ഫിലാഡെല്‍ഫിയ: കോപ്പ അമേരിക്കയ്‌ക്കുള്ള മുന്നൊരുക്കം ഗംഭീരമാക്കി അര്‍ജന്റീന ഫുട്‌ബോള്‍ ടീം. എല്‍ സാല്‍വദോറിനെതിരായ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സൗഹൃദ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ 3-0ന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്.
2021 കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്‌ക്കായി ഇന്നലെ നടന്ന എല്‍ സാല്‍വദോറിനെതിരായ മത്സരത്തില്‍ ക്രിസ്റ്റിയന്‍ റൊമീറോ, എന്‍സോ ഫെര്‍ണാണ്ടസ്, ജിയോവാനി ലോ സെല്‍സോ എന്നിവരാണ് ഗോളുകള്‍ നേടിയത്. മെസിയുടെ അഭാവത്തില്‍ എയ്ഞ്ചല്‍ ഡി മരിയ ആണ് കളിയുടെ ചുക്കാന്‍ പിടിച്ചത്. മുന്നേറ്റങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ഡി മരിയ.
16-ാം മിനിറ്റില്‍ അര്‍ജന്റീനയ്‌ക്ക് അനുകൂലമായി കോര്‍ണര്‍ കിക്ക് ലഭിച്ചു. ഡി മരിയ തൊടുത്ത ഷോട്ട് പറന്നെത്തിയത് ബോക്‌സിന് നടുവില്‍. ക്ലീന്‍ ഹെഡ്ഡറിലൂടെ പ്രതിരോധതാരം റൊമീറോ പന്ത് വലയിലെത്തിച്ചു.
ആദ്യ പകുതി തീരും മുമ്പേ അടുത്ത ഗോളും പെടച്ചു. എതിര്‍ പ്രതിരോധകോട്ട പൊളിച്ചടുക്കിയ നീക്കത്തിനൊടുവില്‍ ക്ലോസ് റേഞ്ചില്‍ നിന്നും ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് വല കുലുക്കി. മത്സരം 42 മിനിറ്റ് പിന്നിടുമ്പോഴായിരുന്നു എതിരില്ലാതെയുള്ള ഈ രണ്ടാം ഗോള്‍.
രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റായപ്പോഴേക്കും മുന്നേറ്റക്കാരായ ഡിമരിയയും ലാട്ടരോ മാര്‍ട്ടിനെസും ചേര്‍ന്ന് നടത്തിയ ഗംബീര നീക്കത്തിനൊടുവില്‍ ലോ സെല്‍സോ മൂന്നാം ഗോള്‍ കണ്ടെത്തി.
കോപ്പ അമേരിക്കയ്‌ക്കൊപ്പം ഒളിംപിക്‌സ് കൂടി വരുന്നത് കണക്കിലെടുത്ത് പരിശീലകന്‍ സ്‌കോലോനി കൗമാരക്കാരായ അലെയാന്ദ്രോ ഗര്‍ണാച്ചോയ്‌ക്കും വാലെന്റിന്‍ ബാര്‍കോയ്‌ക്കും പകരക്കാരായി അവസരം നല്‍കിയാണ് കളി അവസാനിപ്പിച്ചത്. ദിവസങ്ങള്‍ക്കകം മറ്റൊരുമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്റ റിക്കയുമായി അര്‍ജന്റീന പോരടിക്കും. ആ കളിയും അമേരിക്കയിലാണ് നടക്കുക. കോന്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് ടൂര്‍ണമെന്റിനിടെ ഇന്റര്‍മിയാമിക്കായി നാഷ്‌വില്ലെയ്‌ക്കെതിരെ കളിക്കുമ്പോള്‍ കൈക്കുഴയ്‌ക്ക് പരിക്കേറ്റ മെസി അന്നും ഇറങ്ങിയേക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക