ന്യൂദല്‍ഹി: രണ്ടാം വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ മുത്തമിട്ട് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഞായറാഴ്ച നടന്ന ആവേശ ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് സ്മൃതി മന്ഥാനയും സംഘവും കിരീടം നേടിയത്. ഐപിഎല്ലില്‍ നാളിതുവരെ കിരീടം നേടാന്‍ കഴിയാത്ത വിരാട് കോഹ്്ലി ഉള്‍പ്പെടുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ പുരുഷന്മാര്ക്ക് കഴിയാത്ത ചരിത്ര നേട്ടമാണ് രണ്ടാം സീസണില്‍ തന്നെ ചാമ്പ്യന്മാരായി അവരുടെ പെണ്‍പട സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സ് 18.3 ഓവറില്‍ 113 റണ്‍സിന് എല്ലാവരും പുറത്തായി. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച റോയല്‍ ചലഞ്ചേഴ്സ് 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 115 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ദല്‍ഹിക്ക് ലഭിച്ചത്. ഷഫാലി വര്‍മ്മ തകര്‍ത്തടിച്ചപ്പോള്‍ മെഗ് ലാന്നിങ് പിന്തുണ നല്കി. 27 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 44 റണ്‍സെടുത്ത് ഷഫാലി മടങ്ങി. ഒപ്പം ഡല്‍ഹിയുടെ ബാറ്റിങ് തകര്‍ച്ചയും തുടങ്ങി. ജമീമ റോഡ്രിഗ്സിനെയും അലീസ് കാപ്സിയെയും പൂജ്യരായി മടക്കി സോഫി മോളിനക്സ് ആഞ്ഞടിച്ചു. റോയല്‍ ചലഞ്ചേഴ്സിനായി ശ്രേയങ്ക പാട്ടീല്‍ നാലും സോഫി മോളിനക്സ് മൂന്നും ശോഭന ആശ രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് കരുതലോടെ ബാറ്റുചെയ്തു. വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ റണ്‍റേറ്റില്‍ ശ്രദ്ധിച്ച് സ്കോര്‍ ഉയര്‍ത്തി. 39 പന്ത് നേരിട്ടാണ് സ്മൃതി മന്ദാന 31 റണ്‍സ് നേടിയത്. സോഫി ഡിവൈന്‍ 27 പന്തില്‍ 32 റണ്‍സെടുത്തു. ഇരുവരുടെയും വിക്കറ്റുകളാണ് റോയല്‍ ചലഞ്ചേഴ്സിന് നഷ്ടമായത്. എങ്കിലും എല്ലീസ് പെറി 37 പന്തില്‍ 35, റിച്ച ഘോഷ് 14 പന്തില്‍ 17 എന്നിവരുടെ പ്രകടനം റോയല്‍ ചലഞ്ചേഴ്സിന്
കന്നികിരീടം നേടിക്കൊടുക്കുകയായിരുന്നു. സോഫി മോളിനക്സാണ് കളിയിലെ താരം. പരമ്പരയിലെ താരമായി ദീപ്തി ശര്‍മയും തിരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: