പത്തനംതിട്ട: നിയമ സംവിധാനങ്ങള്‍ പരാജയപ്പെട്ട കേരളത്തില്‍ കോളജ് കാമ്പസുകള്‍ കമ്യൂണിസ്റ്റ് താവളമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ കൊടികുത്തി വാഴുന്നത് അക്രമ രാഷ്ട്രീയമാണ്. കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികളില്‍ പുരോഹിതര്‍ പോലും ആക്രമിക്കപ്പെടുന്നു. സ്ത്രീകളും കുട്ടികളും യുവാക്കളും ഒരുപോലെ അതിക്രമങ്ങള്‍ക്കിരയാകുന്നു. ജനങ്ങള്‍ ഭയപ്പാടിലാണ്.
ഈ ദുരവസ്ഥയില്‍ നിന്നു മോചനം വേണമെങ്കില്‍ എല്‍ഡിഎഫ്, പിന്നെ യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ പോരടിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ദല്‍ഹിയില്‍ തോളോടുതോള്‍ ചേര്‍ന്നു ജനങ്ങളെ വഞ്ചിക്കുന്നു. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സര്‍ക്കാരുകള്‍ മാറി മാറി വരുന്നത് കേരളത്തിനെത്ര നഷ്ടമാണുണ്ടാക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം.
ഈ തെരഞ്ഞെടുപ്പോടെ ഇതിനെല്ലാം മാറ്റം വരുത്താന്‍ കേരളീയര്‍ തയാറാകുമെന്ന് ഉറപ്പുണ്ട്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനു കരുത്തായി ദേശീയ ജനാധിപത്യ സഖ്യം ഒപ്പമുണ്ടാകും, പത്തനംതിട്ടയിലെ പ്രചാരണ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പത്തനംതിട്ട: വികസനക്കുതിപ്പിന്റെ മൂന്നാം താമരക്കാലത്തിന് ഇത്തവണ കേരളവും ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തെരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ എന്‍ഡിഎയുടെ സീറ്റ് 400 കടക്കുമെന്നും ചരിത്ര വിജയത്തില്‍ കേരളവും ഒപ്പമുണ്ടാകുമെന്ന് ഉറപ്പാണെന്നും കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
കേരളത്തില്‍ ഇതുവരെ നടന്നത് അഴിമതിയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം മാത്രമാണ്. ഇതില്‍ മാറ്റം വേണം. ഇരുമുന്നണികളെയും കേരളം ഇത്തവണ തള്ളിക്കളയും. അഴിമതിക്കാര്‍ ഒരിക്കല്‍ അധികാരത്തിനു പുറത്തായാല്‍ അവര്‍ക്ക് പിന്നീടു തിരിച്ചുവരവില്ല.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് 1962ല്‍ അധികാരം നഷ്ടപ്പട്ടതാണ്. പിന്നീട് ഇതുവരെയും അവര്‍ക്കു തിരിച്ചുവരാനായിട്ടില്ല. ഉത്തര്‍പ്രദേശിലും ബിഹാറിലും ഗുജറാത്തിലും അധികാരം നഷ്ടമായ കോണ്‍ഗ്രസ് നാലു പതിറ്റാണ്ടായിട്ടും തിരിച്ചെത്തിയിട്ടില്ല. ഒഡീഷയില്‍ മൂന്നു പതിറ്റാണ്ടായി അവര്‍ അധികാരത്തിനു പുറത്താണ്. കോണ്‍ഗ്രസിന് ഒരു എംപി പോലുമില്ലാത്ത സംസ്ഥാനങ്ങളുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ബംഗാളും ത്രിപുരയും തൂത്തെറിഞ്ഞു. അവര്‍ക്ക് ഇനിയൊരിക്കലും അവിടെ അധികാരത്തിലെത്താന്‍ കഴിയില്ല.
വിദേശ സന്ദര്‍ശനം നടത്തുമ്പോള്‍ കേരളീയ പ്രവാസികളുടെ കഠിനാധ്വാനത്തെക്കുറിച്ച് അവിടത്തെ ഭരണാധികാരികള്‍ സംസാരിക്കാറുണ്ട്. 2022ല്‍ ഭാരതം യുഎഇയുമായി വ്യാപാര കരാര്‍ ഒപ്പുവച്ചു. അതുകൊണ്ട് കോടിക്കണക്കിനു രൂപയുടെ നേട്ടമാണുണ്ടാകുന്നത്. അതിന്റെ ഗുണം യുഎഇയിലെ മലയാളി യുവാക്കള്‍ക്കാണ്.
കേരളീയര്‍ പുരോഗമന ചിന്താഗതിക്കാരാണ്. എല്‍ഡിഎഫും യുഡിഎഫും കാലഹരണപ്പെട്ട ചിന്ത വച്ചുപുലര്‍ത്തുന്നവരാണ്. പത്തൊന്‍പതാം നൂറ്റാണ്ടിനെക്കാള്‍ പിന്നിലാണ് കോണ്‍ഗ്രസിന്റെ ചിന്ത. കാലഹരണപ്പെട്ടതും ഉപയോഗരഹിതവുമായ ആശയം വച്ചുപുലര്‍ത്തുന്നവരാണ് ഇടതുപക്ഷവും. സാംസ്കാരികമായും പുരോഗമനപരമായും കേരളത്തെ മുന്നോട്ടു നയിക്കാന്‍ ഇവര്‍ക്കാകില്ല. മുത്തലാഖിനെതിരേ നിയമം കൊണ്ടുവന്നപ്പോള്‍ ഇവര്‍ ഒരുമിച്ചെതിര്‍ത്തു. ഒബിസി കമ്മിഷനെയും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കു സംവരണം നല്കുന്ന നിയമത്തെയും എതിര്‍ത്തു. എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നതിതാണ്.
റബര്‍ കര്‍ഷകരുടേതടക്കം കേരളത്തിലെ വിവിധ വിഷയങ്ങളില്‍ ഒന്നും ചെയ്യാന്‍ ഇരുമുന്നണികള്‍ക്കും സാധിച്ചിട്ടില്ല. കേരളത്തിലെ യഥാര്‍ത്ഥ ജനവികാരം കേന്ദ്ര സര്‍ക്കാരിലെത്തിക്കാന്‍ എന്‍ഡിഎയ്ക്ക് ഇവിടെ നിന്ന് എംപിമാരുണ്ടാകണം. എന്‍ഡിഎ എംപിമാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ വികസനം ദ്രുതഗതിയിലാകും. ഇതു മോദിയുടെ ഗ്യാരന്റിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് യുവത്വത്തിന്റെ ഊര്‍ജ്ജം നല്‍കാനാണ് ആഗ്രഹം. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: