ന്യൂദല്‍ഹി: ബംഗാള്‍ സര്‍ക്കാര്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അറിവുള്ളവരല്ലെന്നും അത് ബോധപൂര്‍വം തകര്‍ക്കുകയാണെന്നും നാഷണല്‍ കമ്മിഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്ഡ്റൈറ്റ്സ് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ആരോപിച്ചു. ബംഗാളിലെ ശിശു സംരക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചതിന് ശേഷം എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു കനുംഗോ.
രജിസ്റ്റര്‍ ചെയ്യാത്ത ശിശുഭവനുകള്‍ക്ക് തൃണമൂല്‍ സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. പോക്സോ നിയമത്തിലെ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സര്‍ക്കാരാണ് മമതാ ബാനര്‍ജിയുടേത്. ബംഗാള്‍ മുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന എല്ലാ സംഭവങ്ങളും ഞങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്.
അതിന്റെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു, പ്രിയങ്ക് കനൂംഗോ പറഞ്ഞു. ബംഗാളില്‍ കുട്ടികളെ കടത്തുന്നത് വര്‍ധിച്ചുവരികയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമാണ്. നിര്‍ധനരായ കുട്ടികള്‍ക്കു വേണ്ടിയെന്ന പേരില്‍ കോട്ടേജ് ഹോംസ് എന്ന സമാന്തര സംവിധാനങ്ങള്‍ നടത്തുകയാണ്, മമതാ സര്‍ക്കാര്‍ ചെയ്യുന്നത്.
കുട്ടികളെ മറയാക്കി സ്ഫോടകവസ്തുനിര്മ്മാണവും വിതരണവും നടത്തുന്നത് കക്ഷിയില്‍പ്പെട്ടവരാണ്. ഇത്തരത്തില്‍ പരിക്കേറ്റ നിരവധി കുട്ടികളെ കണ്ടെത്തി. കുട്ടികള്‍ കളിക്കുമ്പോള്‍ പരിക്കേല്‍ക്കുകയും ജീവന് പോലും നഷ്ടപ്പെടുകയും ചെയ്യുന്നു. വിവരശേഖരണത്തിന് പോലും സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളോട് സഹകരിച്ചില്ല. അതിര്‍ത്തി രക്ഷാ സേനയെ സമീപിക്കേണ്ടിവന്നു. ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബിഎസ്എഫ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നിട്ടും ബംഗാള്‍ ചീഫ് സെക്രട്ടറി ഒരു യോഗം പോലും വിളിക്കുന്നില്ല. കനൂംഗോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: