസവാശുപത്രിയായ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലൂടെയോ ആശുപത്രിയിലേക്കോ യാത്രചെയ്യുന്നത് പ്രാണഭയത്തോടെ വേണം. ദിവസവും നൂറ് കണക്കിന് ഗര്‍ഭിണികളും കുട്ടികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെങ്കിലും യാതൊരു പരിഗണനയുമില്ലാതെ ആശുപത്രിക്കു മുന്‍വശത്ത് റോഡാകെ കുത്തിക്കുഴിച്ച് ചാലുകീറിയും മീറ്ററുകള്‍ ആഴത്തിലുള്ള പടുകൂറ്റന്‍ കുഴികള്‍ തീര്‍ത്തും റോഡെന്ന് വിശ്വസിക്കാനാകാത്തവിധം കുഴിച്ചുകോരിയിട്ടിരിക്കുകയാണ്.
ആല്‍ത്തറ-തൈക്കാട് റോഡ് വികസനത്തിന്റെ പേരിലാണ് റേഡില്‍ കൂറ്റന്‍ കുഴികളെടുത്ത് പണി പാതിവഴിയിലാക്കിയിട്ടിരിക്കുന്നത്. ആശുപത്രിയിലേക്ക് കയറുന്ന വഴിയുടെ നടുക്ക് വന്‍കുഴിയെടുത്തിട്ട് രണ്ടുമാസമാകാറായി. ഓഫ് റോഡ് പോലും തോറ്റു പോകുന്ന റോഡിലൂടെ ജീവനും കൈയില്‍ പിടിച്ചാണ് രോഗികളുടെയും ഗര്‍ഭിണികളുടെയും യാത്ര. ആശുപത്രിയിലേക്കുള്ള റോഡ് കുത്തിക്കുഴിച്ചിട്ടിട്ട് മെറ്റല്‍ വിരിച്ചിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും നിരങ്ങിനീങ്ങുന്നത് പതിവുസംഭവമാണ്.
കയറ്റം കയറുമ്പോഴും ഇറങ്ങുമ്പോഴും ഇരുചക്രവാഹനങ്ങള്‍ ഇളകി കിടക്കുന്ന മെറ്റലില്‍ തെന്നിവീണ് അപകടങ്ങളും വര്‍ധിക്കുന്നു. ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ജീവാപായം കൂടാതെ രക്ഷപ്പെടാന്‍ സാധിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കു പോലും ആശുപത്രിയിലേക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊടിയുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. തൈക്കാട് ആശുപത്രിക്ക് ചുറ്റുമുള്ള റോഡുകള്‍ അടച്ചതോടെ ഇവിടം ഒറ്റപ്പെട്ടിരിക്കുന്നു. ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതിചെയ്യുന്നുണ്ട്. ദുരന്തത്തിനുവേണ്ടി കാത്തിരിക്കുന്നതുപോലെ തുരുമ്പിച്ച് ദ്രവിച്ച് വീഴാറായ നിലയിലാണത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 242 കോടിയാണ് സ്മാര്‍ട്ട് റോഡിനായി മാറ്റിവച്ചിരിക്കുന്നത്. ഇതില്‍ 40 കോടിയുടെ പണി മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. 2020 ല്‍ അനുവദിച്ച തുക വരുന്ന ജൂണ്‍ അവസാനം ലാപ്സാകും. ബാക്കിയുള്ള 202 കോടി രൂപ നഷ്ടമാകുന്നത് തടയാനായാണ് എല്ലാ റോഡും ഒന്നിച്ച് അടച്ചിട്ട് ജനങ്ങളെ ബന്ധിയാക്കിക്കൊണ്ടുള്ള റോഡ് പണി. തലസ്ഥാനത്തെ റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ ഇനിയും ഒരുമാസത്തിലധികം വേണ്ടി വരുമെന്നാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍ തന്നെ സമ്മതിക്കുന്നത്. ഇതോടെ ഏപ്രില്‍ ആദ്യം പണി പൂര്‍ത്തിയാക്കുമെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഉറപ്പാണ് പാഴാവുന്നത്. പണികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് മന്ത്രിക്കും അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: