ജഗ്തിയാൽ : ഇൻഡി മുന്നണി പ്രകടനപത്രികയിൽ ‘ശക്തി’യെ അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശക്തി’യെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവരും ശക്തിയെ ആരാധിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പിൽ നടക്കാൻ പോകുന്നതെന്ന് അദ്ദേഹം തെലങ്കാനയിലെ ജഗ്തിയാലിൽ സംഘടിപ്പിച്ച റാലിയിൽ പറഞ്ഞു.
തനിക്ക് ഓരോ അമ്മയും ഓരോ മകളും ‘ശക്തി’യുടെ രൂപമാണെന്നും അവരെ താൻ ആരാധിക്കുന്നുവെന്നും മോദി പറഞ്ഞു. ‘ചന്ദ്രയാന്റെ’ വിജയം രാഷ്‌ട്രം ‘ശിവശക്തി’ക്ക് സമർപ്പിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ‘ശക്തി’യെ നശിപ്പിക്കാനാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
” ഞായറാഴ്ച മുംബൈയിൽ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതിന് ശേഷം ഒരു ഇൻഡി സഖ്യ റാലി ഉണ്ടായിരുന്നു. റാലിയിൽ അവർ തങ്ങളുടെ പ്രകടന പത്രിക പ്രഖ്യാപിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ തങ്ങളുടെ പോരാട്ടം ‘ശക്തി’യ്‌ക്കെതിരെയാണെന്ന് അവർ പറഞ്ഞു. എനിക്ക്, ഓരോ അമ്മയും, എല്ലാ മകളും ‘ശക്തിയുടെ രൂപമാണ്, അമ്മമാരേ, സഹോദരിമാരേ, ഞാൻ നിങ്ങളെ ‘ശക്തി’ ആയി ആരാധിക്കുന്നു, ഞാൻ ഭാരത് മായുടെ ‘പൂജാരി’ ആണ്,” -അദ്ദേഹം പറഞ്ഞു.
ഇതു കൂടാതെ ഇൻഡി സഖ്യം അതിന്റെ പ്രകടനപത്രികയിൽ ശക്തിയെ അവസാനിപ്പിക്കും അല്ലെങ്കിൽ നശിപ്പിക്കും എന്ന് പ്രഖ്യാപിച്ചു. അവരുടെ വെല്ലുവിളി ഞാൻ സ്വീകരിക്കുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്‌ക്കായി ഞാൻ എന്റെ ജീവൻ ബലിയർപ്പിക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
തെലങ്കാനയിൽ ബിജെപിക്കുള്ള ജനപിന്തുണ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മോദി വോട്ടെടുപ്പ് ദിവസം അടുക്കുമ്പോൾ തെലങ്കാനയിൽ ബിജെപി തരംഗമാണെന്നും കോൺഗ്രസും ബിആർഎസും ശുദ്ധീകരിക്കപ്പെടുമെന്നും കുട്ടിച്ചേർത്തു.
രാജ്യം മുഴുവൻ പറയുന്നുണ്ട് ജൂൺ നാലിന് 400-ലധികം സീറ്റുകൾ എൻഡിഎയ്‌ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തെലങ്കാനയെ എടിഎം സംസ്ഥാനമാക്കിയെന്ന് ആരോപിച്ച അദ്ദേഹം കൊള്ളയടിച്ച പണം ദൽഹിയിലേക്കാണ് പോകുന്നതെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: