ക്ഷേത്രപ്രാന്തങ്ങളില്‍ ദാസിയാട്ടം എന്നറിയപ്പെട്ടിരുന്ന നൃത്തത്തിനെ, ഭക്തിയുടെയും നാട്യത്തിന്റെയും പൊരുള്‍ മനസ്സിലാക്കി പുനഃരാവിഷ്കരിച്ച് മോഹിനിയാട്ടം എന്ന പേര് നല്കി നമ്മുടെ പൂര്‍വികരായ കലാകാരന്മാര് രക്ഷിച്ചെടുത്തു. അത് ചരിത്ര വസ്തുതയാണ്. പിന്നീട് ഭക്തിസാന്ദ്രമായ ഒട്ടേറെ രചനകള്‍ക്ക് നൃത്താവിഷ്കാരം നല്കി കേരളത്തിന്റെ തനതുകല എന്ന പേരില്‍ മോഹിനിയാട്ടം അറിയപ്പെട്ടു. കലാമണ്ഡലം പോലുള്ള സ്ഥാപനങ്ങള്‍ അതിന്റെ ശാസ്ത്രീയ പഠന കേന്ദ്രങ്ങളായി. ഏറ്റവും തികഞ്ഞ ഒരു നൃത്താവിഷ്കാരമായി മോഹിനിയാട്ടം അവതരിപ്പിക്കപ്പെട്ടു.
കാലമേറെ കടന്നുകൊണ്ടിരിക്കെ നിരവധി പരീക്ഷണങ്ങള്‍ എല്ലാ നൃത്തകലകളിലും എന്നപോലെ മോഹിനിയാട്ടത്തിലും വന്നുചേര്‍ന്നു. മോഹിനിയാട്ടത്തിന് പുതിയ ഭാവതലങ്ങള്‍ ഉണ്ടായി, അതില്‍നിന്ന് കേരളനടനം എന്ന പേരില്‍ മറ്റൊരു നൃത്തകലയും രൂപപ്പെട്ടു. സ്ത്രീകള്‍ മാത്രം ആടിയിരുന്ന മോഹിനിയാട്ടം ഏതൊരു നൃത്തത്തെയും പോലെ പുരുഷനും ആടാം എന്ന് കേരളം നിശ്ചയിച്ചു. കേരളീയരെ സംബന്ധിച്ചിടത്തോളം പുരുഷന് മോഹിനിയാട്ടം അവതരിപ്പിക്കുന്നതില്‍ പുതുമകള്‍ ഒന്നുമില്ല. ആസ്വാദകര്‍ വീക്ഷിക്കുന്നത് നൃത്തകാരന്റെ അല്ലെങ്കില്‍ നൃത്തകാരിയുടെ അവതരണവും അതുനല്കുന്ന അനുഭൂതിയുമാണ്.
മോഹിനിയാട്ടത്തില്‍ ആട്ടക്കാരന്റെ അല്ലെങ്കില്‍ ആട്ടക്കാരിയുടെ നിറം വെളുപ്പല്ല; മഞ്ഞളും ചന്ദനവും ഇടകലര്‍ന്ന നിറമാണ്. നിറം വെളുപ്പും കറുപ്പും ഉള്ളവര്‍ ഒരേപോലെ മേല്‍ സൂചിപ്പിച്ച നിറത്തിലേക്ക് തന്റെ മുഖത്തെ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്. സത്യത്തില്‍ അവിടെ വെളുത്ത ഒരാള്‍ക്ക് മാത്രമല്ല കറുപ്പ് നിറമുള്ള ആള്‍ക്കും സാധ്യതയുണ്ട് എന്നര്‍ത്ഥം. ഡോ. ആര് എല്‍ വി രാമകൃഷ്ണന് ഇത്രമേല്‍ നിന്ദിക്കപ്പെടേണ്ട ഒരു അവസ്ഥയും കേരളത്തില്‍ നിലവിലില്ല. പക്ഷേ അങ്ങനെ സംഭവിച്ചു. ഇത്രമേല്‍ ക്രൂരമായ നിന്ദ തികച്ചും അപലപനീയമാണ്.
കറുപ്പ് ഒരു ജാതീയതയുടെ സൂചകമല്ല. കറുത്തിരുണ്ട ആഢ്യന്‍നമ്പൂതിരിമാര്‍, രാജാക്കന്മാര്, പ്രഭുക്കന്മാര്, ഒക്കെ ഉണ്ടായ നാടാണ് കേരളം. വസ്തുനിഷ്ഠമായി കാര്യങ്ങളെ-വിശേഷിച്ച് ചരിത്രത്തെ അപഗ്രഥിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ തര്‍ക്കം ഉണ്ടാവില്ല. കറുപ്പ് ദുഃഖത്തെയും പ്രതിഷേധത്തെയും സൂചിപ്പിക്കുന്ന നിറമായി കേരളീയര്‍ക്ക് മനസ്സിലായി തുടങ്ങിയത് ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷമാണ്. അതുവരെ അവര്‍ക്ക് കറുപ്പ് അയ്യന്റെ നിറമാണ്, കരിയാത്തന്റെ നിറമാണ്. അങ്ങനെ പല ശൈവ മൂര്‍ത്തികളുടെയും ‘പട്ട് ‘ആണ്. കറുത്ത ചാന്ത് തൊടുവിക്കാന്‍ പിന്നാലെ ഓടുന്ന ഗുളികന്‍തിറ കേരളീയ പാരമ്പര്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സൂചകമാണ്. ഇങ്ങനെയൊക്കെ പ്രതിനിധാനം ചെയ്യപ്പെടുന്ന കറുപ്പ് എന്ന നിറത്തെ കേരളത്തിലെ ഹിന്ദുസമൂഹത്തെ വിഘടിപ്പിക്കാനായി ഉപാദാനമാക്കുവാന്‍ ഉള്ള നിരന്തരശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന മോഹിനിയാട്ടവിവാദം.
കലാമണ്ഡലം സത്യഭാമ എന്ന മോഹിനിയാട്ടം നൃത്താദ്ധ്യാപികയുടെ അതിരുകടന്നതും സംസ്കാര ശൂന്യവുമായ പ്രസ്താവന എല്ലാ മേഖലയില്‍ നിന്നും ഉള്ള പ്രതിഷേധത്തിന് ഇടയാക്കി.
ഡോ.ആര് എല്‍ വി രാമകൃഷ്ണനൊപ്പം കേരളീയ സമൂഹംഒന്നിച്ചു നിന്നു. പക്ഷേ ഈയൊരു സമയത്തും വിഘടനത്തിന്റെ-കുത്തിത്തിരിപ്പിന്റെ പ്രത്യയശാസ്ത്രവുമായി ഇടതു സംഘടനകളും മുസ്ലിംസംഘടനകളും തങ്ങളുടെ ആയുധങ്ങളുടെ മുന സംഘപരിവാറിനു നേരെ തിരിക്കാന്‍ ശ്രമിച്ചു, അതിനും എത്രയോ മുമ്പ് തന്നെ സംഘത്തിന്റെ ഔദ്യോഗികമായിട്ടുള്ള പിന്തുണ ആര്‍എല്‍വി രാമകൃഷ്ണനു ലഭിച്ചു. നൃത്തത്തെ-നാട്യത്തെ നിറവുമായി ബന്ധപ്പെടുത്തുന്ന നികൃഷ്ടമായ ചിന്താഗതിയെ രാഷ്ട്രീയ സ്വയംസേവകസംഘം അപലപിച്ചു.
ശ്രീ കലാഭവന്‍ മണിയുടെ അനുജനാണ് ഡോക്ടര്‍ ആര് എല്‍ വി രാമകൃഷ്ണന്. നൃത്ത മേഖലയില്‍ മാത്രമല്ല സിനിമ മേഖലയിലും തനത് വ്യക്തിത്വം കാഴ്ചവച്ച ഒരു അഭിനേതാവ് കൂടിയാണ് ഡോക്ടര്‍ രാമകൃഷ്ണന്. ജ്യേഷ്ഠന് എന്ന മഹാ വൃക്ഷത്തിന്റെ തണലില്‍ വേണ്ടത്ര ഉയര്‍ന്ന് പ്രശോഭിതമാവാന്‍ സിനിമാമേഖലയില്‍ രാമകൃഷ്ണന് ആയിട്ടില്ല എന്നത് വസ്തുതയാണ്. ഒരു ഗവേഷകന് എന്ന നിലയില്‍ മുഴുവന്‍ സമയ സിനിമാപ്രവര്‍ത്തനം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല എന്നു കൂടി വേണം അനുമാനിക്കാന്‍. തീറ്റ റപ്പായിയുടെ ഭാവങ്ങളെ അഭ്രപാളികളിലൂടെ മലയാളിക്ക് സമ്മാനിച്ച രാമകൃഷ്ണന്, ‘1921 പുഴ മുതല്‍ പുഴ വരെ’എന്ന സിനിമയില്‍ പ്രധാന വേഷം അഭിനയിച്ചു. ഒരുപക്ഷേ മലയാളസിനിമാമേഖലയിലെ മുഖ്യധാരാ അഭിനേതാക്കള്‍ കൈയൊഴിഞ്ഞ ഒരു സിനിമാപ്രവര്‍ത്തനമായിരുന്നു രാമസിംഹന് അലി അക്ബര്‍ എന്ന സംവിധായകന്റെ ‘1921 പുഴ മുതല്‍ പുഴ വരെ ‘എന്ന സിനിമ. 1921ല്‍ മലബാറില്‍ നടന്ന മാപ്പിള കലാപത്തിന്റെ ക്രൂര യാഥാര്‍ത്ഥ്യത്തെ വളരെ ഭംഗിയോടെ അവതരിപ്പിച്ച വൈഭവം രാമകൃഷ്ണനുണ്ട്. ആ സിനിമയില്‍ അണിനിരന്ന ഭൂരിപക്ഷം അഭിനേതാക്കളെയും പിന്നീട് മലയാള സിനിമകളില്‍ ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത് ആ മേഖലയിലെ രാഷ്ട്രീയ ഗൂഢതന്ത്രത്തെ വെളിവാക്കുന്നുണ്ട്. ഡോ.ആര് എല്‍വി രാമകൃഷ്ണന് അതുകൊണ്ടുതന്നെ പലരുടെയും കണ്ണിലെ കരടായിരുന്നു. ശ്രീമതി കലാമണ്ഡലം സത്യഭാമ നല്കിയ അഭിമുഖത്തില്‍, സിപിഎം നേതാവ് ഉന്നതങ്ങളിലേക്ക് എത്താന്‍ തന്നെ സഹായിച്ചതിന്റെ ചരിത്രം കുറഞ്ഞ വാക്കുകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. നൃത്തമേഖലകളിലെ മത്സര രംഗത്തില്‍ അവര്‍ ‘മുടിചൂടാമന്ന’യാണെന്ന് അവരുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അതിന്റെ പിന്‍ബലം അവര്‍ക്കു ലഭിച്ച രാഷ്ട്രീയ പിന്തുണ തന്നെയാണ്.
നൃത്തം ഒരു മത്സര ഇനം ആവുന്നത് സ്കൂള്‍ കലോത്സവങ്ങളിലും കലാലയ ഉത്സവങ്ങളിലും തുടങ്ങി കുടുംബശ്രീ കലോത്സവങ്ങളില്‍ വരെ ആണ്. രാജഭരണകാലത്ത് നൃത്ത കലാകാരന്മാര്/കലാകാരികള്‍ രാജസദസ്സില്‍ വന്നു അവരുടെ കഴിവുകള്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്യുന്ന ചരിത്രം നമുക്ക് മുന്നിലുണ്ട്. എന്തിനേറെ പറയുന്നു ദേവേന്ദ്രന്റെ കൊട്ടാരത്തില്‍ ഉര്‍വശിയും തിലോത്തമയും നൃത്തമാടി അവരില്‍ ആരാണ് ഒന്നാമതെത്തുന്നത് എന്ന് ദേവന്മാര് അഭിപ്രായപ്പെടുന്ന ഒരു പുരാണ ബോധവും നമുക്കുണ്ട്. ഈ പുരാണ-ചരിത്ര പശ്ചാത്തലമൊന്നും 1956 ല്‍ രൂപീകൃതമായ കേരളസംസ്ഥാനത്തില്‍, അതും ഇഎംഎസ് ഭരിച്ചു തുടങ്ങിയ കേരളത്തില്‍ മാനദണ്ഡമായിരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ട സ്കൂള്‍-കലാലയ രംഗത്ത് കലോത്സവങ്ങള്‍ ഉണ്ടായിരുന്നു,അതിന്റെ തുടര്‍ച്ചയായാണ് സ്വാതന്ത്ര്യാനന്തര കേരളത്തിലും കലോത്സവങ്ങള്‍ വികസിപ്പിക്കപ്പെട്ടത്. എങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് വിഭാഗം ശക്തമായി സ്വാധീനം ചെലുത്തിയ പൊതുവിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ നൃത്തമത്സരങ്ങളുടെ മാത്രമല്ല എല്ലാ കലാ മത്സരങ്ങളുടേയും രീതിയും സ്വഭാവവും നിര്‍ണയിക്കപ്പെട്ടിരുന്നത്. അതിന്നും തുടരുന്നു. കേരളത്തില്‍ ആദ്യകാലങ്ങളില്‍ നൃത്തമഭ്യസിക്കുക എന്നത് യാഥാസ്ഥിതിക കുടുംബങ്ങളില്‍ അനുവദനീയമായ ഒരു കാര്യമായിരുന്നില്ല.
എന്നാല്‍ സ്ത്രീകള്‍ വിശിഷ്യാ പെണ്‍കുട്ടികള്‍ നൃത്ത രംഗത്തേക്ക് കടന്നുവന്നതിന് പിറകില്‍ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രധാന പങ്കുണ്ട്. വിദ്യാഭ്യാസ മേഖല കലാകായികമത്സരങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി, അതില്‍ അവതരിപ്പിക്കുകയും വിജയിക്കുകയും ചെയ്യുന്നവര്‍ക്ക് മാര്‍ക്കുകളും മറ്റ് സമ്മാനങ്ങളും നല്‍കുക വഴി, നൃത്തം അടക്കമുള്ള കലാമേഖലകളിലേക്ക് പഠനത്തിനായി ധാരാളം കുട്ടികള്‍ വന്നുചേരുന്ന സ്ഥിതിവിശേഷം സംജാതമായി. ഒരു കലയഭ്യസിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ഏതൊരു കുട്ടിയുടെയും ആഗ്രഹമായി മാറി. തങ്ങളുടെ കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക എന്നത് കേരളീയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഒരു ആഗ്രഹമായി പരിണമിക്കാനും ഈ കലോത്സവങ്ങള്‍ കാരണമായി. കലോത്സവങ്ങളില്‍ ആരാണ് പങ്കെടുക്കേണ്ടത്,ആരെയാണ് പങ്കെടുപ്പിക്കേണ്ടത് എന്ന കാര്യം നിശ്ചയിച്ചിരുന്നത് വലിയ വിഭാഗം അധ്യാപകരും സ്കൂള്മാനേജ്മെന്റും അടങ്ങുന്ന അധികാരഗണമാണ്. കലാമത്സരങ്ങള്‍ വിശിഷ്യാ നൃത്ത മത്സരങ്ങള്‍ എപ്രകാരമാണ് നടക്കേണ്ടത്, എപ്രകാരമാണ് അവതരിപ്പിക്കേണ്ടത്, ഏതൊക്കെ അംശങ്ങളെ മുന്‍നിര്‍ത്തിയാണ് മത്സരങ്ങളില്‍ മാര്‍ക്കിടേണ്ടത്, എന്നൊക്കെ തീരുമാനിച്ചിരുന്നത്-തീരുമാനിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും ഭരിച്ചിരുന്ന വിഭാഗങ്ങളാണ്. 1956 കേരള സംസ്ഥാനം രൂപീകരിച്ചത് മുതല്‍ 2024 വരെ കേരളം ഭരിച്ചുകൊണ്ടിരുന്നത് വിശിഷ്യാ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ഭരിച്ചുകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ്, മാര്‍ക്സിസ്റ്റ്, ലീഗ്,കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ജനതാദള്‍ വിഭാഗങ്ങളാണ്. അവര്‍ക്ക് താല്പര്യം ഉള്ള വ്യക്തികളുടെ ഒരു ഗണമാണ് മത്സര ഇനങ്ങളില്‍ ഏതേതെല്ലാം മേഖലകള്‍ക്കാണ് മാര്‍ക്ക് നല്‍കേണ്ടത്, എപ്രകാരമാണ് മാര്‍ക്ക് നല്‍കേണ്ടത് എന്നൊക്കെ നിശ്ചയിക്കുന്നത്. മത്സരങ്ങളില്‍ വിധിനിര്‍ണയത്തിന് എത്തുന്ന ജഡ്ജിങ് പാനലിനെ നിശ്ചയിക്കുന്നതും എത്തിക്കുന്നതും അധികാരത്തിന്റെ പിന്‍ബലമുള്ള അധ്യാപക സംഘടനകള്‍ ആണ്. പുരോഗമന ആശയങ്ങളുടെ അപ്പോസ്തലന്മാര് എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന അധ്യാപക സംഘടനകളും പ്രഖ്യാപിതമതേതര മൂല്യങ്ങളുടെ കേന്ദ്രമെന്നു പ്രഖ്യാപിക്കുന്ന എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളും ആണ് കേരളത്തിലെ നൃത്ത മേഖലയുടെ സൗന്ദര്യസങ്കല്പത്തെ നിശ്ചയിച്ചിട്ടുള്ളത് എന്നത് പകല്‍പോലെ സത്യമാണ്. നൃത്താധ്യാപകരെ സംബന്ധിച്ചിടത്തോളം കലോത്സവങ്ങള്‍ അവരുടെ കച്ചവട മേഖലയാണ്.
കലോത്സവങ്ങളുടെ മത്സരത്തിന് മൂല്യനിര്‍ണയത്തില്‍ അനുകൂലമാകുന്ന ഘടകങ്ങളെ ചേര്‍ത്തുവെച്ച് തങ്ങളുടെ ശിഷ്യനെ അഥവാ ശിഷ്യയെ വിജയിപ്പിച്ചെടുത്ത് സമ്പത്തും പ്രശസ്തിയും വളര്‍ത്തേണ്ടത് ഓരോ നൃത്താധ്യാപകന്റെയും നൃത്താധ്യാപികയുടെയും നിലനില്പിന്റെ ഭാഗമായി വരുന്നു. ഇവിടെ കറുത്തനിറം മാര്‍ക്ക് കിട്ടാത്ത ഒരു ഘടകമായതിനു പിന്നില്‍ പൊതുവിദ്യാഭ്യാസ മേഖല നടത്തുന്ന കലോത്സവങ്ങളുടെ ‘നിറ ബോധ’മാണ്. മേക്കപ്പ്മാനാല് ‘സൗന്ദര്യവല്‍ക്കരിക്കപ്പെട്ട’ വെളുത്ത നര്ത്തകരയും നര്‍ത്തകിമാരെയും തേടിയെത്തി അവരുടെ ചിത്രം മാധ്യമങ്ങളില്‍ നിറയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരും ഇടതു-വലതുപക്ഷങ്ങള്‍ വിദ്യാഭ്യാസമേഖലയിലൂടെ നല്കിയ നിറബോധത്തെ പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണയ്ക്കുന്നവരുമായി മാറുന്നുണ്ട്. പതിറ്റാണ്ടുകളായി തങ്ങള്‍ ചെയ്തുപോകുന്ന ഈ ഗുരുതരതെറ്റുകളെ മറച്ചുപിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പക്ഷങ്ങള്‍ സവര്‍ണ്ണാവര്‍ണ്ണ മുദ്രാവാക്യവുമായി തെരുവിലിറങ്ങുന്നത് തികച്ചും അപഹാസ്യമാണ്. മോഹിനിയാട്ടവും ഭരതനാട്യവുമടങ്ങുന്ന ഇന്ത്യന്‍ നൃത്തകലകളില്‍ വെളുപ്പുനിറത്തെ കുത്തിനിറച്ചത് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കക്ഷികളാണ്. കേരളത്തിലെ പരമ്പരാഗത സമൂഹത്തെ സംബന്ധിച്ചിടത്തോളം കറുപ്പ് അറപ്പുളവാക്കുന്ന ഒന്നല്ല. മഞ്ഞളും ചായില്യവുമണിഞ്ഞ് മുഖത്തെ സൗന്ദര്യവത്താക്കി കാവുകളില്‍ നൃത്തമാടുന്ന, ആ നൃത്തത്തെ തൊഴുത് സായൂജ്യമടയുന്ന കേരളീയ കാഴ്ച സജീവമായ ഈ കാലത്താണ് വെളുപ്പിന്റെയും കറുപ്പിന്റെയും പ്രത്യയശാസ്ത്രവും അണിഞ്ഞ് വിഘടനത്തിന്റെ ആയുധവും ഏന്തി ഇടതു-കോണ്‍ഗ്രസ്സ്-തീവ്ര മുസ്ലിം ബുദ്ധിജീവികള്‍ ജനങ്ങളിലേക്ക് വിഷം വമിപ്പിക്കുന്നത്.
കേരളം ഭരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ കക്ഷികളും ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളും വിദ്യാഭ്യാസ വിചക്ഷണന്മാര് എന്നവകാശപ്പെടുന്നവരും ആദ്യം ചെയ്യേണ്ടത് കലോത്സവങ്ങളിലെ നിറത്തിന്റെ പ്രത്യയശാസ്ത്രത്തെ അപനിര്‍മ്മിക്കുക എന്നതാണ്. ഹിന്ദു വിശ്വാസമനുസരിച്ച് കാളിയും കൃഷ്ണനും കരിന്തിരുകണ്ടനുമെല്ലാം കറുപ്പ് എന്ന ബിംബത്താല്‍ അറിയപ്പെടുന്നവരാണ്. അവിടെ നിറം കൊണ്ട് ഭേദമില്ല. നിറം മുന്‍നിര്‍ത്തിയുള്ള ഭേദവ്യത്യാസം ഇംഗ്ലീഷ് ആധിപത്യത്തിന്റെ സൂചനയാണ്; തുടര്‍ച്ചയാണ്. അത് വഹിക്കുന്നത് കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസും മുസ്ലിം ലീഗും ആണ്. കേരളത്തിലെ ഒരു കലോത്സവത്തിലും സംഘപരിവാര്‍ ഒരു നിര്ണായകഘടകമേ അല്ല എന്ന വസ്തുത പൊതുസമൂഹം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഡോ. ആര് എല്‍ വി രാമകൃഷ്ണന് ഉണ്ടായ അപമാനത്തിന് കാരണം എന്താണ് എന്ന് ചിന്തിക്കേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും അത് നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പാര്‍ട്ടികളുമാണ് നിറം കൊണ്ട് കേരളത്തെ വിഭജിക്കുന്നതിനുള്ള കാരണം. തീര്‍ച്ചയായും കേരളീയ പൊതു വിദ്യാഭ്യാസ മണ്ഡലവും കലാസാംസ്കാരികമേഖലയും നിരന്തരവും സൂക്ഷ്മവുമായ അപഗ്രഥനത്തിനും വിമര്‍ശനത്തിനും വിധേയമാവേണ്ടതുണ്ട് എന്ന വസ്തുതയെയാണ് ഈ വിവാദം വെളിവാക്കുന്നത്. എന്നാല്‍ നിലവിലുള്ള കമ്മ്യൂണിസ്റ്റ് -കോണ്‍ഗ്രസ്- ലീഗ്- തീവ്ര മുസ്ലിം സംഘടനകളുടെ പ്രാമാണികത ഉള്ളടത്തോളം കാലം ഈ പ്രവണത തുടരുക തന്നെ ചെയ്യും. ഒരു പൊളിച്ചെഴുത്തിനും പുനര്‍നിര്‍മ്മാണത്തിനുമുള്ള മുഹൂര്‍ത്തമായി വേണം ഡോ. ആര് എല്‍ വി രാമകൃഷ്ണന്റെ പേരില്‍ ഉണ്ടായ നിന്ദ്യമായ വിവാദത്തെ കേരളീയ സമൂഹം പരിഗണിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: