മേഘ എഞ്ചിനീയറിംഗ് ലിമിറ്റഡ് എന്ന ഹൈദരാബാദിലെ കമ്പനി 966 രൂപ ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയതില്‍ 584 കോടി രൂപ ബിജെപിയ്ക്ക് നല്‍കിയതില്‍ മുഴുവന്‍ കുറ്റവും കണ്ടെത്തി ഒറ്റക്കണ്ണന്‍ മാധ്യമക്കൂട്ടായ്മ. അതേ സമയം സാന്റിയാഗോ മാര്ട്ടിന് എന്ന ലോട്ടറി വീരന് ഡിഎംകെയ്ക്ക് 506 കോടി കൊടുത്തത് ഈ മാധ്യമക്കൂട്ടായ്മയ്ക്ക് കുറ്റമേയല്ല. മമത ബാനര്‍ജിയുടെ പാര്‍ട്ടിക്ക് ബംഗാളിലെ മിര്‍സാ ഗാലിബ് തെരുവിലെ വരവ് ചെലവ് കണക്ക് പോലും നല്‍കാത്ത കമ്പനികള്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങി നല്കിയതും കുറ്റമല്ല.
ജോര്‍ജ്ജ് സോറോസിന് വിടുപണി ചെയ്യുന്ന മാധ്യമസംഘങ്ങള്‍
ബിജെപിയ്ക്കെതിരെ ഇലക്ടറല്‍ ബോണ്ട് വാര്‍ത്തകള്‍ തിരിച്ചുവിടുന്ന മാധ്യമക്കൂട്ടായ്മയില്‍ പലരും ജോര്‍ജ്ജ് സോറോസിന്റെ വിവിധ കമ്പനികളില്‍ നിന്നും ഫണ്ട് പറ്റുന്നവരാണ്. മോദിയെ ദുര്‍ബലപ്പെടുത്തുക എന്ന സോറോസിന്റെ അജണ്ടയാണ് അതുവഴി അവര്‍ നടപ്പാക്കുന്നത്. ഇതില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ചൈനീസ് പണം വാങ്ങിയെന്ന ആരോപണത്തില്‍ ന്യൂസ് ക്ലിക്കിന്റെ സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത് മറക്കാറായിട്ടില്ല. ഇലക്ടറല്‍ ബോണ്ടിന്റെ പേരില്‍ സുപ്രീംകോടതിയെ സമീപിച്ച ത്രിലോചന്‍ ശാസ്ത്രിയും സോറോസില്‍ നിന്നും ഫണ്ട് വാങ്ങിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു.
മോദിയെ ലാക്കാക്കി മേഘയ്ക്കെതിരെ
മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലെ സോജില്ല ടണല്‍ പണിതു എന്നതിനാലാണ് മേഘ എഞ്ചിനീയറിംഗ് കമ്പനിയെ വലിയ കുറ്റവാളിയായി മാധ്യമസംഘം അവതരിപ്പിക്കുന്നത്. ഇതേ മേഘ എഞ്ചിനീയറിംഗ് തെലുങ്കനായിലെ മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ബിആര്‍എസ് പാര്‍ട്ടിക്ക് 195 കോടി നല്‍കിയിട്ടുണ്ട്.
തെലുങ്കാനയിലെ കാളീശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി മേഘ എഞ്ചിനീയറിംഗ് കമ്പനിക്ക് നല്‍കിയത് ചന്ദ്രശേഖരറാവു തെലുങ്കാന മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ വലിയ ജലസേചന പദ്ധതി എന്നാണ് അറിയപ്പെടുന്നത്. സി& എജി റിപ്പോര്‍ട്ടില്‍ 2,600കോടി രൂപയുടെ അഴിമതി ചൂണ്ടിക്കാണിച്ചതും, ഹിന്ദു പത്രം ‘ദ ബിഗ്ഗസ്റ്റ് നാഷണല്‍ സ്കാം’ എന്ന് റിപ്പോര്‍ട്ട് ചെയ്ത പദ്ധതിയുമാണിത്. ഈ പദ്ധതിയിലെ അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ടത് ബിജെപി മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപിയുടെ അദിലാബാദ് എംഎല്‍എ പായല്‍ ശങ്കര്‍ ഈ പദ്ധതിയിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നയിക്കുക പോലും ഉണ്ടായി. എന്നിട്ടും മെഗാ എന്‍ജിനീയറിങ് കമ്പനിക്കെതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡി അന്വേഷണം പ്രഖ്യാപിക്കുന്നില്ല.
ആന്ധ്ര പ്രദേശ് സര്‍ക്കാരില്‍ നിന്നും 4385 കോടി രൂപയുടെ പൊലാവരം പദ്ധതി നേടിയതും ഇതേ മേഘ എഞ്ചിനിയറിംഗ് കമ്പനിയാണ്. ഇതേ മേഘ എഞ്ചിനീയറിംഗ് കമ്പനി 85 കോടി രൂപ ഡിഎംകെയ്ക്കും നല്‍കിയിട്ടുണ്ട്.
സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും സ്റ്റാലിന് 506 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത് കുറ്റമല്ല
ഏറ്റവും തമാശ ഡിഎംകെ എന്ന തമിഴ്നാട്ടില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയ തുകയാണ്. 656.5 കോടി രൂപയാണ് ഡിഎംകെ വാങ്ങിയത്. ഇതില്‍ ഇതില്‍ 509 കോടിയും സ്റ്റാലിന്റെ പാര്‍ട്ടിക്ക് സംഭാവന ചെയ്തത് ലോട്ടറി ബിസിനസ് രംഗത്തെ വമ്പനായ സാന്റിയാഗോ മാര്ട്ടിന് ആണ്. ഇദ്ദേഹം വലിയ തട്ടിപ്പുകാരനും കള്ളപ്പണക്കാരനുമാണ്. മുന്‍പ് കേരളത്തിലെ സിപിഎമ്മിന് രണ്ട് കോടി സംഭാവന നല്കിയ ആളാണ് സാന്റിയാഗോ മാര്ട്ടിന്. സ്റ്റാലിന്റെ പാര്‍ട്ടി നടത്തിയ ഈ ഇടപാടില്‍ ഈ ജേണലിസ്റ്റുകളോ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോ ഒരു ശബ്ദവും മുഴക്കുന്നില്ല. ഹിന്ദു പോലുള്ള അഴിമതിക്കെതിരെ പടപൊരുതുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ഡിഎംകെയ്ക്ക് എതിരെ മിണ്ടുന്നില്ല. ഈ ഡിഎംകെ തന്നെ അവരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കേരളത്തിലെ സിപിഎമ്മിന് 25 കോടി രൂപ സംഭാവന നല്‍കിയതായി പറഞ്ഞിട്ടുണ്ട്. ഈ തുക സാന്റിയാഗോ മാര്ട്ടിന് നല്കിയ തുകയില്‍ നിന്നും എടുത്തുകൊടുത്തതാണെന്ന് പറയുന്നു.
സ്റ്റാലിന്റെ എതിരാളിയായ അന്തരിച്ച ജയലളിതയുടെ പാര്‍ട്ടിയായ എഐഎഡിഎംകെ വാങ്ങിയത് വെറും 6.05 കോടിയുടെ ഇല്കടറല്‍ ബോണ്ടാണെന്നും നമ്മള് അറിയേണ്ടതുണ്ട്. അപ്പോഴാണ് സ്റ്റാലിന് എന്ന ഇന്ത്യാമുന്നണിയുടെ മുന്‍നിരപ്പോരാളിയുടെ തനിനിറം മനസ്സിലാവുക.
ഇലക്ടറല്‍ ബോണ്ടിന് പിന്നിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് പൊളിഞ്ഞു
ഇലക്ട്രറല്‍ ബോണ്ടിലെ മുഴുവന്‍ വിവരങ്ങളും പുറത്തുവരുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവാത്ത അവസ്ഥ വരുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്, ഇലക്ടറല്‍ ബോണ്ട് വഴി വന്‍തുക സമാഹരിച്ച ശേഷം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ തെളിയുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ കേന്ദ്രസര്‍ക്കാരിനെ അടിക്കാനുള്ള വടിയായി വിഷയത്തെ ഉപയോഗിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം പൊളിഞ്ഞത് ഇലക്ട്രറല്‍ ബോണ്ടുകള്‍ വാങ്ങിയവരുടെ മുഴുവന്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെയാണ്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും ബോണ്ടുകള്‍ സ്വീകരിച്ചിരുന്നുവെന്ന് തെളിഞ്ഞതോടെ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കം ദുര്‍ബലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: