തിരുവനന്തപുരം: ഏപ്രില്‍ മാസം 5000 കോടി രൂപ കേന്ദ്രത്തില്‍ നിന്നു കിട്ടുമെന്നായതോടെ തടഞ്ഞുവച്ചിരുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് വോട്ടിനു വേണ്ടി ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉത്തരവുകള്‍ ഇറക്കിയത്. സംസ്ഥാനത്തെ റബര്‍ ഉല്പാദന ബോണസ് 170 ല്‍ നിന്ന് 180 രൂപയാക്കി ഉയര്‍ത്തി. ബജറ്റില്‍ പ്രഖ്യാപിച്ച 10 രൂപയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്. കയറ്റുമതി റബറിന് ഇന്‍സെന്റീവ് അനുവദിച്ച് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. അതിനാലാണ് സംസ്ഥാനം പത്ത് രൂപ വര്‍ധിപ്പിച്ച് നല്കാന് ഉത്തരവ് ഇറക്കിയത്.
ജീവനക്കാരുടെ 2024- 25ലെ ലീവ് സറണ്ടര്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കും ഇപിഎഫ് ഇല്ലാത്തവര്‍ക്കും പണമായി ലഭിക്കും. മറ്റുള്ളവര്‍ക്ക് പിഎഫില്‍ ലയിപ്പിക്കും. സാമൂഹ്യസുരക്ഷ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നതിന് സംഘങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് 12.88 കോടി രൂപ അനുവദിച്ചു. ജൂലൈ, ആഗസ്ത് മാസങ്ങളിലെ പെന്ഷന് വിതരണത്തിനുള്ള തുകയാണിത്.
ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി 130 കോടി രൂപ കൂടി അനുവദിച്ചു. ഗുണഭോക്താക്കള്‍ക്ക് ഈ തുക ഉടന്‍ കൈമാറും. 448.34 കോടി രൂപയുടെ അടുത്ത ഗഡു ഹഡ്കോ വായ്പ ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി അനുമതിയും ധനവകുപ്പ് ലഭ്യമാക്കി. നഗര പ്രദേശങ്ങളില്‍ ഭവന നിര്‍മാണത്തിന് ധനസഹായം നല്‍കുന്നതിന് 217.22 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റിയും അനുവദിക്കും. ലൈഫ് മിഷന് വഴി ഇതിനകം അനുവദിച്ച 5,00,038 വീടുകളില്‍ 3,85,145 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിരമിച്ച ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പതിനൊന്നാം പെന്ഷന് പരിഷ്കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചു. 5.07 ലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച് ഉത്തരവിറക്കി. എന്‍എച്ച്എം, ആശ പ്രവര്‍ത്തരുടെ ശമ്പളവും ഓണറേറിയവും വിതരണം ചെയ്യാന്‍ 40 കോടി രുപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: