തിരുവനന്തപുരം : പത്തനംതിട്ട കൊല്ലമുളയില്‍നിന്ന് ആറു വര്‍ഷം മുന്‍പ് അപ്രത്യക്ഷയായ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ലോക്കല്‍ പൊലീസിനോ, ക്രൈംബ്രാഞ്ചിനോ ജെസ്‌നയെ കുറിച്ച് ഒരു തെളിവും ലഭിച്ചിട്ടില്ല.
കേരളം, തമിഴ്‌നാട്, കര്‍ണാടക, മുംബയ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.ജെസ്‌ന മതം മാറിയിരിക്കാം എന്ന സംശയത്തില്‍ നേരത്തെ മതം മാറിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച അഖില ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. മതം മാറുന്നവരുടെ രീതികളെക്കുറിച്ച് ചോദിച്ചു മനസിലാക്കി. പാലക്കാട്ട് കാണാതാകുകയും, വീടിനു തൊട്ടടുത്ത് തന്നെയുളള കാമുകന്റെ വീട്ടില്‍ 10 വര്‍ഷം ഒളിവില്‍ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിച്ചു.എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ജെസ്‌നയുടെ കേസുമായി ഒരു താരതമ്യവും ഇല്ലെന്ന് വ്യക്തമായി.
ജെസ്‌നയ്‌ക്ക് സഹപാഠിയായ വിദ്യാര്‍ഥിയോട് പ്രണയമുണ്ടായിരുന്നെങ്കിലും ഈ വിദ്യാര്‍ഥി സുഹൃത്തായി മാത്രമാണ് ജെസ്‌നയെ കണ്ടത്. ഈ വിദ്യാര്‍ഥി മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലുമായിരുന്നുവെന്നത് ജെസ്‌നയ്‌ക്കും അറിയാമായിരുന്നു. ജെസ്‌നയെ കാണാതാകുന്ന 2018 മാര്‍ച്ച് 22ന് തലേദിവസം രാവിലെ ജെസ്‌ന ഈ സഹപാഠിയെ ഫോണ്‍ ചെയ്തു. ജെസ്‌നയുമായി സംസാരിക്കുന്നത് സഹോദരന്‍ വിലക്കിയിരുന്നതിനാല്‍ സഹപാഠി ഫോണ്‍ എടുത്തില്ല. ഇത് തന്റെ അവസാന കോളായിരിക്കുമെന്ന് ജെസ്‌ന സന്ദേശം അയച്ചു.
തുടര്‍ന്ന് സഹപാഠി ഫോണെടുത്തപ്പോള്‍ ഇനി വിളിക്കില്ലെന്ന് കുറച്ചു സമയത്തെ നിശബ്ദതയ്‌ക്കുശേഷം ജെസ്‌ന പറഞ്ഞു. ഫോണ്‍ കട്ട് ചെയ്തശേഷം താന്‍ മരിക്കുമെന്ന് ജെസ്‌ന സന്ദേശമയച്ചു. ഇക്കാര്യം ജെസ്‌നയുടെ സഹോദരിയെ സഹപാഠി അറിയിച്ചു. ഈ വിദ്യാര്‍ഥിയെയും ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫിനെയും പോളിഗ്രാഫ് ടെസ്റ്റിനും ബ്രെയിന്‍ ഇലക്ട്രല്‍ ഓക്‌സിലേഷന്‍ സിഗ്‌നേച്ചര്‍ പ്രൊഫൈലിംഗ് ടെസിറ്റിനും വിധേയമാക്കിയെങ്കിലും കേസ് അന്വേഷണത്തെ സഹായിക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.
2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് 22 വരെയുള്ള ജെസ്‌നയുടെ ഫോണ്‍ രേഖകള്‍ സിബിഐ പരിശോധിച്ചു.ഈ കാലയളവില്‍ ഉണ്ടായിരുന്നത് 417681 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള 1619 കോളുകളാണ് .സഹോദരി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ വിളിച്ചത് സഹപാഠിയായ വിദ്യാര്‍ഥിയെയായിരുന്നു. 234 കോളുകളാണ് സഹപാഠിയെ വിളിച്ചത്. ഒരു ദിവസം രാത്രി ഒരു മണിക്ക് ജെസ്‌ന ഈ സഹപാഠിയെ വിളിക്കുകയും പഠിക്കുകയാണോ എന്ന് അന്വേഷിച്ചപ്പോള്‍ ഉറക്കത്തിലായിരുന്ന വിദ്യാര്‍ഥി ദേഷ്യപ്പെട്ട് ഫോണ്‍ വച്ചതായും ഹോസ്റ്റല്‍ റൂമിലെ സുഹൃത്ത് സിബിഐയ്‌ക്ക് മൊഴി നല്‍കിയിട്ടുണ്ട്.ഈ സഹപാഠിയും ഹോസ്റ്റല്‍ മുറിയിലെ മൂന്നു കൂട്ടുകാരികളുമായാണ് ജെസ്‌നയ്‌ക്ക് കൂടുതല്‍ അടുപ്പമുണ്ടായിരുന്നത്. ജെസ്‌ന പ്രണയിച്ച് ഒളിച്ചോടാനുള്ള സാധ്യത സുഹൃത്തുക്കള്‍ തളളിയിട്ടുണ്ട്.
ജെസ്‌ന മതവിശ്വാസിയായിരുന്നതിനാല്‍ മതപരിവര്‍ത്തനത്തിനും സാധ്യതയില്ല. ആരുമായും അധികം സംസാരിച്ചിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. കീപാഡ് ഫോണായിരുന്നു കൈവശം ഉണ്ടായിരുന്നത്. പഠനത്തില്‍ സമര്‍ഥയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: