ന്യൂദല്‍ഹി: വികസിത ഭാരതത്തിനുള്ള പിന്തുണയും സഹകരണവും തേടി രാജ്യത്തെ പൗരന്മാര്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. എന്റെ പ്രിയ കുടുംബാംഗമേ… എന്ന അഭിസംബോധനയോടെയാണ് കത്ത് ആരംഭിക്കുന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പാണ് പ്രധാനമന്ത്രിയുടെ തുറന്ന കത്ത് അയച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യം വലിയ കുതിച്ചുചാട്ടം നടത്തിയെന്നും വമ്പിച്ച വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്നും മോദി കത്തില്‍ പറയുന്നു. ജനങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച പരിവര്‍ത്തനമാണ് പത്തുവര്‍ഷത്തിനിടെ നമ്മുടെ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ജീവിതനിലവാരം ഉയര്‍ത്താന്‍ നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാര്‍ നടത്തിയ ആത്മാര്‍ത്ഥമായ ശ്രമങ്ങളുടെ ഫലമാണ് ഈ പരിവര്‍ത്തനമെന്ന് കത്ത് ചൂണ്ടിക്കാണിക്കുന്നു.
ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിച്ച് പാരമ്പര്യത്തെയും ആധുനികതയെയും കോര്‍ത്തുവെച്ച് രാഷ്ട്രം മുന്നേറുകയാണ്. സമ്പന്നമായ സംസ്കാരം ആഘോഷിക്കുന്നതോടൊപ്പം രാഷ്ട്രം മുന്നേറുന്നതില്‍ ഓരോ പൗരനും അഭിമാനം കൊള്ളുന്നു.
പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, മാതൃവന്ദന യോജന, ജിഎസ്ടി നടപ്പാക്കല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, നാരി ശക്തി വന്ദന്‍ നിയമം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തുടങ്ങിയ സുപ്രധാന പദ്ധതികളും പ്രസ്ഥാനങ്ങളും രാജ്യത്തെ മാറ്റിമറിച്ചതായി പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്താല്‍ മാത്രമാണ് ഈ പരിവര്‍ത്തനം സാധ്യമായതെന്നും പ്രധാനമന്ത്രി പറയുന്നു.
പൊതുജനപങ്കാളിത്തമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. രാജ്യത്തിന്റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങള്‍ എടുക്കാനും അഭിലഷണീയമായ പദ്ധതികള്‍ ആവിഷ്കരിക്കാനും അവ സുഗമമായി നടപ്പാക്കാനുമുള്ള അപാരമായ കരുത്ത് തനിക്ക് നല്‍കുന്നത് ഈ ജനപിന്തുണയാണ്. രാഷ്ട്രത്തെ ഉയരങ്ങളിലെത്തിക്കുന്ന ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ദൃഢനിശ്ചയം നിറവേറ്റുന്നതിനായി നിര്‍ദ്ദേശങ്ങളും പിന്തുണയും നല്‍കണം. നമ്മള് ഒരുമിച്ച് നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടു പോകുന്നത് തുടരുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: