ആനകളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് യന്ത്ര ആനയെ നടക്കിരുത്തിയത്. മഹദോവൻ എന്ന് പേരിട്ടിരിക്കുന്ന ആന, ക്രൂരതകളില്ലാതെയും സുരക്ഷിതമായും ക്ഷേത്ര ചടങ്ങുകൾ നടത്താൻ ഉപയോഗിക്കുമെന്ന് പെറ്റ ഞായറാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.
എറണാകുളം കാലടി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി ചലച്ചിത്ര താരം പ്രിയ മണി. ജീവനുള്ള ആനകളെ സ്വന്തമാക്കുകയോ വാടകയ്‌ക്ക് കൊണ്ടുവരികയോ ചെയ്യില്ലെന്ന ക്ഷേത്രത്തിന്റെ തീരുമാനത്തെ തുടർന്നാണ് യന്ത്ര ആനയെ നടക്കിരുത്തിയത്. ജന്തുസ്നേഹികളുടെ സംഘടനയായ പെറ്റയും പ്രിയാമണിയും ചേർന്നാണ്, മഹാദേവ ക്ഷേത്രത്തിന് യഥാർത്ഥ ആനയുടെ വലിപ്പമുള്ള മെക്കാനിക്കൽ ആനയെ സമ്മാനിച്ചത്.
മനുഷ്യനെപ്പോലെ കുടുംബത്തോടൊപ്പം സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാൻ ആഗ്രഹിക്കുന്ന ദൈവം സൃഷ്‌ടിച്ച എല്ലാ മൃഗങ്ങളേയും ആദരിച്ച്, യന്ത്ര ആനയായ മഹാദേവനെ ഉപയോഗിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തൃക്കയിൽ മഹാദേവ ക്ഷേത്രം ഉടമ തെക്കിനിയേടത്ത് വല്ലഭൻ നമ്പൂതിരി പറഞ്ഞു.
കഴിഞ്ഞ വർഷം തൃശൂർ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്ര ഭാരവാഹികൾ, ജീവനുള്ള മൃഗങ്ങളെ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുമെന്ന പ്രതിജ്ഞയുടെ ഭാഗമായി ക്ഷേത്രാചാരങ്ങൾക്കായി യന്ത്ര ആനയെ അവതരിപ്പിച്ചിരുന്നു. ഇതായിരുന്നു കേരളത്തിൽ പുതിയ ഒരു ആശയത്തിന് തുടക്കമിട്ടത്.
സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ, നമ്മുടെ സാംസ്കാരിക ആചാരങ്ങളും പൈതൃകവും നിലനിർത്താൻ മൃഗങ്ങളെ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിയുമെന്ന്, പ്രിയാമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: