ചിരുതേയി
പാതിരയ്ക്ക് പോക്കുവരവിനിറങ്ങിയ
ഗുളികനോട് മലക്കാരി പറഞ്ഞു
ആലകള്‍ നോക്കണം നാല്ക്കാലിഗണം പാവം പൈതങ്ങള്.
കണ്ണില്ലാതെയും തെളിമയോടെ
ലോകത്തെക്കാണുന്ന മൂര്‍ത്തിയെ
നോക്കി ഗുളികനൊന്നു മൂളി,
പതിഞ്ഞ ശബ്ദത്തില്‍പ്പറഞ്ഞു.
ഉഷ്ണമാണകത്തും പുറത്തും
മണ്ണിന്റെ നനവാര്‍ന്ന തറയില്‍
നിന്നെന്നെ പറിച്ചെടുത്ത്,
ചുട്ടുപൊള്ളുന്ന പാറപ്പൊടിയില്‍
പ്ലാസ്റ്റിക് മേലാപ്പുകെട്ടി
കുത്തി നിറുത്തിയൊരു കല്ലില്‍
രാവിന്റെ നിഗൂഢതയും വെയിലിന്റെ
ചിരിയും മഴയുടെ സാന്ത്വനവും
മഞ്ഞിന്റെ കുളിരും മരത്തിന്റെ താരാട്ടും തൊട്ടറിയാതെ ഞാനെത്രകാലമനുഗ്രഹം ചൊരിയും?
ഉള്ളുനീറ്റുന്നൊരോര്മ്മയില്, തലചെരിച്ച് കാതുപൊത്തിക്കൊണ്ട് മലക്കാരി ചീറി.
പിന്നെ കൈവിരല്‍ നീട്ടി ദൂരെ മലചൂണ്ടി
അരുളപ്പാടുതിര്ത്തു.
പെരുമാളിന്റെ മൂലസ്ഥാനത്തുറവയില്
വ്രതം നോറ്റ് മുങ്ങിയെടുത്ത കല്ലില്‍
എന്നെയാവാഹിച്ചിങ്ങു ദൂരെ
കുടിയിരുത്തിയിവര്.
കാടിന്റെ മുരള്‍ച്ചയും കാട്ടാറിന്റെ
ചിലങ്കയും കേട്ട് ഉള്‍ക്കണ്ണിന്റെ ഉണ്മയില് രമിച്ച ഞാന്‍, കാതടപ്പിയ്ക്കുന്ന
ഒച്ചകള്കേട്ടും ഉണ്മയില്ലാത്ത മക്കളെക്കണ്ടും
ഉള്ത്തിരി കെട്ടും ധ്യാനം മുറിഞ്ഞും
വെറും കല്ലായിവിടെ കാലങ്ങള്‍ താണ്ടും.
ഗുളികന് ഇരുളിലേയ്ക്കിറങ്ങുന്നതും
നോക്കി
മലക്കാരി തറയിലമര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: