ഇല്ല, അവരെല്ലാവരും ചത്തു തുലഞ്ഞിട്ടില്ല. അതിന് അഗ്നിപ്രളയമൊന്നും സംഭവിച്ചിട്ടില്ലല്ലോ. അഥവാ, അതിനെയും അതിജീവിക്കുന്നവരാണല്ലോ അക്കൂട്ടര്‍! ‘പാഷാണത്തില്‍ കൃമി’ എന്നൊക്കെ പറയാറില്ലേ? അതാണിനം. കൊടുംവിഷത്തില്‍ വളരുന്ന ജീവികള്‍, വിഷം ഉള്ളിലുള്ള, ആവശ്യം വന്നാല്‍ മുട്ടിയപക്ഷം ഗ്രന്ഥികളില്‍നിന്ന് വിഷം പുറത്തുകൊണ്ടുവരുന്ന ചില ജീവികളെ പോലെയല്ല, അതിലൊക്കെ മേലേ.
അക്കൂട്ടര്‍ ഒരിടയ്‌ക്ക് എന്തിലും ഏതിനും ‘ഇടപെട്ടുകളയും’ എന്ന മട്ടില്‍ ഉഴറുന്നവരായിരുന്നു. അവസരം നോക്കി, അല്ല, ഉണ്ടാക്കി അവര്‍ ഇടപെട്ടിരുന്നു. ഒറ്റയ്‌ക്കല്ല, കതിര്‍വീണ പാടത്തേക്ക് കൂട്ടമായി വന്നുവീഴുന്ന കീടങ്ങള്‍പോലെയായിരുന്നു. ആ വെട്ടുക്കിളിക്കൂട്ടത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ വിഷമമായിരുന്നു. കൂട്ട പ്രസ്താവന അവരുടെ ഇഷ്ടവിനോദമാണെന്നല്ല, ദിനചര്യതന്നെയായിരുന്നു. അതിനവര്‍ കാരണങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു, കണ്ടെത്തിക്കൊണ്ടിരുന്നു. അക്കൂട്ടരെ കേരളം സാംസ്‌കാരിക നായകര്‍, അല്ല, ഇടത് സാംസ്‌കാരിക നായകര്‍ എന്നു വിളിച്ചുപോന്നു.
അരങ്ങുനിറഞ്ഞുനില്‍ക്കുന്നവ(ര്‍) അതിക്ഷണത്തില്‍ അപ്രത്യക്ഷരായിപ്പോകുന്നതുകൊണ്ടാണ് ‘മാജിക്’ ഏറെപ്പേരെ ആകര്‍ഷിക്കുന്നത്. ‘മാജിക്കി’നു പകരം ‘ലോജിക്ക്’ ആണെങ്കില്‍ കാഴ്ചക്കാര്‍ കുറയും; ജിജ്ഞാസയും ഉത്കണ്ഠയും കുറയും. ഏഴുവര്‍ഷത്തിനിടെ ഈ ‘സാംനാ’ (സാംസ്‌കാരിക നായകര്‍) ഒറ്റയടിക്ക് ‘കാണ്മാനില്ലാ’തായി. അതുകൊണ്ടുതന്നെ സമൂഹത്തിന് ഉത്കണ്ഠയും ഉദ്വേഗവും ഏറിയിരുന്നു. ഇനിയെങ്ങാനും കൂട്ടത്തോടെ…, ഇല്ലില്ല, അത്തരം വാര്‍ത്തകള്‍ കണ്ടുമില്ല.
പക്ഷേ, നിങ്ങള്‍ ശ്രദ്ധിച്ചോ? വംശം കുറ്റിയറ്റിട്ടില്ല എന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ചില ‘സാംനാ’കള്‍ അടുത്തിടെ പ്രത്യക്ഷരായി. അവര്‍ ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവും നോക്കി ഇരിക്കുകയാണെന്നു വേണം മനസ്സിലാക്കാന്‍. ചരിത്രത്തെ വ്യാഖ്യാനിക്കാനും വ്യാസരചനയിലെ വരികള്‍ക്കിടയില്‍ വായിക്കാനും യുക്തികൊണ്ട് അവതരിപ്പിക്കാനും സഹൃദയഹൃദയാഹ്ലാദകമായി ആവിഷ്‌കരിക്കാനും കഴിവുറ്റ ജ്ഞാനപീഠ പുരസ്‌കൃതന്‍ എം.ടി. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി നടത്തിയ വിമര്‍ശനമാണ് ഏറെക്കാലത്തിനുശേഷം കേരളത്തിന്റെ ‘സാംനാ’കളില്‍നിന്ന് കേട്ട ശബ്ദം. അതിന് ആക്രോശത്തിനേക്കാള്‍ കരച്ചിലിന്റെ ഒച്ചയായിരുന്നു. കടത്തുകാരനായ അച്ഛനും മകനും അച്ഛന്റെ മരണശേഷം താരതമ്യം ചെയ്യപ്പെടുന്ന നാടന്‍ കഥയില്ലേ, അതുപോലെ. കഥ ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങനെ: കടത്തു വള്ളം കരയ്‌ക്കടുപ്പിക്കും മുമ്പ് യാത്രക്കാരെ സാഹസികമായി ചാടിച്ചിരുന്ന അച്ഛന്‍ ജീവിച്ചിരിക്കെ അയാളെ അതിന് പ്‌രാകിയ യാത്രക്കാര്‍, മകന്‍ കടത്തിറക്കിയത് മുട്ടറ്റം വെള്ളത്തിലാണെന്ന് അനുഭവിച്ചറിഞ്ഞപ്പോള്‍ അച്ഛനെ പുകഴ്‌ത്തി. ആ കഥ ഓര്‍മ്മിപ്പിക്കും പോലെ, പിണറായി വിജയന്റെ കമ്മ്യൂണിസത്തെ ഇഎംഎസ്സിന്റെ കമ്മ്യൂണിസവുമായി താരതമ്യം ചെയ്തായിരുന്നു എംടിയുടെ വിമര്‍ശനം. ഇഎംഎസ് വിതച്ച വിത്തുകളിലൊന്നാണ് പിണറായി. രണ്ടും ഒരേ സംസ്‌കാരം. ഇപ്പോള്‍ ഒന്ന് ഭേദമെന്ന് തോന്നുന്നുവെന്നു മാത്രം. എങ്കിലും സാംനാകള്‍ ജീവിച്ചിരിക്കുന്നുവെന്ന് എംടി ബോധ്യപ്പെടുത്തി.
അതിനുശേഷം ‘തുടര്‍ചലന’ങ്ങള്‍ ഉണ്ടായി. എംടി മിണ്ടിയാല്‍ ടി. പത്മനാഭന് മിണ്ടാതെ പറ്റില്ല; മറിച്ച് സംഭവിക്കാറേയില്ല എങ്കിലും. ബാലചന്ദ്രന്‍ ചുള്ളിക്കാടുവരെ പ്രതികരിച്ചു. തികച്ചും അനവസരത്തില്‍, അയുക്തികമായി, അസ്ഥാനത്തായിരുന്നു ചുള്ളിക്കാടിന്റെ ഇടപെടല്‍. ‘ഇപ്പൊ ശരിയാക്കിത്തരാ’മെന്ന് ആരോടോ പ്രഖ്യാപിച്ച് നടത്തിയ ‘ക്വട്ടേഷന്‍’ പ്രതികരണമായിരുന്നു അത്. സുരേഷ് ഗോപി, ‘പ്രജ’കള്‍ എന്ന് പറഞ്ഞത് അപരാധമായിപ്പോയി എന്നായിരുന്നു കണ്ടെത്തല്‍. അത് ‘ഹിന്ദുരാഷ്‌ട്രത്തിന്റെ പ്രാണപ്രതിഷ്ഠ’ എന്ന അര്‍ത്ഥത്തിലായിരുന്നു ആക്രോശം. അസ്ഥാനത്തെ അനാവശ്യമായിരുന്നെങ്കിലും കേരളത്തിന്റെ ഉദ്വേഗം കുറച്ചു; ‘സാംനാ’കള്‍ ചത്തൊടുങ്ങിയിട്ടില്ല; കൂട്ട വന്ധ്യംകരണത്തിന് വിധേയമായിട്ടില്ല എന്ന് ആശ്വസിപ്പിച്ചു.
ഒരുകാലത്ത് കാഷായം ധരിച്ചെങ്കിലും കാമിനീ കാഞ്ചനങ്ങളില്‍ മോഹം നശിക്കാതെ, രാഷ്‌ട്രീയ നേതാവിന്റെ പട്ടടയ്‌ക്ക് കാവലിരുന്നവരെപ്പോലുള്ള, ‘സംന്യാസ’രൂപികളാണ് കൈയടി നേടാന്‍, കെട്ടിടം പണി നടക്കുന്നിടത്ത് ‘കണ്ണോക്ക്’ (കണ്‍നോക്ക്, കുദൃഷ്ടി) കിട്ടാതിരിക്കാന്‍ സ്ഥാപിക്കുന്ന കോലങ്ങള്‍ എന്നപോലെ ചില സംഘടനകള്‍ക്ക് ബലിമൃഗങ്ങളായിരുന്നത്. പണ്ട് ഹിന്ദുത്വത്തെയും ഹിന്ദുത്വശക്തികളേയും ‘ഇപ്പം ശരിയാക്കു’മെന്ന് വീമ്പിളക്കിയിറങ്ങിത്തിരിച്ച അബ്ദുള്‍ നാസര്‍ മദനിയുടെ ഐഎസ്എസ് നിരോധിച്ചപ്പോള്‍, അത് പിഡിപി ആയപ്പോള്‍ ഒരു ‘സംന്യാസി ഫാന്‍സിഡ്രസ്’ ഒപ്പമുണ്ടായിരുന്നു, ഓര്‍മ്മയില്ലേ? ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സിപിഎമ്മിന് ഇപ്പോഴും ‘ചുടലബ്ഭൂത’മായി അത്തരത്തില്‍ ഒരെണ്ണമുണ്ട്. സിപിഐ പൊതുവേ യുക്തിബോധം കൂടുതലുള്ളവരാണ് കമ്മ്യൂണിസ്റ്റുകളില്‍. അവര്‍ക്കും പക്ഷേ, ഈ തരത്തില്‍ ചിലരുണ്ട്, ‘കാവിക്കച്ച’യില്ലെന്നു മാത്രം. ആലംകോട് ലീലാകൃഷ്ണന്‍ എന്ന സിപിഐ നേതാവ് ഭഗവദ്ഗീതയെയും ഇതിഹാസങ്ങളെയും പഴിച്ച് മിടുക്കുകാട്ടിയപ്പോള്‍ ‘സാംനാ’കളുടെ വാലറ്റം ഇപ്പോഴും അനങ്ങുന്നുവെന്നറിയിക്കുകയായിരുന്നു; ചത്തിട്ടില്ലെന്നതിന്റെ സൂചനകള്‍.
പിന്നീട് ഒരു ഞെട്ടിപ്പൊട്ടലായിരുന്നു; ശ്രദ്ധിച്ചിട്ടുണ്ടാവും. സുരേഷ് ഗോപിയുടെ നേരെയായിരുന്നു ആക്രോശങ്ങള്‍. പള്ളിയില്‍ സമര്‍പ്പിച്ച കിരീടം മുഴുവന്‍ സ്വര്‍ണമല്ലെന്ന് ‘കണ്ടെത്തി’യപ്പോള്‍ ‘സാംനാ’കളില്‍ ചിലര്‍ക്ക് നാവുയര്‍ന്നു. ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത ഗായകനെ കോളജില്‍ പ്രിന്‍സിപ്പല്‍ പാട്ടുപാടുന്നത് തടഞ്ഞുവെന്ന് വിമര്‍ശിച്ച് ‘സാംനാ’കള്‍ പ്രതികരിച്ചു. ആക്രമണക്കേസില്‍ മുഖ്യപ്രതി ഗായകനൊപ്പം സ്റ്റേജില്‍ വന്നതാണ് സംഭവത്തിന് അടിസ്ഥാന കാരണം. പക്ഷേ, ജാസി ഗിഫ്റ്റിന്റെ ജാതിയും മതവും നിറവും മറ്റുമാണ് ‘സാംനാ’കള്‍ ഉയര്‍ത്തിയ വിഷയം എന്നത് വേറെ കാര്യം. കേരളത്തിന്റെ ‘സാംനാ’കളുടെ’സൃഷ്ടിസ്ഥിതി സംഹാരകനായ എം.എ. ബേബിയാണ് നേതൃത്വം കൊടുത്തിറങ്ങിയത്. നല്ല കവിതകളും പാട്ടുകളും രചിച്ചിരുന്ന റഫീക്ക് അഹമ്മദ് എന്ന ‘സാംനാ’ കാര്‍ട്ടൂണ്‍ വരച്ചും ‘അകവിത’യെഴുതിയും പ്രതികരിക്കാന്‍ ഇറങ്ങി. എച്ച്എംവി സംഗീത റെക്കോഡിങ് കമ്പനിയുടെ പേരും ചിത്രവും ഓര്‍മിപ്പിക്കുന്നതാണ് പൊതുവെ ഇടത് ‘സാംനാ’കളുടെ സ്വഭാവം. ‘ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്’ ആണ് എച്ച്എംവി. ചിഹ്നം ലൗഡ് സ്പീക്കറിനു മുന്നില്‍ കേട്ടിരിക്കുന്ന നായയും.
തൊട്ടുപിന്നാലെ വന്ന മൂന്നു സംഭവങ്ങളിലും ‘സാംനാ’കളുടെ ശബ്ദവും ശക്തിയും പ്രകടിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ നടന്നു. ഗോപിയാശാന്‍ എന്ന് ശിഷ്യന്മാരും അല്ലാത്തവരും വിളിച്ചാദരിക്കുന്ന കഥകളിയാചാര്യന്‍ കലാമണ്ഡലം ഗോപിയാശാന് പത്മാ അവാര്‍ഡ് വാങ്ങിക്കൊടുക്കുമെന്ന് പ്രലോഭിപ്പിച്ച്, തെരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ സുരേഷ് ഗോപി സ്വാധീനിച്ചുവെന്നതായിരുന്നു വിഷയം.
‘കരി’കെട്ടിയ നുണയെന്ന്, ‘കത്തി’വേഷം പറയുംപോലെ ‘പച്ച’യായി ആശാന്‍തന്നെ പറഞ്ഞതോടെ ആ കുപ്രചാരണം വിഫലമായെങ്കിലും ‘സാംനാ’കള്‍ ഇവിടെയുണ്ട് എന്ന് പ്രചാരണക്കാര്‍ ബോദ്ധ്യപ്പെടുത്തി. ‘അണലിപ്പാമ്പുകണക്കെ’ ഉറക്കത്തിലോ ഉറക്കം നടിച്ചോ കിടക്കുന്നുവെന്നേയുള്ളുവെന്ന് വീണ്ടും സമാധാനിപ്പിച്ചു. അതിന്റെ ഷോക്ക് തീരും മുമ്പേ വന്നൂ കര്‍ണാടക സംഗീതംകൊണ്ട് മതേതരത്വവും മോദി വിരോധവും പ്രചരിപ്പിക്കുന്ന സംഗീതജ്ഞന്‍ ടി.എം. കൃഷ്ണക്കെതിരെയുള്ള വിമര്‍ശനം. ഇന്നലെവരെ കൃഷ്ണ വിമര്‍ശിച്ച സംഗീതവേദി കൃഷ്ണയ്‌ക്ക് ആദരംനല്‍കി. അദ്ദേഹമാകട്ടെ അത് അലങ്കാരമായിക്കരുതി ആഘോഷിച്ചു. പഴയ കാര്യങ്ങള്‍, സാക്ഷാല്‍ ത്യാഗരാജസ്വാമികളെ വരെ ഇകഴ്‌ത്തുകയും ബ്രാഹ്മണരെയാകെ വംശനാശം വരുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത കൃഷ്ണയോട് സംഗീതലോകം എതിര്‍ത്ത് പ്രതികരിച്ചു. അപ്പോള്‍ ‘ഇടപെട്ടു’ ഈ ‘സാംനാ’കള്‍ പ്രതിഷേധവുമായി.
ഏറ്റവും പുതിയത് ‘കലാമണ്ഡലം സത്യഭാമ’ (ഒറിജിനലല്ല) ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടത്തിയ വര്‍ണവെറി പൂണ്ട വിമര്‍ശനമാണ് ‘സ്‌പെല്ലിങ് തെറ്റിയ’ കമ്യൂണിസ്റ്റ് പക്ഷക്കാരിയാണ് താനെന്ന് സ്വയം സമ്മതിച്ച (അ)സത്യഭാമയുടെ ജല്‍പ്പനത്തെ വിമര്‍ശിക്കാനല്ല ചില ‘സാംനാ’കള്‍ നാവുയര്‍ത്തിയതും തൊണ്ടപൊട്ടിച്ചതും. പകരം സത്യഭാമയെ ഹിന്ദുത്വവാദിയും ആര്‍എസ്എസും ആക്കി അവതരിപ്പിക്കാനായിരുന്നുവെന്നുമാത്രം.
തുടര്‍ച്ചയായ ഏഴെട്ട് സംഭവങ്ങളില്‍ മുരണ്ടും-മുരടനക്കിയും ചെറിയ ശബ്ദം കേള്‍പ്പിച്ചും ഞങ്ങള്‍ മുച്ചൂടും മുടിഞ്ഞിട്ടില്ലെന്ന് അറിയിച്ചുവെന്നതാണ്, അതിലെല്ലാം വന്‍പിച്ച പരാജയം സംഭവിച്ചെങ്കിലും ‘സാംനാ’കളുടെ സേവന സംഭാവന. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഉറപ്പാണ് ഒരു കൂട്ട പ്രസ്താവനയിലൂടെ ‘സാംനാ’കള്‍ ‘മസ്റ്റര്‍ റോളിങ്’ നടത്തും. റേഷന്‍ കാര്‍ഡില്‍ പേരുവെട്ടാതിരിക്കാന്‍, ജീവിച്ചിരിക്കുന്നുവെന്നറിയിക്കാനുള്ള ‘മാന്‍ഡേറ്ററി’യായ (നിര്‍ബന്ധിതമായ) നടപടിക്രമമാണതെന്നുവേണം കരുതാന്‍. എന്തുതന്നെയായാലും ആര്‍ക്കും സമാധാനമാണല്ലോ, അതെത്ര ക്ഷുദ്രസ്വഭാവവും പ്രവൃത്തിദോഷവുമുള്ള ജീവിയാണെങ്കിലും വംശനാശം വന്ന്, അന്യം നിന്നിട്ടില്ല എന്നറിയുന്നത്.
പിന്‍കുറിപ്പ്:
മലയാളത്തിന് ഭാഷാഭൂഷണം എഴുതിയത് എ.ആര്‍. രാജരാജവര്‍മ്മയാണ്. മലയാള ഭാഷയുടെ വ്യാകരണ- വൃത്ത- അലങ്കാര ശാസ്ത്രങ്ങളുടെ തമ്പുരാന്‍; കേരളപാണിനി. ആ ഭാഷ പ്രയോഗിച്ച് ഭാഷാദൂഷണത്തിലൂടെ ‘വൈയാകരണം’ എന്ന് പറയിക്കുന്ന തരത്തില്‍ തല്ലു വാങ്ങാന്‍ പാകത്തില്‍ ദുഷ് പ്രവൃത്തി യോഗ്യതയുള്ള എം.എം. മണിയുള്ളപ്പോള്‍ സാംസ്‌കാരിക കരിമരുന്ന് ദുരന്തങ്ങള്‍ തെരഞ്ഞെടുപ്പുകാലത്ത് കരുതിയിരിക്കുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: