ന്യൂദല്‍ഹി: വലിയ വിദ്യാസമ്പന്നനാണ് ദല്‍ഹി മുഖ്യമന്ത്രി. പക്ഷേ അദ്ദേഹത്തിന് നിയമജ്ഞാനം വട്ടപ്പൂജ്യമാണ്, ബിജെപി നേതാവ് ബാന്‍സുരി സ്വരാജ് പറഞ്ഞു. ഇ ഡി ഒമ്പത് തവണ സമന്‍സ് അയച്ചിട്ടും കേജ്രിവാള് മുങ്ങിനടക്കുകയാണ്. നിയമത്തോട് അനുസരണ കാട്ടാത്ത ഒരാളെങ്ങനെ നാട് ഭരിക്കും, ബാന്‍സുരി ചോദിച്ചു. എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.
ആരോപണങ്ങള്‍ ഗുരുതരമാണ്. മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ 100 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ആപ്പിന്റെ കേജ്രിവാളാണെങ്കില് മറുപടി പറയേണ്ടിവരും. ഇ ഡിയെ ഭയന്ന് ഒളിച്ചുനടന്നുവെന്ന് വിചാരിച്ച് കേസുകള്‍ ഇല്ലാതാവില്ല. സമന്‍സ് അനുസരിക്കുക എന്നത് ഒരു ജനപ്രതിനിധി കാട്ടേണ്ട മിനിമം മര്യാദയാണ്. അത് അനുസരിക്കാതിരിക്കുന്നത് സെക്ഷന്‍ 174 പ്രകാരം കുറ്റകൃത്യമാണ്, ബാന്‍സുരി സ്വരാജ് പറഞ്ഞു.
സമന്‍സുകളില്‍ നിന്ന് ഒളിച്ചോടി അദ്ദേഹം പുതിയ പുതിയ കേസുകള്‍ വിളിച്ചുവരുത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സിയെ അവഹേളിക്കുകയാണ് ദല്‍ഹി മുഖ്യമന്ത്രി ചെയ്യുന്നത്, ബാന്‍സുരി ചൂണ്ടിക്കാട്ടി.
അതിനിടെ ദല്‍ഹി ജല്‍ ബോര്‍ഡ് (ഡിജെബി) കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്രിവാളിന് ഇ ഡി വീണ്ടും സമന്‍സ് അയച്ചു. ഡിജെബിയിലെ അനധികൃത ടെണ്ടറിങ്ങിനെ കുറിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പിഎംഎല്‍എ സെക്ഷന്‍ 50 പ്രകാരമാണ് സമന്‍സ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: