Categories: Samskriti

വലയാധീശ്വരിയായ ഊരകത്തമ്മത്തിരുവടി

ഭൂമിയിലെ ദേവമേളയായ ആറാട്ടുപുഴപൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണം...

Published by

ദുര്‍ഗാഭഗവതിയാണെങ്കിലും വലയാധീശ്വരിയായ ഊരകത്തമ്മത്തിരുവടിക്ക് പൂരക്കാലത്ത് ലക്ഷ്മീ സങ്കല്‍പമാണ്. പൂരക്കാലത്ത് അമ്മത്തിരുവടിയെ പടിഞ്ഞാറേ ഗോപുരം വഴിയാണ് പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. പെരുവനം നടവഴിയില്‍ പേരെടുത്ത കയറ്റക്കാരില്‍ പ്രധാനിയാണ് ഊരകം. ഊരകത്തമ്മത്തിരുവടിയുടെ പെരുവനം പൂരത്തിലാണ് മഴമംഗലം നമ്പൂതിരിയും പണ്ടാരത്തില്‍ രാമന്‍ മാരാരും ചേര്‍ന്നാണ് പഞ്ചാരിമേളം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. മകയിരം പുറപ്പാടും രോഹിണി വിളക്കും കേമമാണ്. പെരുവനം പൂരത്തിന് രാത്രിയിലെത്തുന്ന അമ്മത്തിരുവടിക്ക് നടവഴിയില്‍ ചാത്തക്കുടം ശാസ്താവുമായുള്ള എഴുന്നള്ളിപ്പ് പ്രസിദ്ധമാണ്. ആറാട്ടുപുഴ പൂരത്തിന്റ തലേദിവസം വൈകീട്ട് തറയ്‌ക്കല്‍ പൂരം കഴിഞ്ഞ് ആറാട്ടുപുഴ ശാസ്താവിനും തൊട്ടിപ്പാള്‍ ഭഗവതിക്കുമൊപ്പം പട്ടിണി ശംഖ്. ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ കാശിവിശ്വനാഥനേയും ഗംഗാദേവിയേയും ക്ഷണിക്കാന്‍ ഊരകത്തമ്മത്തിരുവടിയെ യാത്രയാക്കുന്ന പ്രതീകാത്മക ചടങ്ങാണിത്. പോകുന്ന വഴി കാഞ്ചീപുരത്തും കയറും എന്നാണ് വിശ്വാസം. അന്നേ ദിവസം കാഞ്ചീപുരത്ത് അമ്മന്‍ വരവ് എന്നൊരു ആഘോഷം നടക്കുന്നുണ്ടത്രേ. ആറാട്ടുപുഴ പൂരത്തിന് കൂട്ടിയെഴുന്നള്ളിപ്പില്‍ തൃപ്രയാര്‍ തേവരുടെ ഇടത് വശത്ത് ചാത്തക്കുടം ശാസ്താവിനൊപ്പം അണിചേരുന്നു.

നെട്ടിശ്ശേരി ശാസ്താവ്

പെരുവനം ആറാട്ടു പുഴ പൂരങ്ങളില്‍നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് പലക്ഷേത്രങ്ങളും ഒഴിഞ്ഞുപോയി, തൃശൂര്‍ പൂരത്തിലും കുട്ടനെല്ലൂര്‍ പൂരത്തിലും പങ്കാളികളായെങ്കിലും കൂറുമാറാതെ കൂടെനിന്ന ക്ഷേത്രമാണ് മണ്ണുത്തിക്കടുത്ത നെട്ടിശ്ശേരിശാസ്താക്ഷേത്രം. മീനത്തിലെ മകയിരംനാളിലാണ് കൊടിയേറി തിരുവാതിരക്ക് പൂരം പുറപ്പാട്. തുടര്‍ന്ന് വടക്കേടത്ത് കപ്ലിങ്ങാട്ട് മനക്കലും ഒല്ലൂക്കര പൂതൃക്കോവ് ക്ഷേത്രത്തിലും ഇറക്കിപൂജ. പെരുവനം പൂരത്തിനുപോകുമ്പോള്‍ എടക്കുന്നിയില്‍ എത്തിയാല്‍ ആനയെ മാറ്റി എഴുന്നള്ളിക്കുന്നു. നെട്ടിശ്ശേരി ശാസ്താവിനു മാത്രമാണ് പെരുവനം ക്ഷേത്രത്തില്‍ നിന്ന് നെല്‍പറയുള്ളത്. നെട്ടിശ്ശേരി ശാസ്താവിനെയാണ് പെരുവനം വിളക്കില്‍ ഒന്നാമതായി എഴുന്നള്ളിക്കുന്നത്. വിളക്കിനു ശേഷം ഊരകത്തമ്മത്തിരുവടിയുടെ പെരുവനം ക്ഷേത്ര പ്രദക്ഷിണം കഴിയും വരെ നെട്ടിശ്ശേരി, നാങ്കുളം, കോടന്നൂര്‍ ശാസ്താക്കന്മാര്‍ നിലപാട് നില്‍ക്കുന്നു. ഊരകത്തമ്മത്തിരുവടി പ്രദക്ഷിണം പൂര്‍ത്തിയാക്കി മടങ്ങിയാല്‍ ആദ്യം നെട്ടിശ്ശേരി ശാസ്താവും പിന്നീട് മറ്റുള്ളവരും നിലപാട് തറയില്‍ കയറി നിന്ന് ഇരട്ടയപ്പനോട് ഉപചാരം ചൊല്ലി കിഴക്കേ നടവഴി കൊട്ടിയിറങ്ങി തിരിച്ചു പോകുന്നു. എടക്കുന്നിയില്‍ എത്തിയാല്‍ ആനയെ മാറ്റി എഴുന്നള്ളിച്ച് നെട്ടിശ്ശേരിയിലേക്ക് മടങ്ങുന്നു.

ആറാട്ടുപുഴ പൂരത്തിനുപോകുമ്പോഴും എടക്കുന്നിയില്‍ എത്തിയാല്‍ ആനയെ മാറ്റി എഴുന്നള്ളിച്ച് യാത്ര തുടരുന്നു. ആറാട്ടുപുഴയില്‍ രാത്രി നെട്ടിശ്ശേരി ശാസ്താവിന്റെ പൂരമുണ്ട്. പൂരം കഴിഞ്ഞാല്‍ നെട്ടിശ്ശേരി ശാസ്താവിനെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിക്കുന്നു. അത്തംനാളില്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്ത് നെട്ടിശ്ശേരി ശാസ്താവിനെ എഴുന്നള്ളിച്ച ആന മണ്ണ് കുത്തിയിളക്കുന്ന ചാലിടലുണ്ട്.

മുതല് നോക്കാന്‍പോകുന്ന മേടംകുളങ്ങര ശാസ്താവ്

തൃശൂര്‍ ആമ്പല്ലൂരിനടുത്താണ് മേടംകുളങ്ങര ശാസ്താക്ഷേത്രം. മകയിരം നാളിലാണ് പുറപ്പാട്. തിരുവാതിരനാളില്‍ സന്ധ്യക്ക് മേടംകുളങ്ങര, മാട്ടില്‍, കല്ലേലി ശാസ്താക്കന്‍മാരുടെ സംഗമം മുപ്ലിയം കല്ലേലി ശാസ്താക്ഷേത്രത്തില്‍ നടക്കുന്നത് ഭക്തിസാന്ദ്രമായാണ്. കല്ലേലിയില്‍നിന്നും പോന്നാല്‍ മേടംകുളങ്ങര ശാസ്താവ് മുതല് നോക്കാന്‍ പോകും.

പണ്ടെന്നോ ഈ ക്ഷേത്രത്തില്‍ വലിയ കവര്‍ച്ച നടന്നതുമായി ബന്ധപ്പെട്ടൊരു വിശ്വാസമുണ്ട്. കാവല്ലൂരില്‍ വച്ച് കൊള്ളമുതല്‍ മോഷ്ടാക്കള്‍ പങ്കുവെയ്‌ക്കാന്‍ ആരംഭിച്ചു. നേരം വെളുത്തിട്ടും പങ്കുവയ്‌ക്കല്‍ തീര്‍ന്നില്ല. ഭയംകൊണ്ട് മോഷ്ടിച്ചതൊക്കെ അവിടെയുള്ള ഒരു കിണറ്റില്‍ ഉപേക്ഷിച്ചുപോയത്രേ. ഇതാണ് മേടംകുളങ്ങര ശാസ്താവ് കാവല്ലൂര്‍ക്ക് മുതല് നോക്കാന്‍ പോകുന്ന ചടങ്ങിന്റെ ഐതിഹ്യം. പെരുവനത്ത് ചാത്തക്കുടം ശാസ്താവിന്റെ പൂരം കഴിഞ്ഞാല്‍ മേടംകുളങ്ങര ശാസ്താവും ആറാട്ടുപുഴ ശാസ്താവും കല്ലേലി ശാസ്താവും ഒരുമിച്ച് എഴുന്നള്ളി നടവഴി കൊട്ടികയറുന്നു. ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന മേടംകുളങ്ങര ശാസ്താവ് ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം പറഞ്ഞാണ് തിരിച്ചെഴുന്നള്ളുക.

ഭൂമീദേവിയായ ചേര്‍പ്പ് ഭഗവതി

ആറാട്ടുപുഴ പൂരത്തിന് 28 ദിവസം മുമ്പ് കൊടിമരം നാട്ടുകയും അശ്വതിനാളില്‍ വേലയാഘോഷം നടക്കുകയും ചെയ്യുന്ന ക്ഷേത്രമാണ് ചേര്‍പ്പ് ഭഗവതീക്ഷേത്രം. മകയിരം നാളിലാണ് പൂരം പുറപ്പാട്. പെരുവനത്തെ പടിഞ്ഞാറേ നടകടന്ന് ഇരട്ടയപ്പന്റെ നടയിലെ ബലിക്കല്ലിനു മുന്നിലെത്തുമ്പോള്‍ ചേര്‍പ്പിന്റെ ഊരായ്മക്കാരിലൊരാള്‍ ‘ഇറക്കക്കാരുണ്ടോ?’ എന്ന് മൂന്ന് പ്രാവശ്യം ചോദിക്കുന്നു. ‘ഉണ്ട്’ എന്നു മറുപടി പറഞ്ഞ്, അയ്കുന്ന് ഭഗവതിയെ ചേര്‍പ്പ് ഭഗവതിയുടെ വലതുഭാഗത്ത് കൂട്ടി എഴുന്നള്ളിക്കുന്നു.

ഭഗവതിയെ ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിക്കുന്നത് പൂരംനാളിലാണ്. പുലര്‍ച്ചെ നാലോടെ ആറാട്ടുപുഴ പൂരപ്പാടത്ത് തൃപ്രയാര്‍ തേവരെ പ്രദക്ഷിണം വച്ച് കൂട്ടിയെഴുന്നള്ളിപ്പില്‍ തേവരുടെ വലതുഭാഗത്തായി നില്‍ക്കുന്നു. തേവര്‍ നടുക്കും ചേര്‍പ്പ് ഭഗവതി വലത്തും ഊരകത്തമ്മ ഇടത്തുമായുള്ള എഴുന്നള്ളിപ്പ് അക്ഷരാര്‍ഥത്തില്‍ മഹാവിഷ്ണുവും ഭൂമീദേവിയും ലക്ഷ്മീദേവിയും ചേര്‍ന്നുള്ള വൈകുണ്ഠസംഗമംതന്നെയാണ്. കൂട്ടിയെഴുന്നള്ളത്തിന് ശേഷം ചേര്‍പ്പിലമ്മ ആറാട്ടിനായി അയ്കുന്ന് ഭഗവതിക്കൊപ്പം കരുവന്നൂര്‍ പുഴയിലെ മന്ദാരം കടവിലേക്ക് പോകുന്നു. ആറാട്ടുപുഴ ക്ഷേത്രനടയില്‍ വച്ച് അയ്കുന്ന് ഭഗവതിയുമായി പിരിയുന്നു. ആറാട്ടുപുഴ ശാസ്താവിനോട് ഉപചാരം ചൊല്ലി പിരിയുന്ന ചേര്‍പ്പ് ഭഗവതിയെ ശാസ്താവ് ഏഴുകണ്ടം വരെ അനുഗമിക്കുന്നു. അത്തം നാളില്‍ തിരുവുള്ളക്കാവ് ക്ഷേത്രത്തിലേക്കും തുടര്‍ന്ന് പെരുവനംക്ഷേത്രത്തിലേക്കും എഴുന്നള്ളിക്കും. പെരുവനത്ത് ഇരട്ടയപ്പനോട് ഉപചാരം പറഞ്ഞ് വന്ദിച്ച് മേക്കാവ് ക്ഷേത്രത്തിലൂടെ പ്രദക്ഷിണമില്ലാതെ ചേര്‍പ്പിലേക്ക് മടങ്ങുന്നു.

വിഷഹാരിണിയായ പിഷാരിക്കല്‍ ഭഗവതി

പിഷാരിക്കല്‍ ഭഗവതിയെന്നും കടലായിലമ്മ എന്നും അറിയപ്പെടുന്ന ഭഗവതി വിഷഹാരിണീ ഭാവത്തിലുള്ള ദുര്‍ഗയാണ്. വിഷഹാരിക്കല്‍ എന്നത് ലോപിച്ചാണ് പിഷാരിക്കല്‍ എന്നായി മാറിയത്. ദേവി വിഷഹാരിണിയായി തീര്‍ന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. പണ്ട് കടലായില്‍ മനയ്‌ക്കല്‍ ഒരു വിഷവൈദ്യനുണ്ടായിരുന്നു. അദ്ദേഹത്തെ പരീക്ഷിക്കാന്‍ പരദേശത്തുനിന്നൊരു വിഷവൈദ്യന്‍ എത്തിച്ചേര്‍ന്നു. പരീക്ഷണത്തില്‍ ഗരുഡമന്ത്രം ജപിച്ച് കടലായില്‍ നമ്പൂതിരി വിജയിച്ചെങ്കിലും അദ്ദേഹത്തിന് മനഃസ്താപമുണ്ടായി. അദ്ദേഹം തന്റെ വിഷവൈദ്യ ഗ്രന്ഥങ്ങളും താളിയോലകളും എല്ലാം ദേവിയുടെ മുന്നില്‍ സമര്‍പ്പിച്ച് സാഷ്ടാംഗം നമസ്‌കരിച്ചു. ഇതിനുശേഷമാണത്രേ ഇവിടുത്തെ ദേവി, വിഷഹാരിണി എന്നറിയപ്പെടാന്‍ തുടങ്ങിയത്.

മീനത്തിലെ രോഹിണി നാളില്‍ പൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ ആനകളെ, വീതം വച്ചിരുന്നത് ഇവിടെ വച്ചായിരുന്നു. ഇത് ആനവരവ് എന്ന് അറിയപ്പെട്ടിരുന്നു. ഏകദേശം 100 വര്‍ഷം മുന്‍പ് വരെ ആനവരവ് നടന്നിരുന്നു. മത്സരം നിമിത്തം ചേര്‍പ്പ് ഭഗവതിയും പ്രഭുത്വം കാരണം തൃപ്രയാര്‍ തേവരും മാത്രമാണ് ഇവിടെ നിന്ന് ആനകളെ സ്വീകരിക്കാതിരുന്നത്. മന്ദാരം കടവില്‍ മുഹൂര്‍ത്തം നോക്കി ആറാടുന്ന ഒരേ ഒരു ഭഗവതി പിഷാരിക്കല്‍ ഭഗവതിയാണ്. പൂരം നാളില്‍ ചോതി നക്ഷത്രം ഉച്ചസ്ഥായില്‍ ആകുമ്പോഴാണ് ഈ ആറാട്ട്. ഊരകത്തമ്മത്തിരുവടി ആറാടുന്ന സ്ഥലങ്ങളിലൊക്കെ ആദ്യം പിഷാരിക്കല്‍ ഭഗവതിയുടെ ആറാട്ടുണ്ടാകും. അമ്മത്തിരുവടി ആറാടുന്നതിനു മുന്‍പ് ജലാശയം വിഷവിമുക്തമാക്കാനാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. എവിടെയൊക്കെ ആറാട്ടുണ്ടോ അവിടെയൊക്കെ ആദ്യത്തെ ആറാട്ട് കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിയുടേതാണ്. പെരുവനം നടവഴിയില്‍ ആദ്യം നടക്കുന്ന പൂരം പിഷാരിക്കല്‍ ഭഗവതിയുടെയാണ്. ആറാട്ടുപുഴപൂരദിനത്തില്‍ മന്ദാരം കടവില്‍ പിഷാരിക്കല്‍ ഭഗവതിയുടെ ആറാട്ടിനുശേഷമേ മറ്റ് ദേവിമാരുടെ ആറാട്ടുകള്‍ നടക്കുകയുള്ളൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by