ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള അതൃപ്തിയും കോണ്‍ഗ്രസിനകത്തെ അഭിപ്രായവ്യത്യാസവും രാജ്യസഭാ തെരഞ്ഞെടുപ്പോടെയാണ് മറനീക്കി പുറത്തുവന്നത്. അതാണിപ്പോള്‍ ഭരണവും പ്രതിസന്ധിയിലാകുന്ന രീതിയില്‍ എത്തിയിരിക്കുന്നത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭരണത്തില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു. ഇതോടെ വോട്ട് തുല്യമായതോടെ നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂര്‍ അടക്കമുള്ള 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ വിശ്വാസവോട്ടെടുപ്പ് എന്ന ആവശ്യം പരിഗണിക്കപ്പെടാതെ വന്നു.
കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജി പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് ദേശീയനേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ബിജെപിയെ പിന്തുണച്ച ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കുകയും ചെയ്തു. ഈ ആറ് മണ്ഡലങ്ങളിലേക്കാണ് ജൂണ്‍ ഒന്നിന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 39 എംഎല്‍എമാരും ബിജെപിക്ക് 25 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ അയോഗ്യരാക്കപ്പെട്ട ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ സംഖ്യ 33 ആയി കുറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേരുകയും ചെയ്തു. ഈ മണ്ഡലങ്ങളിലും അധികം വൈകാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ജൂണ്‍ ഒന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആറിടത്തും ബിജെപി മേല്‍ക്കൈ നേടിയാല്‍ ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യതകളാണ് സംസ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: