തിരുവനന്തപുരം: നടൻ ടൊവിനോ തോമസിനൊപ്പമുള്ള പോസ്റ്റ് പിൻവലിച്ച് വി.എസ് സുനിൽ കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിച്ചതിൽ നടൻ ടൊവിനോ തോമസ് വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് താരത്തിനൊപ്പം നിൽക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്റർ ഡിലീറ്റ് ചെയ്തത്.
കേരള തെരഞ്ഞെടുപ്പ് കമ്മിഷന്റെ SVEEP അംബാസിഡറാണ് താനെന്നും തന്റെ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാകുമെന്നും ടൊവിനോ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സൂചിപ്പിച്ചതോടെയാണ് നടപടി. തന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ഉപയോഗിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ടൊവിനോ തോമസ് വിശദീകരിച്ചത്. സ്ഥാനാർത്ഥികൾക്ക് തന്റെ വിജയാശംസകൾ നേരുന്നതായും ടൊവിനോ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽകുമാർ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രമുൾപ്പടെയുള്ള പോസ്റ്റിട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു.
താരത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്റര്‍ പ്രചാരണത്തെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/ActorTovinoThomas/posts/960213445466093?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക: