നാഗ്പൂര്‍: ദേവി അഹല്യാബായ് ഹോള്‍ക്കറുടെ മൂന്നൂറാം ജന്മവാര്ഷികാഘോഷങ്ങളില് ആര്‍എസ്എസ് സജീവമായി പങ്കെടുക്കുമെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മെയ് 31 മുതല്‍ 2025 ഏപ്രില്‍ വരെ ഒരു വര്‍ഷമാണ് അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ ത്രിശതാബ്ദി രാജ്യം കൊണ്ടാടുന്നത്. ഈ കാലയളവില്‍ മഹാറാണിയുടെ ജീവിതദര്‍ശനം സമാജത്തില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അഖിലഭാരതീയ പ്രതിനിധിസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ഗ്രാമീണബാലികയില് നിന്ന് സമര്‍ത്ഥയായ ഭരണാധികാരിയിലേക്കുള്ള വളര്‍ച്ചയാണ് അഹല്യാബായ് ഹോള്‍ക്കറുടേത്. ഇത് എല്ലാ തലമുറയ്ക്കും പ്രേരണ പകരുന്നതാണ്. കര്‍ത്തവ്യപാലനത്തിന്റെയും ലാളിത്യത്തിന്റെയും ധര്‍മ്മനിഷ്ഠയുടെയും ഭരണസാമര്ത്ഥ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും മകുടോദാഹരണമാണ് ആ ജീവിതം.
ഭഗവാന് ശിവന്റെ ആജ്ഞാനുസരണം എന്ന രാജകീയമുദ്രയോടെയാണ് അഹല്യാബായ് ഭരണം നടത്തിയത്. ജനക്ഷേമപ്രവര്‍ത്തനത്തിന്റെ മാതൃകയായിരുന്നു ആ ഭരണം. ഭൂമിയില്ലാത്ത കര്‍ഷകരുടെയും ഭീല്‍ തുടങ്ങിയ വനവാസി സമൂഹത്തിന്റെയും വിധവകളുടെയും ക്ഷേമം റാണി ഉറപ്പാക്കി. കാര്‍ഷിക വികസനം, ജലവിതരണ സംവിധാനം, പരിസ്ഥിതിസംരക്ഷണം, വിദ്യാഭ്യാസം, നീതിനിര്‍വഹണം തുടങ്ങിയവ ആ ഭരണത്തിന്റെ മുഖമുദ്രകളായി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ടു. മറ്റ് നാട്ടുരാജ്യങ്ങളിലുമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളെ സഹായിച്ചു.
ബദരി മുതല്‍ രാമേശ്വരം വരെയും ദ്വാരക മുതല്‍ പുരി വരെയും കടന്നുകയറ്റക്കാര്‍ തകര്‍ത്ത ക്ഷേത്രങ്ങള്‍ നവീകരിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ് അഹല്യാബായ് ഹോള്‍ക്കര്‍ പുണ്യശ്ലോക് എന്ന വിശേഷണം നേടിയതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: