ചെന്നൈ: കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം (എംഎന്‍എം) സംസ്ഥാന സെക്രട്ടറി അനുഷ രവി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എം മത്സരിക്കുന്നില്ലെന്ന കമല്‍ ഹാസന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് അനുഷ എംഎന്‍എം വിട്ടത്. എക്സിലൂടെയാണ് അനുഷ എംഎന്‍എം വിട്ടകാര്യം അറിയിച്ചത്.
പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഇത്രയും നാള് പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി. നേതൃത്വം നല്കിയ പ്രോത്സാഹനത്തിനും
അര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന പ്രഖ്യാപനം അംഗീകരിക്കാനാവില്ല. ഇതില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയാണ്, അനുഷ പറഞ്ഞു.
ചെന്നൈയിലെ പൊതു ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി എല്‍. മുരുഗനില്‍ നിന്നും അനുഷ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കമല്‍ ഹാസന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഡിഎംകെയുമായുള്ള ധാരണയിലാണ് എംഎന്‍എം ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
ഡിഎംകെയില്‍ നിന്ന് രാജ്യസഭാ സീറ്റ് വാങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതില്‍ എംഎന്‍എം ഭാരവാഹികളിലും പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പിന്മാറുന്നത് പാര്‍ട്ടിയുടെ വികസനത്തിന് വലിയ വിഘാതമാകുമെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ക് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിട്യൂഷന്‍സ് എന്ന സ്ഥാപനം കൂടി ഇവര്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: